ഇന്ത്യന്‍ ടെലിവിഷന്‍ പരമ്പരകളുടെ ചരിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'രാമായണം' തിരഞ്ഞെടുപ്പ് കാലത്ത് ദൂരദര്‍ശന്‍ വീണ്ടും സംപ്രേഷണം ചെയ്യുന്നു. ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെയാണ് ദൂരദര്‍ശന്‍ ഇക്കാര്യം അറിയിച്ചത്. എല്ലാ ദിവസങ്ങളിലും വൈകുന്നേരം ആറ് മണിക്കും, പിറ്റേന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് പുനഃസംപേക്ഷണം എന്ന നിലയിലാണ് സീരിയല്‍ ക്രമീകരിച്ചിരിക്കുന്നത്. രാമന്റെ അനുഗ്രഹം നേടു എന്ന തലക്കെട്ടോടെയാണ് ദൂരദര്‍ശന്‍ സീരിയല്‍ സംപ്രേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 1987-ലാണ് രാമാനന്ദ് സാഗറിന്റെ രാമായണം ആദ്യമായി സംപ്രേക്ഷണം ചെയ്തത്.
"ഒരിക്കൽ കൂടി ഭഗവാൻ ശ്രീരാമൻ എത്തി! ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഷോയായ 'രാമായണം' തിരിച്ച് വരുന്നു. രാമാനന്ദ് സാഗറിൻ്റെ രാമായണം ഉടൻ #DDNational-ൽ കാണുക!" എന്നാണ് സീരിയലിന്റെ വീഡിയോ പങ്കുവച്ച് കൊണ്ട് ദൂരദർശൻ എക്‌സ് പോസ്റ്റില്‍ പറയുന്നു.
രാമനായി അരുൺ ഗോവലും സീതയായി ദീപിക ചിഖ്ലിയയും ലക്ഷ്മണനായി സുനിൽ ലാഹ്‌രിയും വേഷമിട്ട രാമായണം കോവിഡ് കാലത്തും ദൂരദര്‍ശന്‍ പുനഃസംപ്രേക്ഷണം ചെയ്തിരുന്നു. പ്രേക്ഷകർക്ക് ആകർഷകമായ വിനോദം നൽകുകയെന്നതാണ് പുനഃസംപ്രേക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് അന്ന് തീരുമാനത്തെ കുറിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിച്ചത്. ലോക്ക്ഡൗണിൽ സംപ്രേക്ഷണം ചെയ്ത സമയത്ത് സീരിയല്‍ വൻ റേറ്റിങ്ങും നേടിയിരുന്നു.
അതേസമയം, സീരിയലില്‍ രാമനായി വേഷമിട്ട അരുൺ ഗോവൽ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മീററ്റിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയായാണ് അരുൺ ഗോവൽ ജനവിധി തേടുന്നത്. ഈ സമയത്ത് രാമായണം വീണ്ടും ജനങ്ങളിലേക്ക് എത്തുന്നത് പുതിയ ചര്‍ച്ചകളക്കും തുടക്കമിട്ടേക്കാം.
വിവാദ ചിത്രം 'ദ കേരള സ്റ്റോറി' കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്തത ദൂരദര്‍ശന്‍ നടപടി വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. കേരളത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രമേയം അവതരിപ്പിച്ച പ്രൊപ്പഗണ്ട സിനിമ വെള്ളിയാഴ്ച രാത്രിയായിരുന്നു സംപ്രേഷണം ചെയ്തത്. 'ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ' എന്ന വിശേഷണത്തോടെയാണ് ദൂരദർശൻ സിനിമ സംപ്രേഷണം സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചിത്രം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെയും നിരവധി പ്രൊപ്പഗണ്ട സിനിമകൾ ചെയ്തതിനു വിമർശനങ്ങൾ നേരിട്ടുള്ള സുദീപ്‌തോ സെന്‍ തയ്യാറാക്കിയ കേരള സ്റ്റോറിയ്ക്ക് എതിരെ നേരത്തെയും സംസ്ഥാനത്ത് വ്യാപക വിമര്‍ശനം നേരിട്ടിരുന്നു.