ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) സെർവറുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ട് ഒരാഴ്ച പിന്നിടുമ്പോഴും പുനഃസ്ഥാപിക്കാനായില്ല. ഹാക്കിങ് വഴി എയിംസിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം ഏറെ ഗൗരവകരമാണെന്ന കണ്ടത്തലിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുയാണ് കേന്ദ്രം.
നിലവിലെ സാഹചര്യത്തില്‍ എയിംസില്‍ ഉണ്ടായിരിക്കുന്നത് സ്വാഭാവിക ഹാക്കിങ് ആണെന്ന് തോന്നുമെങ്കിലും അതിന്റെ വ്യാപ്തിയും പിന്നിലെ ഉദ്ദേശ്യവും വളരെ വലുതാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സെെബര്‍ ആക്രമണത്തെ 'സെെബര്‍ ഭീകരത'യെന്നാണ് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്.
എയിംസിലെ സെെബര്‍ ആക്രമണത്തിന്‍റെ ഉദ്ദേശ്യവും വ്യാപ്തിയും വലുതാണെന്ന് കണ്ടെത്തല്‍
നിലവില്‍, ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, ഡല്‍ഹി പോലീസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് സൈബര്‍ ഹാക്കിങ് അന്വേഷിക്കുന്നത്. നേരത്തെ ഹാക്ക് ചെയ്ത രേഖകള്‍ വിട്ടു നല്‍കുന്നതിന് ഹാക്കര്‍മാര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 200 കോടി രൂപയുടെ ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ടതായായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിൽ എയിംസ് അധികൃതരുടെ ഭാഗത്തു നിന്നോ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നോ യാതൊരു പ്രതികരണവും വന്നിട്ടില്ല.
രാജ്യത്തെ മുന്‍ പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍, ജഡ്ജിമാര്‍, ബ്യൂറോക്രാറ്റുകള്‍ തുടങ്ങിയവരുടെ രേഖകളും എയിംസിന്റെ സെര്‍വറില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ, രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍, കൊവിഷീല്‍ഡ്-കോവാക്‌സിന്‍ തുടങ്ങിയവയുടെ ട്രയല്‍ വിവരങ്ങള്‍, ആരോഗ്യ സുരക്ഷാ വിവരങ്ങള്‍ , ഗവേഷണങ്ങള്‍, എച്ച്‌ഐവി പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ വിവരങ്ങള്‍, പീഡനകേസുകളിലെ ഇരകളുടെ മെഡിക്കല്‍ പരിശോധനാ ഫലങ്ങള്‍ എന്നിവയും ഹാക്ക് ചെയ്യപ്പെട്ടതായാണ് വിവരം. ഇത് രാജ്യ സുരക്ഷയ്ക്ക് തന്നെ വലിയ വെല്ലുവിളിയാണ്.
നിലവില്‍ ആശുപത്രിയിലെ കമ്പ്യൂട്ടറുകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. അതേസമയം കമ്പ്യൂട്ടറുകള്‍ സ്‌കാന്‍ ചെയ്തു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ ഇ- ഹോസ്പിറ്റല്‍ സേവനങ്ങള്‍ ഘട്ടം ഘട്ടമായി പുഃനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
സംഭവത്തിന് പിന്നാലെ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഒരാഴ്ചയായിട്ടും സര്‍വര്‍ പുന:സ്ഥാപിക്കാനായിട്ടില്ലെങ്കില്‍ പിന്നെ എന്ത് ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനീഷ് തിവാരി ചോദിച്ചു. ഇന്ന് എയിംസ്, നാളെ മറ്റ് തന്ത്രപ്രധാന മേഖലകളും ആക്രമിക്കപ്പെട്ടേക്കുമെന്നും തിവാരി ആശങ്ക പ്രകടിപ്പിച്ചു.