INDIA

ഉപമുഖ്യമന്ത്രിയായി ഉദയനിധി, ഡിഎംകെയില്‍ തലമുറമാറ്റം; ദ്രാവിഡ രാഷ്ട്രീയം ഇനിയെങ്ങോട്ട്?

കരുണാനിധി എന്ന തണലില്‍ നിന്നും പുറത്തുവന്ന് ഡിഎംകെയും സര്‍ക്കാരിനെയും നയിച്ച മികവ് തെളിയിച്ചാണ് സ്റ്റാലിൻ തലമുറമാറ്റത്തിന് പച്ചക്കൊടി വീശുന്നത്

പൊളിറ്റിക്കൽ ഡെസ്ക്

1949 സെപ്തംബര്‍ 17, തമിഴ്നാട് രാഷ്ട്രീയത്തിലെ നിര്‍ണായക രാഷ്ട്രീയത്തിന്റെ മുഖം ചിത്രം മാറ്റിയെഴുതിയ ഒരു മുന്നേറ്റത്തിന് തുടക്കം കുറിച്ച ദിനം. ആദ്യം ദ്രവീഡിയന്‍ പ്രോഗ്രസീവ് ഫെഡറേഷന്‍ എന്ന പേരില്‍ തുടങ്ങി ഡിഎംകെ എന്ന പേരില്‍ ദേശീയ രാഷ്ട്രീയത്തെ പോലും വരുതിയില്‍ നിര്‍ത്തിയ ദ്രാവിഡ മുന്നേറ്റം വജ്ര ജൂബിലി നിറവിലാണ്.

സി എന്‍ അണ്ണാദുരൈയില്‍ തുടങ്ങുന്ന ഡിഎംകെയുടെ ചരിത്രം വജ്രജൂബിലി ആഘോഷ വേളയില്‍ മറ്റൊരു തലമുറമാറ്റത്തിന് കൂടി സാക്ഷിയാവുകയാണ്. എം കെ സ്റ്റാലിന് ശേഷം ഉദയനിധി സ്റ്റാലിന്‍ ഡിഎംകെയുടെ മുഖമായി മാറുന്നു. നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരുന്ന ഉദയനിധി ഇന്ന് ഉപമുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി അധികാരമേറ്റു. രാജ്യത്തിന് മുന്നില്‍ ദ്രവീഡിയന്‍ രാഷ്ട്രീയ മാതൃക അവതരിപ്പിച്ച് മുക്കാല്‍ നുറ്റാണ്ട് നീണ്ട ഡിഎംകെയുടെ ചരിത്രം ഒടുവില്‍ കരുണാനിധി കുടുംബ രാഷ്ട്രീയമായി പുരോഗമിക്കുന്ന കാഴ്ചയ്ക്ക് കൂടിയാണ് രാജ്യം സാക്ഷിയാകുന്നത്.

പുതുതലമുറയ്ക്ക് വഴിതുറന്ന് നല്‍കുമ്പോള്‍ തമിഴ്നാട് രാഷ്ട്രീയത്തിലും മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങുകയാണ്. നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. സിനിമയും സാഹിത്യവും ഇഴചേര്‍ന്നു നില്‍ക്കുന്ന ദ്രാവിഡ രാഷ്ട്രീയം ഇനിയെങ്ങോട്ട് എന്ന് ചോദ്യവും പ്രസക്തമാണ്.

1957ലെ ആദ്യ തിരഞ്ഞെടുപ്പില്‍ 15 സീറ്റ് മാത്രം നേടി അധികാര രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച ഡിഎംകെയുടെ പ്രധാന എതിരാളി കോണ്‍ഗ്രസ് ആയിരുന്നു. 75 വര്‍ഷങ്ങള്‍ക്കിപ്പുറം പുതുതലമുറയ്ക്ക് വഴിതുറന്ന് നല്‍കുമ്പോള്‍ തമിഴ്നാട് രാഷ്ട്രീയത്തിലും മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങുകയാണ്. നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. സിനിമയും സാഹിത്യവും ഇഴചേര്‍ന്നു നില്‍ക്കുന്ന ദ്രാവിഡ രാഷ്ട്രീയം ഇനിയെങ്ങോട്ട് എന്ന് ചോദ്യവും പ്രസക്തമാണ്.

സ്റ്റാലിന് പിന്‍മുറക്കാരനായി തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവരുമ്പോള്‍ ഡിഎംകെ നേതാക്കളുടെ പട്ടികയിലേക്ക് ഒരു ഈസി വാക്കോവര്‍ കൂടിയാണ് ഉദയനിധി സ്റ്റാലിന് ലഭിക്കുന്നത്. മുന്‍ഗാമികള്‍ നേരിട്ട രാഷ്ട്രീയ പ്രതിസന്ധികള്‍ ഉദയനിധിക്ക് നേരിടേണ്ടി വന്നിട്ടില്ല, മുന്നില്‍ പുതിയ പ്രതിസന്ധികളും ശക്തമല്ല. അണ്ണാ ദുരൈ മുതല്‍ എം കെ സ്റ്റാലിന്‍ വരെയുള്ള നേതാക്കള്‍ തെളിച്ച വഴിയിലൂടെ ഉറപ്പിച്ച കസേരയില്‍ ഇരിക്കുകമാത്രമാണ് ഉദയനിധിക്ക് ചെയ്യാനുള്ളത്.

ദ്രാവിഡ വികാരം മുതല്‍ സ്വാതന്ത്ര്യ ദിനാചരണം വരെയുള്ള വിഷയങ്ങളില്‍ ഇവി രാമസ്വാമി നായിക്കരോട് ആശയപരമായ പോരാട്ടം നടത്തിയായിരുന്നു സി എന്‍ ആണ്ണാദുരൈ ഡിഎംകെ എന്ന പ്രസ്താനത്തിന് അടിത്തറപാകുന്നത്. അധികാര കൈമാറ്റം നടന്ന 1947 ഓഗസ്റ്റ് 15 നെ ഇവിആര്‍ വിശേഷിപ്പിച്ചത് ബ്രിട്ടീഷുകാര്‍ ബനിയ, ബ്രാഹ്‌മണന്‍ വിഭാഗക്കാരുമായി ധാരണയുണ്ടാക്കി നടപ്പിലാക്കിയ ദിവസം എന്നായിരുന്നു. ഓഗസ്റ്റ് 15 എന്നത് ചരിത്രപ്രധാനമായ ദിവസമാണെന്നും ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധപിടിച്ചുപറ്റിയ സംഭവമാണെന്നുമായിരുന്നു അണ്ണാദുരൈയുടെ വിലയിരുത്തല്‍. കൊളോണിയലിസത്തിനെതിരാണ് തങ്ങളെന്നും സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന കാര്യത്തില്‍ മറ്റാരുടെയും പിന്നിലല്ലെന്നും സ്ഥാപിക്കുകയായിരുന്നു അണ്ണാദുരൈ. ഇതടക്കമുള്ള വിവിധ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അണ്ണാദുരൈ ഇ വി ആറുമായി അകലുന്നതും ഡിഎംകെ എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതും. ഇവിആറുമായി അകന്നുവെങ്കിലും ദ്രാവിഡരാഷ്ട്രീയത്തെ കൂടുതല്‍ പ്രയോഗികമാക്കി വികസിപ്പിക്കുകയാണ് അണ്ണാദുരൈ ചെയ്തത്.

അണ്ണാദുരൈയുടെ മരണത്തിന് ശേഷം പാര്‍ട്ടിയുടെ സാരഥ്യമേറ്റെടുത്ത മുത്തുവേല്‍ കരുണാനിധി എന്ന എം കരുണാനിധിയുടെ രാഷ്ട്രീയ ജീവിതവും പോരാട്ടങ്ങളുടേതായിരുന്നു. 1953ല്‍ തമിഴ്‌നാട്ടിലെ കല്ലക്കുടി എന്ന റെയില്‍വേ സ്റ്റേഷന്റെ പേര് ഡാല്‍മിയപുരം എന്നാക്കി മാറ്റുന്നതിനെതിരെയുള്ള പ്രക്ഷോഭം നയിക്കാന്‍ ഡിഎംകെ നിയോഗിച്ചത് കരുണാനിധിയെ ആയിരുന്നു. സമരമാരംഭിച്ച ജൂലൈയില്‍ കരുണാനിധി പാര്‍ട്ടി പ്രവര്‍ത്തകരുടെ തോളില്‍ കയറി സ്റ്റേഷനിലെ 'ഡാല്‍മിയപുരം' നെയിംബോര്‍ഡിന് മുകളില്‍ 'കല്ലക്കുടി' എന്ന് തമിഴ് പോസ്റ്റര്‍ ഒട്ടിച്ചു. തുടര്‍ന്ന്, സമീപമുള്ള റെയില്‍വേ ട്രാക്കിന് കുറുകെ കിടന്ന കരുണാനിധിയെയും മറ്റ് നാല് ഡിഎംകെ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കരുണാനിധിയെയും മറ്റുള്ളവരെയും അഞ്ച് മാസത്തെ കഠിനതടവിന് കോടതി ശിക്ഷിച്ചു. കരുണാനിധി എന്ന കരുത്തുറ്റ നേതാവിനെ രാജ്യം തിരിച്ചറിഞ്ഞ സമരം കൂടിയായിരുന്നു അത്.

പിന്നീട് ഹിന്ദി വിരുദ്ധ സമരം, എംജിആര്‍, ജയലളിത തുടങ്ങിയ നേതാക്കള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍. അറസ്റ്റ്, ജയില്‍ വാസം സംഭവ ബഹുലമായിരുന്നു കരുണാനിധിയുടെ രാഷ്ട്രീയ കാലം. 1999 നും 2004 നും ഇടയില്‍ കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനു നല്‍കിയ പിന്തുണ ഡിഎംകെ മുന്നോട്ട് വച്ച ആശങ്ങളില്‍ നിന്നുള്ള വ്യതിചലനം കൂടിയായിരുന്നു. ജയലളിതയുടെ അഴിമതിയാണ് വര്‍ഗീയതയുടെ രാഷ്ട്രീയത്തെക്കാള്‍ നാടിന് അപകടമെന്നായിരുന്നു അന്നത്തെ ന്യായം. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട 1980 കളുടെ മധ്യത്തില്‍ മുഖ്യമന്ത്രി പദം വരെ രാജിവച്ച് കരുണാനിധിയെടുത്ത നിലപാട് സമാധാനം പുനസ്ഥാപിക്കുന്നതില്‍ ഏറെ നിര്‍ണായകമായിരുന്നു.

ജയലളിതയുടെ രാഷ്ട്രീയ കാലവും അവസാനിക്കുകയും തമിഴ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി ഡിഎംകെ വളരുകയും ചെയ്ത സമയത്താണ് പാര്‍ട്ടിയെ നയിക്കാന്‍ എം കെ സ്റ്റാലിന്‍ എത്തുന്നത്. ഇപ്പോഴത്തെ മുഖ്യമന്ത്രിയും കരുണാനിധിയുടെ പിന്മുറക്കാരനുമായ എം.കെ.സ്റ്റാലിന്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായ സ്വാധീന ശക്തിയായും പ്രതിപക്ഷ നിരയിലെ പ്രധാന പാര്‍ട്ടിയായി ഡിഎംകെ വളരുകയും ചെയ്തിരിക്കുന്നു.

ജയലളിതയുടെ രാഷ്ട്രീയ കാലവും അവസാനിക്കുകയും തമിഴ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി ഡിഎംകെ വളരുകയും ചെയ്ത സമയത്താണ് പാര്‍ട്ടിയെ നയിക്കാന്‍ എം കെ സ്റ്റാലിന്‍ എത്തുന്നത്.

തോറ്റ് തുടങ്ങിയ സ്റ്റാലിന്‍

പതിനാലാം വയസുമുതല്‍ ഡിഎംകെയുടെ സന്തത സഹചാരിയാണ് എം കെ സ്റ്റാലിന്‍. 1967 ലെ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു രാഷ്ട്രീയ യാത്രയുടെ തുടക്കം. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 1973 ല്‍ ഡിഎംകെ ജനറല്‍ കമ്മിറ്റിയില്‍ അംഗമായി. പിന്നാലെയെത്തിയ അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ച സ്റ്റാലിന്‍ അധികാര രാഷ്ട്രീയത്തിലേക്ക് എത്താന്‍ രണ്ട് പതിറ്റാണ്ടിന്റെ പ്രവര്‍ത്തനം വേണ്ടിവന്നു.

1984 ല്‍ ഡിഎംകെ യൂത്ത് വിങ്ങ് സെക്രട്ടറി സ്ഥാനം. അതേവര്‍ഷം തന്നെ ആദ്യ തിഞ്ഞെടുപ്പ് പോരാട്ടത്തിനും സ്റ്റാലിന്‍ ഒരുങ്ങി. ചെന്നൈ തൗസ് ലൈറ്റ് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. രണ്ടാമൂഴത്തില്‍ വിജയം കണ്ട സ്റ്റാലിന്‍ 1989 ല്‍ എഐഎഡിഎംകെയുടെ തമ്പിദുരൈയെ പരാജയപ്പെടുത്തി ചെന്നൈ തൗസന്‍ഡ് ലൈറ്റ്‌സ് നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. 1991 ല്‍ തമിഴ്‌നാടില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ തൗസ് ലൈറ്റ് മണ്ഡലത്തില്‍ നിന്ന് വീണ്ടും പരാജയം. അഞ്ച് വര്‍ഷത്തിന് ശേഷം 1996 തിരഞ്ഞെടുപ്പില്‍ ചെന്നൈ തൗസന്‍ഡ് ലൈറ്റ്‌സ് മണ്ഡലത്തെ പ്രതിനിധീകരിച്ച് വീണ്ടും എംഎല്‍എയായി.

ഇതേവര്‍ഷം തന്നെ ചെന്നൈ മേയറായും സ്റ്റാലിന്‍ തിരഞ്ഞെടുക്കപ്പെട്ടു. എം കെ സ്റ്റാലിന്റെ ജീവിതത്തിലെ വഴിത്തിരിവായാണ് ചെന്നൈ മേയര്‍ സ്ഥാനത്തെ കാണുന്നത്. 1996 ലാണ് അദ്ദേഹം ചെന്നൈ മേയര്‍ ആകുന്നത്. 2002 -ല്‍ മേയര്‍ പദവിയില്‍ രണ്ടാമൂഴവും സ്റ്റാലിന്‍ നേടി. മേയര്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനം സ്റ്റാലിന് ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ടാക്കി കൊടുത്തത്. 2006-ല്‍ കരുണാനിധി മന്ത്രിസഭയില്‍ അദ്ദേഹം അംഗമായി. ഡിഎംകെ നേതാവായി പ്രവര്‍ത്തനം തുടങ്ങി 30 വര്‍ഷത്തിന് ശേഷമായിരുന്നു ഈ നേട്ടം. അക്കാലത്തും കരുണാനിധിയുടെ കീഴില്‍ കൃത്യമായ നിരീക്ഷണത്തിലൂടെ ആയിരുന്നു സ്റ്റാലിന്റെ പ്രവര്‍ത്തനം.

ഉദയനിധിയുടെ ഉദയം

കേവലം ഒന്നരവര്‍ഷം മാത്രം നീണ്ട സജീവ രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമായിരുന്നു എം കെ സ്റ്റാലിന്‍ മന്ത്രിസഭയില്‍ എത്തുമ്പോള്‍ ഉദയനിധി സ്റ്റാലിന്റെ പ്രവര്‍ത്തന പരിചയം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അദ്ദേഹം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും മുന്‍പ് ഉപമുഖ്യമന്ത്രി സ്ഥാനത്തും എത്തിക്കഴിഞ്ഞു.

ഡിഎംകെ സംഘടനാ തലത്തിലും ഉദയ നിധിക്ക് എടുത്തുപറയത്തക്ക പ്രവര്‍ത്തന പാരമ്പര്യമില്ല. പാര്‍ട്ടി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ കെട്ടിപ്പൊക്കിയ പ്രതിശ്ചായയാണ് ഉദയനിധിയുടേതെന്നാണ് വിലയിരുത്തല്‍. സ്വന്തം മണ്ഡലത്തിലേക്കുള്ള ഉദയ നിധിയുടെ സന്ദര്‍ശനം ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കിമാറ്റിയിരുന്നു. തമിഴ്‌നാട്ടിലെ ജാതി രാഷ്ട്രീയം അടയാളപ്പെടുത്തിയ മാമന്നന്‍ എന്ന സിനിമയിലൂടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നതായി ഉദയനിധി നടത്തിയ പ്രഖ്യാപനം രാഷ്ട്രീയത്തിലേത്തുള്ള സജീവ കടന്നുവരവിന്റെ ആദ്യ സൂചനയായിരുന്നു. അപ്പോഴും ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖ ചലച്ചിത്ര കമ്പനികളിലൊന്ന് ഉദയനിധിയുടേതാണ്.

ദ്രാവിഡ പ്രത്യയ ശാസ്ത്രത്തില്‍ ഉറച്ചു പ്രവര്‍ത്തിക്കുന്ന ഡിഎംകെയില്‍ കുടുംബ രാഷ്ട്രീയത്തിന് വാതില്‍ തുറന്നു നല്‍കുന്നതും എം കരുണാനിധിയായിരുന്നു.

ദ്രാവിഡ പ്രത്യയ ശാസ്ത്രത്തില്‍ ഉറച്ചു പ്രവര്‍ത്തിക്കുന്ന ഡിഎംകെയില്‍ കുടുംബ രാഷ്ട്രീയത്തിന് വാതില്‍ തുറന്നു നല്‍കുന്നതും എം കരുണാനിധിയായിരുന്നു. സ്റ്റാലിന്‍, അഴഗിരി, കനിമൊഴി തുടങ്ങിയ മക്കള്‍ക്ക് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ കരുണാനിധി എന്നാല്‍ അദ്ദേഹം സജീവമായി നിലനിന്ന കാലത്ത് ഇവരെയെല്ലാം അധികാര രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്താനും ശ്രദ്ധിച്ചിരുന്നു.

കരുണാനിധി കുടുംബത്തിലെ സമവായം പൂര്‍ത്തിയാക്കിയാണ് സ്റ്റാലിന്‍ പിന്നീട് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നത്. സമാനമായ രീതിയിലാണ് ഉദയനിധിയുടേയും പ്രവേശം. അമ്മ ദുര്‍ഗയുടെ നിര്‍ബന്ധത്താലാണ് ഉദയനിധി രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്ന് പോലും കഥകളുണ്ടായിരുന്നു. ഡിഎംകെയ്ക്കുള്ളിലെ അധികാരം ഇപ്പോള്‍ പൂര്‍ണ്ണമായും സ്റ്റാലിന്റെ കീഴില്‍ നില്‍ക്കുന്ന സമയത്തും കുടുംബത്തില്‍ സമവായം ഉണ്ടാക്കിയാണ് ഉദയനിധിയുടെ പുതിയ ഇന്നിങ്ങ്‌സ് എന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയിലെ പാരമ്പര്യം ഉറപ്പിക്കാന്‍ സ്റ്റാലിന് മുന്നില്‍ പ്രതിബന്ധമായി സഹോദരന്‍ അഴഗിരി ഉണ്ടാരുന്നെങ്കില്‍ ഉദയനിധിക്ക് അത്തരമൊരു സാഹചര്യമില്ലെന്നും നിരീക്ഷകര്‍ പറയുന്നു.

കരുണാനിധി എന്ന തണലില്‍ നിന്നും പുറത്തുവന്ന് ഡിഎംകെയും സര്‍ക്കാരിനെയും നയിച്ച മികവ് തെളിയിച്ചാണ് സ്റ്റാലിൻ തലമുറമാറ്റത്തിന് പച്ചക്കൊടി വീശുന്നത്. എന്നാല്‍ പ്രകടമായ രാഷ്ട്രീയമാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്ന തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ഭാവികെട്ടിപ്പടുക്കുന്നതില്‍ ഉദയനിധിക്ക് എന്ത് നല്‍കാന്‍ കഴിയുമെന്ന ചോദ്യം പ്രസക്തമാണ്.

ഡിഎംകെയുടെ ഏറ്റവും സുരക്ഷിതമായ സീറ്റുകളിലൊന്നായ ചെന്നൈയിലെ ചെപ്പോക്ക്-തിരുവല്ലിക്കേനി യായിരുന്നു 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദയനിധിയെ മത്സരിപ്പിച്ചത്. തന്റെ വിജയം ഫലത്തില്‍ ഉറപ്പാക്കിയായിരുന്നു മത്സരം. സ്റ്റാലിന്‍ മുഖ്യമന്ത്രിയായതിന് ശേഷവും മാസങ്ങളോളം സാധാരണ എംഎല്‍എ ആയി ഉദയനിധി തുടര്‍ന്നത് പോലും അദ്ദേഹത്തിന്റെ പഠനകാലമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് ശേഷമാണ് ഉദയനിധി ക്ഷേമ, കായിക വികസന വകുപ്പുകളുമായി മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. സനാതന്‍ ധര്‍മ്മത്തെ 'ഉന്മൂലനം' ചെയ്യണമെന്ന് പരാമര്‍ശം ഉദയനിധിയെ ദേശീയ ശ്രദ്ധയിലെത്തിച്ചു. സനാതന ധര്‍മത്തിനെതിരായ പരാമര്‍ശത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ രംഗത്തെത്തിയത് ഉദയനിധിയുടെ മൈലേജ് വര്‍ധിപ്പിച്ചു.

കരുണാനിധി എന്ന തണലില്‍ നിന്നും പുറത്തുവന്ന് ഡിഎംകെയും സര്‍ക്കാരിനെയും നയിച്ച മികവ് തെളിയിച്ചാണ് സ്റ്റാലിൻ തലമുറമാറ്റത്തിന് പച്ചക്കൊടി വീശുന്നത്. എന്നാല്‍ പ്രകടമായ രാഷ്ട്രീയമാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്ന തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ഭാവികെട്ടിപ്പടുക്കുന്നതില്‍ ഉദയനിധിക്ക് എന്ത് നല്‍കാന്‍ കഴിയുമെന്ന ചോദ്യം പ്രസക്തമാണ്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ