INDIA

ഗുഡ്‌ബൈ ടാറ്റ; ആയിരങ്ങളുടെ അന്ത്യോപചാരമേറ്റു വാങ്ങി രത്തന്‍ ടാറ്റ മടങ്ങി

വെബ് ഡെസ്ക്

വ്യവസായ പ്രമുഖനും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് യാത്രാമൊഴി ചൊല്ലി രാജ്യം. കോര്‍പറേറ്റ് തലവന്മാരും രാഷ്ട്രീയ-ചലചിത്ര-കായിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സാധാരണക്കാരുമടക്കം ആയിരങ്ങള്‍ രത്തന്‍ ടാറ്റയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. തുടര്‍ന്ന് മുംബൈയിലെ വോര്‍ളി ശ്മശാനത്തില്‍ അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രത്തന്‍ ടാറ്റയോടുള്ള ബഹുമാന സൂചകമായി മഹാരാഷ്ട്രയില്‍ ഇന്ന് ഔദ്യോഗിക ദുഃഖാചരണം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എണ്‍പത്തിയാറുകാരനായ രത്തന്‍ ടാറ്റ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നലെയാണ് അന്തരിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രത്തന്‍ ടാറ്റയെ ഇന്നലെ വൈകീട്ട് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസമാണ് രത്തന്‍ ടാറ്റയെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് വാര്‍ത്തയായതോടെ താന്‍ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും പതിവ് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയതാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചിരുന്നു.

രത്തൻ ടാറ്റയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവർ അനുശോചിച്ചു. "ദീർഘവീക്ഷണമുള്ള വ്യവസായി, അനുകമ്പയുള്ള ആത്മാവ്, അസാധാരണ മനുഷ്യത്വം," പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പഴയതും ആദരിക്കപ്പെടുന്നതുമായ ഒരു വ്യവസായ സ്ഥാപനത്തിന് സുസ്ഥിരമായ നേതൃത്വം നല്‍കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ സംഭാവനകള്‍ ബോർഡ്റൂമിന് പുറത്തെത്തി. അദ്ദേഹത്തിന്റെ വിനയം, ദയ, സമൂഹത്തെ മികച്ചതാക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയിലൂടെ അദ്ദേഹം നിരവധി ആളുകൾക്ക് പ്രിയങ്കരനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

രത്തൻ ടാറ്റയുടെ മരണത്തില്‍ അതിയായ ദുഖമുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയിലെ വ്യവസായ മേഖലയിലെ തന്നെ ഏറ്റവും തലപ്പൊക്കമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. നമ്മുടെ സമ്പദ് വ്യവസ്ഥ, വ്യാപാരം, വ്യവസായം എന്നിവയ്ക്ക് അദ്ദേഹം മഹത്തായ സംഭാവനകള്‍ നല്‍കിയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ടാറ്റ ഗ്രൂപ്പിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ ഘടനയെ മെച്ചപ്പെടുത്തുന്നതിനായി സംഭാവനകള്‍ നല്‍കിയ അസാധാരണ നേതൃപാഠവമുള്ള വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് ടാറ്റ സണ്‍സ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. ''ടാറ്റ ഗ്രൂപ്പിന് രത്തൻ ടാറ്റ ചെയർമാൻ മാത്രമായിരുന്നില്ല. എനിക്ക് അദ്ദേഹം ഒരു വഴികാട്ടിയും സുഹൃത്തുമായിരുന്നു. അദ്ദേഹമൊരു പ്രചോദനമായിരുന്നു. അദ്ദേഹത്തിനു കീഴില്‍ ടാറ്റ ഗ്രൂപ്പില്‍ ആഗോളതലത്തില്‍ മുദ്രപതിപ്പിക്കാൻ സാധിച്ചു,'' ചന്ദ്രശേഖരൻ പറഞ്ഞു.

1991 മാര്‍ച്ചിലാണ് ടാറ്റ സണ്‍സിന്‌റെ ചെയര്‍മാനായി രത്തന്‍ ടാറ്റ ചുമതലയേല്‍ക്കുന്നത്. 2012 ഡിസംബര്‍ 28ന് വിരമിച്ചു. രത്തന്‌റെ ഭരണകാലത്ത് ടാറ്റയുടെ വരുമാനം പതിന്മടങ്ങ് വര്‍ധിച്ചു. 1991-ലെ പതിനായിരം കോടി വിറ്റുവരവില്‍നിന്ന് 2011-12 കാലയളവില്‍ 100.09 ബില്യന്‍ ഡോളറിന്‌റെ വര്‍ധനയാണ് ഉണ്ടായത്. ശ്രദ്ധേയമായ പല ഏറ്റെടുക്കലുകളും രത്തന്‌റെ കാലയളവിലുണ്ടായി.

2000-ല്‍ 450 മില്യന്‍ ഡോളറിന് ടാറ്റ ടീ ടെറ്റ്‌ലിയില്‍ നിന്നാരംഭിച്ച് 2007-ല്‍ ടാറ്റ സ്റ്റീല്‍, 2008-ല്‍ ടാറ്റ മോട്ടോഴ്‌സിന്‌റെ ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ എന്നിവയിലുമെത്തി. അടുത്ത വര്‍ഷം കമ്പനി ടാറ്റ നാനോ കാർ പുറത്തിറക്കി. 2000-ല്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂഷണും രത്തന്‍ ടാറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്. തന്റെ വരുമാനത്തിന്റെ 60-65ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്ത രത്തൻ ടാറ്റ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസ്നേഹികളില്‍ ഒരാൾ കൂടിയായിരുന്നു.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി