INDIA

അദാനി ഓഹരികളിൽ ഇടിവ് തന്നെ; സമ്പന്നരുടെ പട്ടികയിൽ 16മതായി ഗൗതം അദാനി; ബാങ്കുകളോട് വായ്പാ വിവരം ആരാഞ്ഞ് ആർബിഐ

തിരിച്ചടികൾ നേരിടുമ്പോഴും അദാനി ഗ്രൂപ്പിന്റെ കടങ്ങൾ ആസ്തികൾ കൊണ്ട് സുരക്ഷിതമെന്നായിരുന്നു ബാങ്കുകൾ നേരത്തെ പ്രതികരിച്ചിരുന്നത്

വെബ് ഡെസ്ക്

അദാനിക്ക് വീണ്ടും തിരിച്ചടിയുടെ ദിനം. ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്നും തകര്‍ന്നു. ഓഹരികളുടെ ആകെ നഷ്ടം 10,000 കോടി ഡോളറിന് മുകളിലെന്നാണ് പുറത്തുവരുന്ന വിവരം. നഷ്ടം അദാനി വിഷയത്തില്‍ പാര്‍ലമെന്‌റ് പ്രക്ഷുബ്ധമായ ദിനം, സമ്പന്നരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഗൗതം അദാനി 16ാം സ്ഥാനത്തേക്ക് വീണു. അതേസമയം അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് നല്‍കിയ വായ്പകളുടെ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്കുകളോട് ആരാഞ്ഞു.

ഓഹരികളിലെ കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പുകളും ഷെല്‍ കമ്പനികളിലൂടെയുള്ള ഇടപെടലുകളും റിപ്പോര്‍ട്ടില്‍ ആരോപിക്കപ്പെട്ടിരുന്നു

നിക്ഷേപകരെ വഞ്ചിച്ച് നേട്ടമുണ്ടാക്കുന്നു എന്ന തരത്തിലുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതാണ് അദാനി ഗ്രൂപ്പിന് തിരിച്ചടിയായത്. ഓഹരികളിലെ കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പുകളും ഷെല്‍ കമ്പനികളിലൂടെയുള്ള ഇടപെടലുകളും നടന്നു എന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഉയര്‍ന്ന കടബാധ്യതയെക്കുറിച്ചും അദാനിഗ്രൂപ്പിന്‌റെ ഓഹരിമൂല്യത്തെ കുറിച്ചും ഇതോടെ ആശങ്ക ഉയര്‍ന്നു. ഓഹരിവിപണിയില്‍ തുടര്‍ച്ചയായി മൂല്യം ഇടിഞ്ഞത് വലിയ തിരിച്ചടിയുമായി. ഇതിന് പിന്നാലെ ബുധനാഴ്ച രാത്രി 20,000 കോടിയുടെ എഫ്പിഒ റദ്ദാക്കാനുള്ള തീരുമാനം അദാനി ഗ്രൂപ്പ് കൈക്കൊണ്ടു.

നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനാണ് തീരുമാനം എന്ന് ഗൗതം അദാനി തന്നെ നേരിട്ട് വിശദീകരിച്ചെങ്കിലും ഓഹരി വിപണിയില്‍ കമ്പനിക്ക് ഇന്നും തിരിച്ചടി തുടര്‍ന്നു. അദാനി എന്റര്‍പ്രൈസസിന്‌റെ ഓഹരി 26 ശതമാനത്തിലേറെയാണ് വ്യാഴാഴ്ച ഇടിഞ്ഞത്. പത്തില്‍ എട്ട് സ്റ്റോക്കുകളും നഷ്ടത്തിലാണ്. ഓഹരി ഇടിവ് തുടര്‍ന്നതോടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഗൗതം അദാനിയുടെ നില വീണ്ടും തോഴോട്ട് പോയി. മൂന്നാം സ്ഥാനത്ത് നിന്നാണ് ദിവസങ്ങള്‍ക്കകം 16ാം സ്ഥാനത്തേക്ക് എത്തിയത്. പ്രതിസന്ധി തുടരുന്നതിനിടെയാണ് അദാനിഗ്രൂപ്പുമായി ബന്ധപ്പെട്ട കണക്കുകള്‍ റിസര്‍വ് ബാങ്ക് ആരാഞ്ഞത്.

അദാനി ഗ്രൂപ്പിന്റെ മൊത്തം കടബാധ്യതയായ രണ്ട് ലക്ഷം കോടി രൂപയുടെ 40 ശതമാനവും ബാങ്കുകളില്‍ നിന്നെടുത്തതായാണ് പുറത്ത് വരുന്ന കണക്ക്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയും അദാനി ഗ്രൂപ്പിന്റെ കടങ്ങള്‍ ആസ്തികള്‍ കൊണ്ട് സുരക്ഷിതമെന്നായിരുന്നു ബാങ്കുകളുടെ പ്രതികരണം. ലോണുകള്‍ക്ക് ആവശ്യമായ പണമിടപാടുകള്‍ അദാനി ഗ്രൂപ്പ് വഴി നടക്കുന്നുണ്ടെന്നായിരുന്നു ബാങ്കുകള്‍ അവകാശപ്പെട്ടത്. വായ്പ അനുവദിക്കാനുള്ള ശേഷിയെ ഇപ്പോഴത്തെ സംഭവ വികാസങ്ങളോ വിപണിയിലെ ഇടിവോ ബാധിച്ചിട്ടില്ലെന്നായിരുന്നു വാദം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനി ഗ്രൂപ്പിന്റെ വായ്പാ വിവരങ്ങള്‍ പുറത്തു വിടാന്‍ ഇതുവരെ തയ്യാറായിട്ടില്ല. 23,000 കോടി രൂപയുടെ വായ്പ് എസ്ബിഐ നല്‍കിയെന്നാണ് അനൗദ്യോഗിക വിവരം. കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷങ്ങളായി രാജ്യത്തെ ബാങ്കുകള്‍ക്ക് അദാനി ഗ്രൂപ്പുമായുള്ള കടം അവരുടെ മൊത്തം കടവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്ന് എസ്ബിഐ മാനേജിങ് ഡയറക്ടറായ സ്വാമിനാഥന്‍ ജെ പറഞ്ഞു. ഗ്രൂപ്പിന്റെ കൂടുതല്‍ ഇടപാടുകളും വിദേശത്തു നിന്നും ഓഹരി വിപണിയില്‍ നിന്നുമാണെന്നും അദ്ദേഹം പറയുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അദാനി ഗ്രൂപ്പിന്റെ കടം 7,000 കോടി രൂപയാണ്. എന്നാലിത് മറ്റ് വരുമാനങ്ങളിലൂടെ പരിഹരിക്കാനായിട്ടുണ്ടെന്നും ആശങ്കകളില്ലെന്നും ബാങ്ക് പ്രതികരിച്ചു. ബാങ്ക് ഓഫ് ബറോഡയില്‍ ഗ്രൂപ്പിനുള്ളത് 4,000 കോടിയുടെ ബാധ്യതയാണ്. സിഎല്‍എസ്എ ലിമിറ്റഡിന്റെ റിപ്പോര്‍ട്ട് പ്രകാരം അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനികളായ അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്, അദാനി പവര്‍, അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയ്ക്കെല്ലാം കൂടി ആകെ 2.1 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട്. അദാനി എന്റര്‍പ്രൈസസ് മൂന്ന് ശതമാനം, അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍ ഏഴ് ശതമാനം, അദാനി പോര്‍ട്ട് & സെസ് 17 ശതമാനം എന്നിങ്ങനെയാണ് പണയം വെച്ച ഓഹരികള്‍. 36,474.78 കോടി രൂപയുടെ ബാധ്യതയുണ്ട് അദാനി ഗ്രൂപ്പിനെന്ന് എല്‍ഐസി കഴിഞ്ഞ ദിവസം വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം