ബലാത്സംഗക്കേസ് പ്രതിയും സ്വയം പ്രഖ്യാപിത ആൾ ദൈവവുമായ നിത്യാനന്ദയുടെ 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ' എന്ന സാങ്കല്‍പ്പിക രാഷ്ട്രവുമായി 30-ലധികം അമേരിക്കൻ നഗരങ്ങൾക്ക് സാംസ്കാരിക പങ്കാളിത്തമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. സാംസ്കാരിക സഹകരണം രേഖപ്പെടുത്തിക്കൊണ്ടുള്ള കരാറില്‍ വിവിധ നഗരങ്ങള്‍ ഒപ്പുവച്ചിരുന്നു. നെവാര്‍ക്, റിച്ച്മണ്ട്, വിർജീനിയ, ഡേടൺ, ഒഹിയോ, ബ്യൂണ പാർക്ക്, ഫ്ലോറിഡ തുടങ്ങിയ നഗരങ്ങളും കൈലാസവുമായി ഒപ്പുവെച്ച നഗരങ്ങളിൽ ഉൾപ്പെടുന്നു. മിക്ക നഗരങ്ങളും കരാര്‍ സത്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ന്യൂ ജെഴ്സിയിലെ നെവാർക് നഗരവും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയും 'സിസ്റ്റർ സിറ്റി' കരാർ ജനുവരി 12 നാണ് ഒപ്പു വച്ചത്. നെവാർക്കിലെ സിറ്റി ഹാളിലാണ് ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നത്.
''കൈലാസത്തെ ചുറ്റിപ്പറ്റിയുള്ള യാഥാര്‍ഥ്യം അറിഞ്ഞപ്പോൾ തന്നെ നെവാർക് നഗരം ഉടൻ നടപടിയെടുത്തു. ജനുവരി 18ന് സിസ്റ്റർ സിറ്റി കരാർ റദ്ദാക്കി. പരസ്പര ബന്ധം, പിന്തുണ, ബഹുമാനം എന്നിവ സമ്പന്നമാക്കുന്നതിനായി വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ആളുകളുമായി പങ്കാളികളാകുന്നതിന്റെ ഭാഗം മാത്രമായിരുന്നു കരാര്‍ '' - സിറ്റി കമ്മ്യൂണിക്കേഷൻസ് മാധ്യമ വിഭാഗം സെക്രട്ടറി സൂസൻ ഗരോഫാലോ വ്യക്തമാക്കി. മേയർമാരും സിറ്റി കൗൺസിലുകളും മാത്രമല്ല, ഫെഡറൽ സര്‍ക്കാരുകളുടെ ഭാഗമായവരും വ്യാജ രാഷ്ട്രത്തിന്റെ പിടിയിൽ വീണുെതായും റിപ്പോർട്ടുണ്ട്. കാലിഫോർണിയയിലുള്ള ഹൗസ് അപ്രോപ്രിയേഷൻ കമ്മിറ്റിയിലെ വനിത അംഗമായ നോർമ ടോറസ് ഉള്‍പ്പെടെ കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങൾ നിത്യാനന്ദയുടെ കൈലാസത്തിന് പ്രത്യേക അംഗീകാരം നൽകിയതായാണ് വിവരം.
കഴിഞ്ഞ മാസം ജനീവയിൽ നടന്ന രണ്ട് യുഎൻ മീറ്റിങ്ങുകളില്‍ യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസ പ്രതിനിധികൾ പങ്കെടുത്തിരുന്നു. 'തീരുമാനം എടുക്കുന്ന സംവിധാനങ്ങളിൽ സ്ത്രീകളുടെ തുല്യമായ സാന്നിധ്യവും പ്രാതിനിധ്യവും' എന്നതിനെക്കുറിച്ച് ഫെബ്രുവരി 22 ന് നടന്ന ഒരു പൊതു ചർച്ചയിലും ' സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശ'ങ്ങളെക്കുറിച്ച് ഫെബ്രുവരി 24ന് നടന്ന ചർച്ചയിലുമാണ് അവര്‍ പങ്കെടുത്തത്. കൈലാസം രാജ്യത്തിന്റെ പ്രതിനിധിയായി മാ വിജയപ്രിയ നിത്യാനന്ദ യുഎന്നിന്റെ വേദിയിലെത്തിയത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നിത്യാനന്ദയും യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസവും ചര്‍ച്ചയില്‍ വന്നത്.
ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകല്‍, കുട്ടികളെ അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിരവധി ക്രിമിനല്‍ കേസുകളാണ് നിത്യാനന്ദയെന്ന സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തിന്റെ പേരിലുള്ളത്. നാല് ലക്ഷം ഡോളറിന്റെ തട്ടിപ്പിന് ഫ്രഞ്ച് പോലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്.