അറബിക്കടലിനോട് ചേർന്ന് ഗേറ്റ് വെ ഓഫ് ഇന്ത്യയുടെ എതിർവശത്തായി ഒരു കെട്ടിടമുണ്ട്, മുംബൈയുടെ മുഖങ്ങളില്‍ ഒന്ന്, താജ് മഹല്‍ ടവർ. ഇന്ത്യ കണ്ട ഏറ്റവും ദീർഘവീക്ഷണമുള്ള വ്യവസായികളില്‍ ഒരാളായ രത്തൻ ടാറ്റ വിടപറയുമ്പോള്‍ താജ് മഹല്‍ ഹോട്ടലിനേക്കുറിച്ചും അവിടെ ലഷ്കർ ഇ തൊയ്‌ബ നടത്തിയ ആക്രമണത്തെക്കുറിച്ചും പറയാതെ പോകാനാകില്ല. രത്തൻ ടാറ്റയുടെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ നാളുകളായിരുന്നു അത്.
ലഷ്കർ ഇ തൊയ്ബ ലക്ഷ്യം വെച്ച മുംബൈയിലെ നിരവധി കേന്ദ്രങ്ങളിലൊന്നായിരുന്നു ടാറ്റയുടെ കീഴിലുള്ള താജ് ഹോട്ടലും. നവംബർ 26 മുതല്‍ 29 വരെ നടന്ന ആക്രമണത്തില്‍ 166 പേർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ രത്തൻ ടാറ്റയ്ക്ക് വയസ് 70 ആണ്. ടാറ്റയുടെ നേതൃത്വത്തിലെ അവസാനകാലങ്ങളിലേക്ക് അദ്ദേഹം കടന്നിരുന്നു. തന്റെ തൊഴിലാളികള്‍ ഭീകരരുടെ വെടിയൊച്ചകള്‍ക്കിടയിലും ഗ്രനേഡ് ആക്രമണങ്ങള്‍ക്കുനടുവിലും ഭയന്നുവിറച്ച് നിമിഷങ്ങള്‍ എണ്ണി കഴിച്ചുകൂട്ടിയപ്പോള്‍ രത്തൻ ടാറ്റ തന്റെ സുഖങ്ങളെല്ലാം വിട്ടെറിഞ്ഞ് അവിടേക്ക് എത്തി. ഹോട്ടലിന്റെ കൊളാബ എൻഡില്‍ നിന്ന് രത്തൻ ടാറ്റ എൻഎസ്‌ജിയുടെ രക്ഷാപ്രവർത്തനം നിരീക്ഷിക്കുകയായിരുന്നു.
താജിനുമുന്നില്‍ പലപ്പോഴും ഒറ്റയ്ക്കായിരുന്നു രത്തൻ ടാറ്റ. സുരക്ഷാ ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തുന്ന രത്തൻ ടാറ്റയെ അവിടെ കാണാനാകുമായിരുന്നു. ജീവൻകൊടുത്തും ടാറ്റയുടെ തൊഴിലാളികള്‍ അതിഥികള്‍ക്ക് സുരക്ഷയൊരുക്കി. ഏകദേശം 400 കോടിയോളം രൂപയുടെ നഷ്ടമാണ് താജിന് ആക്രമണത്തിലുണ്ടായതെന്നാണ് റിപ്പോർട്ടുകള്‍.
ആക്രമണം കഴിഞ്ഞ് നാളുകള്‍ക്കുള്ളില്‍ തന്നെ താജ് ഹോട്ടലിനെ പൂർണസ്ഥിതിയിലേക്ക് മടക്കിയെത്തിക്കാൻ ടാറ്റ നേതൃത്വത്തിന് സാധിച്ചിരുന്നു.
ആക്രമണത്തില്‍ ജീവൻ നഷ്ടമായവരുടേയും പരുക്കേറ്റവരേയും രത്തൻ ടാറ്റ നേരിട്ട് സന്ദർശിച്ചു. അവർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നല്‍കി. ആക്രമണം നടന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ മാനുഷിക സഹായങ്ങള്‍ നല്‍കുന്നതിനായി ടാറ്റ താജ് പബ്ലിക്ക് സർവീസ് വെല്‍ഫെയർ ട്രസ്റ്റ് ആരംഭിച്ചു. രാജ്യത്ത് 22 സംസ്ഥാനങ്ങളിലായി 45 ലക്ഷത്തോളം പേർക്കാണ് ട്രസ്റ്റില്‍ നിന്ന് സഹായം ലഭിക്കുന്നത്.
ഒരിക്കലും മറക്കാനാകാത്ത നാശമെന്നായിരുന്നു 2020ലെഴുതിയ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ താജ് ആക്രമണത്തെ രത്തൻ ടാറ്റ വിശേഷിപ്പിച്ചത്. "നമുക്ക് നഷ്ടമായവരുടെ വിയോഗത്തില്‍ വിലപിക്കാം, ശത്രുക്കളെ കീഴടക്കിയ ധീരന്മാരെ ആദരിക്കാം. നമ്മള്‍ ഓർക്കേണ്ടത് ഐക്യവും ദയവും നിറഞ്ഞ പ്രവർത്തനങ്ങളെയാണ്. അത് വരും വർഷങ്ങളിലും തുടരുമെന്ന് പ്രതീക്ഷിക്കാം," രത്തൻ ടാറ്റ കുറിച്ചു.