INDIA

നോട്ട് നിരോധനത്തെ ആര്‍ബിഐ എതിര്‍ത്തിരുന്നു; ഉയര്‍ന്ന മൂല്യമുള്ള നോട്ട് നിരോധനം പ്രായോഗികമല്ലെന്ന് അറിയിച്ചു

കള്ളപ്പണം സ്വര്‍ണമായും ഭൂമിയുമായാണ് ശേഖരിച്ചിരിക്കുന്നത് ആർബിഐ

വെബ് ഡെസ്ക്

2016 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ നോട്ട് നിരോധനം ആര്‍ബിഐ എതിര്‍ത്തിരുന്നുവെന്ന് വിവരാവകാശ രേഖ. കള്ളപ്പണം തടയാന്‍ നോട്ട് നിരോധനം കൊണ്ട് സാധ്യമല്ലെന്നും രാജ്യത്തെ ആകെ കള്ളനോട്ടിന്റെ അനുപാതം ആകെ നോട്ടിന്റെ കണക്ക് നോക്കുമ്പോള്‍ കുറവാണെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം കൂടുതലും പണമായിട്ടല്ലെന്നും സ്വര്‍ണമായും ഭൂമിയുമായാണ് ശേഖരിച്ചിരിക്കുന്നതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍.

നോട്ട് നിരോധനത്തിന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ആര്‍ബിഐ എതിര്‍പ്പ് പ്രകടിപ്പിച്ചത്

രാജ്യത്തെ കള്ളപ്പണം തടയുന്നതിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ അഴിമതി വിരുദ്ധ സമിതിയാണ് പ്രധാനമന്ത്രി, ധനമന്ത്രി, ആര്‍ബിഐ ഗവര്‍ണര്‍ എന്നിവര്‍ക്ക് 2016 മാര്‍ച്ച് 15ന് കത്തയച്ചത്. ഈ കത്തിനുള്ള മറുപടിയായാണ് ആര്‍ബിഐ നോട്ട് നിരോധനം പ്രായോഗികമല്ലെന്ന് മറുപടി നല്‍കിയത്.

നോട്ട് നിരോധന നീക്കത്തെ ആര്‍ബിഐ എതിർത്തത് രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണര്‍ ആയിരിക്കെ

രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണറായിരിക്കെയാണ് നോട്ട് നിരോധന ശുപാര്‍ശയെ ആര്‍ബിഐ എതിര്‍ത്തത്. എന്നാല്‍ രഘുറാം രാജന്‍ 2016 സെപ്റ്റംബറില്‍ രാജിവെച്ചു. ഇതിന് പിന്നാലെ ഊര്‍ജിത് പട്ടേല്‍ അധികാരമേറ്റു. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധന നടപടികളിലേക്ക് കടന്നത് 2016 നവംബറില്‍ ഇത് പൂര്‍ത്തീകരിച്ചു.

ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡിന്റെ പ്രത്യേക ശുപാര്‍ശ പ്രകാരമാണ് നോട്ട് നിരോധനം നടപ്പാക്കിയത് എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. എന്നാല്‍ ആര്‍ബിഐ ബോര്‍ഡ് സമ്മതം നല്‍കിയിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് രണ്ടര മണിക്കൂര്‍ മുമ്പ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. രാജ്യത്തെ കള്ളപ്പണം തുടച്ചുനീക്കാന്‍ നോട്ട് നിരോധനം കൊണ്ടാകില്ലെന്ന് അന്നത്തെ ബോര്‍ഡ് യോഗത്തില്‍ ആര്‍ബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ബോര്‍ഡിന്റെ അനുമതി കൂടാതെയാണ് കേന്ദ്രം നോട്ട് നിരോധനം നടത്തിയതെന്നും നിരോധനത്തിന് ശേഷം ആഴ്ചകള്‍ കഴിഞ്ഞാണ് ബോര്‍ഡ് ചേര്‍ന്ന് അനുമതി നല്‍കിയതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

നോട്ട് നിരോധനം റിസര്‍വ് ബാങ്കിന്റെ ശുപാര്‍ശയോടെയാണ് നടപ്പാക്കിയത് എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കള്ളപ്പണം ഇല്ലാതാക്കുക, നികുതി വെട്ടിപ്പ് തടയുക, ഭീകരപ്രവര്‍ത്തനം തടയുക എന്നിവ ലക്ഷ്യമിട്ടാണ് നോട്ട് നിരോധനമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് എന്നാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 58 ലേറെ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി