INDIA

അസഭ്യവര്‍ഷങ്ങളില്‍ രമേശ് ബിധുരി മുന്‍പും കുപ്രസിദ്ധന്‍; ഇരയായത്‌ സോണിയ ഗാന്ധി മുതല്‍ കെജ്രിവാള്‍ വരെ

അധിക്ഷേപവുമായി ബന്ധപ്പെട്ട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എം പി ഡാനിഷ് അലി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ചിട്ടുമുണ്ട്.

വെബ് ഡെസ്ക്

സമാജ്‌വാദി പാര്‍ട്ടി എം പി ഡാനിഷ് അലിക്കെതിരെ വംശീയാധിക്ഷേപവും വ്യക്തിഹത്യയും നടത്തിയ ബിജെപി നേതാവും ഡല്‍ഹി എം പിയുമായ രമേശ് ബിധുരിക്കെതിരെ പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധങ്ങള്‍ ഉയരുകയാണ്. എന്നാല്‍ ഇയാള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ ബിജെപി ഇതുവരെ തയാറായിട്ടില്ല. ഡാനിഷ് അലിയെ പാര്‍ലമെന്റില്‍ തീവ്രവാദിയെന്നും ജിഹാദിയെന്നും വിളിച്ച ശേഷമാണ് ഇയാള്‍ കനത്ത സഭ്യവര്‍ഷം നടത്തിയത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള സംഭവമായി ബന്ധപ്പെട്ട് ബിധുരിക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഇതിനിടെ ബിധുരിയുടെ മുന്‍കാല ചരിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇയാള്‍ അസഭ്യവര്‍ഷത്തിന്റെ പേരില്‍ വിവാദത്തിലാവുന്നത് ഇതാദ്യമായല്ല. 2015ല്‍ അഞ്ച് വനിതാ എംപിമാരാണ് ബിധുരി തങ്ങള്‍ക്കെതിരെ അധിക്ഷേപകരവും ലൈംഗികാതിക്രമവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. രഞ്ജീത് രഞ്ജന്‍ (കോണ്‍ഗ്രസ്), സുസ്മിത ദേവ് (അന്ന് കോണ്‍ഗ്രസില്‍), സുപ്രിയ സുലെ (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി), അര്‍പ്പിത ഘോഷ് (തൃണമൂല്‍ കോണ്‍ഗ്രസ്), പികെ ശ്രീമതി ടീച്ചര്‍ (സിപിഐ-എം) എന്നിവരായിരുന്നു അഞ്ച് എംപിമാര്‍.

നമസ്‌കാര്‍ കൊറോണയെ തടയുക, അല്ലാതെ സലാം അല്ല

2020ല്‍, ആഗോളതലത്തില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, ബിധുരി നടത്തിയ പരാമര്‍ശവും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. 'നമസ്‌കാര്‍' ഉപയോഗിച്ച് ആളുകളെ അഭിവാദ്യം ചെയ്യുന്നതിലൂടെ വൈറസ് പടരുന്നത് തടയാനാകുമെന്നും അത് ഇന്ത്യന്‍ സംസ്‌കാരമാണ്, 'അഡാബ്'(സലാം)ഉപയോഗിച്ചല്ല. എന്നായിരുന്നു ബിധുരിടെ പരാമര്‍ശം.

ചരിത്രപരമായ കര്‍ഷക പ്രതിഷേധത്തെ ഇകഴ്ത്തികാട്ടിയ ബിധുരിയന്‍ പരാമര്‍ശം

കര്‍ഷക സമരം കാനഡ സ്‌പോണ്‍സര്‍ ചെയ്തതാണെന്നായിരുന്നു ബിധുരി ആരോപിച്ചിരുന്നത്. ബിധുരി കര്‍ഷകര്‍ക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും അവരെ 'പിമ്പുകള്‍' എന്ന് വിളിക്കുകയും ചെയ്തതായി എഎപിയുടെ രാഘവ് ഛദ്ദ ആരോപിച്ചിരുന്നു. എന്നാല്‍ ബിധുരി ഈ പ്രസ്താവന നിഷേധിച്ചു, താന്‍ യഥാര്‍ത്ഥത്തില്‍ തലൂ എന്നാണ് വിളിച്ചത്, അത് ഉപയോഗശൂന്യമോ വിലകെട്ടതോ എന്ന് വിവര്‍ത്തനം ചെയ്യുന്നു എന്നായിരുന്നു വിശദീകരണം. എന്നാല്‍ കര്‍ഷക സമരങ്ങള്‍ സ്പോണ്‍സര്‍ ചെയ്തതാണെന്നും ബിധുരി പറഞ്ഞു.

അരവിന്ദ് കെജ്രിവാളിനെതിരായ പിമ്പ് പരാമര്‍ശം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിമ്പ് (സ്ത്രീകളെ കൂട്ടിക്കൊടുപ്പുകാരന്‍) എന്ന് വിളിച്ച് ബിധുരി പരസ്യമായി അധിക്ഷേപിച്ചിട്ടുണ്ട്. 2019ല്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് അടക്കം പങ്കെടുത്ത ഒരു പൊതുയോഗത്തിലായിരുന്നു ഈ പ്രയോഗം. സംഭവത്തില്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് കമീഷന്‍ രമേശ് ബിധുരിക്ക് നോട്ടീസ് അയച്ചിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷവും ബിധുരി കെജ്രിവാളിനെതിരെ അധിക്ഷേപങ്ങള്‍ തുടരുന്നു. കഴിഞ്ഞ മാസം ട്വിറ്ററില്‍, ' ബോണ (കുള്ളന്‍) ദുര്യോധനന്‍' എന്ന അധിക്ഷേപ പരാമര്‍ശവും നടത്തയിരുന്നു.

2017ല്‍ സോണിയക്കെതിരെ

2017ല്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെയായിരുന്നു ബിധുരിയുടെ അസഭ്യവര്‍ഷം. മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു?എന്ന സോണിയയുടെ പ്രസംഗത്തിന് മറുപടിയായിട്ടായിരുന്നു ബിധുരിയുടെ വിവാദ പരാമര്‍ഷം. ബിഎസ്പി അധ്യക്ഷ മായാവതിയെയും വിമര്‍ശനത്തിന്റെ ഭാഗമാക്കി. കല്യാണം കഴിഞ്ഞ് 5-7 മാസത്തിനുള്ളില്‍ പ്രസവിക്കുന്നത് ഇറ്റലിയി?ലെ സംസ്‌കാരം ആയിരിക്കും. ഇത്തരം സംസ്‌കാരം ഒന്നുകില്‍ മായാവതിയുടെ വീട്ടിലോ കോണ്‍ഗ്രസ് കുടുംബത്തിലോ ഉണ്ടാകും, പക്ഷേ, നമ്മുടെ ഇന്ത്യന്‍ സംസ്‌കാരത്തില്‍ അങ്ങനെയല്ല' എന്നായിരുന്നു പരാമര്‍ശം.

ഷഹീന്‍ ബാഗ് പ്രതിഷേധങ്ങളില്‍

ഷഹീന്‍ ബാഗ് പ്രതിഷേധത്തിന് പിന്നില്‍ എഎപി നേതാവ് മനീഷ് സിസോദിയയാണെന്നും. ലഹളക്കാരെ തടയാന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ വോട്ട് ചെയ്യണം... ആരാണ് കലാപകാരികളെ തടയുന്നത്, ആരാണ് അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് എന്ന് പരിഗണിച്ച് വോട്ട് ചെയ്യണം എന്നുമായിരുന്നു പരാമര്‍ശം.

പാര്‍ലമെന്റിലെ മുദ്രാവാക്യം

മാര്‍ച്ചില്‍ ബജറ്റ് സമ്മേളനത്തിനിടെ 'പപ്പു കോ സദ്ബുദ്ധി ദോ' എന്ന് ആക്രോശിക്കുന്ന ബിധുരിയുടെ വീഡിയോ ക്ലിപ്പ് വൈറലായിരുന്നു. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ജമ്മു കശ്മീരിന് വേണ്ടിയുള്ള ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ബിധുരി ഇത് ആക്രോശിക്കുന്നത് സ്വന്തം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകന്റെ പ്രസംഗം ബിധുരി എങ്ങനെയാണ് മുദ്രാവാക്യം വിളിച്ച് തടസ്സപ്പെടുത്തുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടി.

ബിധുരിക്കെതിരായ മുന്‍കാല കേസുകള്‍

ബിധുരിക്കെതിരെ നേരത്തെ രണ്ട് കേസുകള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടിലും കുറ്റവിമുക്തനാക്കപ്പെട്ടു. 2004ല്‍ ഒരു ചടങ്ങിനിടെ ഒരാളെ ആക്രമിച്ചതിനും റിവോള്‍വര്‍ കാട്ടി ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. 2019ല്‍ ഡല്‍ഹി കോടതി കേസില്‍ കുറ്റവിമുക്തനാക്കി. 2006-ല്‍ ബിധുരിയ്ക്കൊപ്പം ബിജെപി നേതാക്കളായ വിജയ് ഗോയല്‍, വിജയ് ജോളി, ബല്‍കിഷന്‍ എന്നിവര്‍ക്കെതിരെ പ്രതിഷേധത്തിനിടെ കലാപമുണ്ടാക്കുകയും പോലീസുകാരെ ആക്രമിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്ത കേസില്‍ കുറ്റം ചുമത്തിയിരുന്നു. 2018ല്‍ ഡല്‍ഹി കോടതി പ്രതികളെ വെറുതെവിട്ടു.

പ്രശശ്ത നാടകകൃത്ത് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍