INDIA

ഉത്തരേന്ത്യയിലെ കനത്ത മഴയ്ക്ക് കാരണമെന്ത് ? കാലാവസ്ഥാ വ്യതിയാനമോ ? അപൂർവ പ്രതിഭാസമോ ?

വെബ് ഡെസ്ക്

ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മഴ. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 100 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ ഒലിച്ചുപോകുന്നതും റോഡുകളുടെ ചില ഭാഗങ്ങൾ തകർന്നതും ജലനിരപ്പ് ഉയരുമ്പോൾ പാലങ്ങൾ തകരുന്നതുമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഉത്തർപ്രദേശിൽ കനത്ത മഴയിലും ഇടിമിന്നലിലും 34 പേരോളം ഇതുവരെ മരണപ്പെട്ടതായാണ് കണക്ക്. പ്രധാന നദികളിലെ ജലനിരപ്പ് ഉയരുകയും മലയോര പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാകുകയും ചെയ്തതിനാൽ ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലെ പത്ത് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ ഉത്തരാഖണ്ഡിൽ കൂടുതൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

എന്നാൽ ഉത്തരേന്ത്യയിലെ കനത്ത മഴയ്ക്ക് പിന്നിൽ കാലാവസ്ഥ വ്യതിയാനമമല്ല പകരം അപൂർവ പ്രതിഭാസമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. രണ്ട് കാലാവസ്ഥാ ഘടകങ്ങളുടെ പ്രതിപ്രവർത്തനത്തിന്റെ ഫലമായ ഒരു അപൂർവ പ്രതിഭാസമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. 2013-ൽ ഉത്തരാഖണ്ഡിൽ ആഞ്ഞടിച്ച 'ഹിമാലയൻ സുനാമി' ഉത്തരേന്ത്യയിൽ വൻതോതിലുള്ള കനത്ത മഴയ്ക്ക് കാരണമായിരുന്നു.

ഏറ്റവും പുതിയ പ്രതിഭാസം മൂലം ഞായറാഴ്ച ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ 153 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായാണ് കണക്ക്. 1982 ന് ശേഷം ജൂലൈയിലെ ഒരു ദിവസത്തിൽ ഏറ്റവും ഉയർന്ന മഴയാണിതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനിടെ, ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്താണ് ഈ അപൂർവ പ്രതിഭാസം ?

പടിഞ്ഞാറൻ അസ്വസ്ഥത (ഡിസ്റ്റർബൻസ്)യും മൺസൂൺ കാറ്റിന്റെ പ്രതിപ്രവർത്തനവും മൂലം ഹിമാചൽ പ്രദേശിന് മുകളിൽ സൃഷ്ടിക്കപ്പെട്ട വായൂ ഗർത്തമാണ് ഹിമാചൽ പ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നതിന് കാരണമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സ്ഥിരീകരിച്ചു.

പടിഞ്ഞാറൻ അസ്വസ്ഥതയും മൺസൂൺ കാറ്റും തമ്മിലുള്ള ഈ പ്രതിപ്രവർത്തനം അടുത്ത 24-36 മണിക്കൂർ വരെ നിലനിൽക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയ്ക്ക് കാരണമാകുമെന്ന് ഐഎംഡി പറയുന്നു.

വെസ്റ്റേൺ ഡിസ്റ്റർബൻസ് എന്നത് ഒരു എക്സ്ട്രാ ട്രോപ്പിക്കൽ കൊടുങ്കാറ്റിനെയോ അല്ലെങ്കിൽ മെഡിറ്ററേനിയൻ മേഖലയിൽ ഉത്ഭവിക്കുന്ന ഒരു ന്യൂനമർദ്ദ വ്യവസ്ഥയെയോ സൂചിപ്പിക്കുന്നു, അവ മിഡിൽ ഈസ്റ്റിലേക്കും ഇറാനിലേക്കും കിഴക്കോട്ട് സഞ്ചരിക്കുമ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും കാലാവസ്ഥയിൽ മാറ്റങ്ങൾ കൊണ്ട് വരുന്നതിനും കാരണമാകും. വടക്കേ ഇന്ത്യയിലെ കാലാവസ്ഥയിൽ പടിഞ്ഞാറൻ അസ്വസ്ഥതയ്ക്ക് കാര്യമായ സ്വാധീനമുണ്ട്. ഈ അസ്വസ്ഥതകൾ അടുത്തുവരുമ്പോൾ, രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ മേഘാവൃതവും മഴയും ചിലപ്പോൾ ഹിമാലയൻ മേഖലയിലെ ഉയർന്ന ഉയരത്തിൽ മഞ്ഞുവീഴ്ചയും അനുഭവപ്പെടും.

മൺസൂൺ കാറ്റ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്ന കാലാനുസൃതമായ കാറ്റിന്റെ ക്രമത്തെയാണ് സൂചിപ്പിക്കുന്നത്. ഇതാണ് ഇന്ത്യൻ മൺസൂണിന് കാരണമാകുന്നതും. തെക്കുപടിഞ്ഞാറൻ മൺസൂണും വടക്കുകിഴക്കൻ മൺസൂണും ഇന്ത്യയിൽ വേനൽക്കാലത്തും ശീതകാലത്തും ആവശ്യമായ മഴ കൊണ്ടുവരുന്ന ഈ കാറ്റുകളാണ്.

2013-ൽ ഉത്തരാഖണ്ഡിൽ 'ഹിമാലയൻ സുനാമി' ഉണ്ടായതിന് കാരണം കനത്ത മൺസൂൺ മഴ ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങളാണ്. കനത്ത മഴ, ചൂടേറിയതും സ്ഥിരത കുറഞ്ഞതുമായ മഞ്ഞുവീഴ്ച, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഗ്ലേഷ്യൽ അസ്ഥിരത എന്നിവയുടെ സംയോജനമാണ് ഈ ദുരന്തത്തിന് കാരണമായത്. ഈ അസ്ഥിരതയുടെ അനന്തരഫലങ്ങൾ ഉയർന്ന കൊടുമുടികൾക്ക് സമീപമുള്ള പ്രദേശങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കുകായും വരും വർഷങ്ങളിൽ ഈ മേഖലയ്ക്ക് കാര്യമായ ഭീഷണി ഉയർത്തുകയും ചെയ്തേക്കാം.

ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, വടക്കൻ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉപ-ഹിമാലയ പശ്ചിമ ബംഗാൾ, സിക്കിം, അരുണാചൽ പ്രദേശ്, അസം, മേഘാലയ, ബിഹാർ എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്