രാജ്യത്തെ തക്കാളി വില സെഞ്ച്വറി അടിച്ചതിന്റെ കാരണം തേടിപ്പോയാല്‍ നമ്മളെത്തുക കര്‍ണാടകയിലെ കോലാറിലാണ്. എന്താണ് തക്കാളി വിലക്കയറ്റവും കോലാറും തമ്മിലുള്ള ബന്ധം? തക്കാളി വില കുതിച്ചുയരുന്നത് കാണുന്ന ഉപഭോക്താക്കള്‍ നെടുവീര്‍പ്പിടുമ്പോള്‍ സന്തോഷിക്കുകയാണോ കര്‍ഷകര്‍? എന്താണ് നമ്മുടെ ആഭ്യന്തര തക്കാളിച്ചന്തയില്‍ നടക്കുന്നത്?
ആറ് മാസങ്ങൾക്ക് മുൻപായിരുന്നു കോലാറിലെ തക്കാളി കർഷകർ അത് ശ്രദ്ധിച്ചത്. തക്കാളി ചെടികളുടെ ഇലയിൽ വെളുത്ത നിറത്തിലൊരു വസ്തു. അധികം വൈകാതെ ആ ഇലകൾ ചുരുണ്ടു തുടങ്ങി, കുറച്ചു കഴിഞ്ഞപ്പോൾ ഉണങ്ങി തുടങ്ങി, ചെടികളിൽ ഒന്നാകെ ഇതേ അവസ്ഥ. തക്കാളി ചെടി ശോഷിച്ചു, വൈകാതെ തക്കാളികൾ ഉതിർന്നു പോയി. കൃഷി വകുപ്പിനെ കാര്യമറിയിച്ചു, കുറച്ചു താമസിച്ചെങ്കിലും സാമ്പിളുകൾ ശേഖരിക്കാൻ ആളെത്തി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികോർപ് റീസർച്ചിലെ ഗവേഷകർ ഇതേ കുറിച്ച് പഠിച്ചു. വൈറസ് ബാധ എന്ന് സ്ഥിരീകരിച്ചു.
വൈറസ് ബാധ അലട്ടുന്നതിനിടയിലും കർഷകർ കൃഷിയിറക്കി. മേയ് മുതൽ ഡിസംബർ വരെയുള്ള മാസക്കാലങ്ങളിൽ രാജ്യത്തെ തക്കാളി ആവശ്യത്തിൽ 75 ശതമാനവും നിറവേറ്റേണ്ട തക്കാളി പാടങ്ങളാണ് കോലാറിലേത്. വിളവെടുപ്പ് ആകുമ്പോഴേക്കും വൈറസ് ബാധ അവസാനിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു അവർക്ക്. വൈറസ് പ്രതീക്ഷകളെ തകിടം മറിച്ചതോടെ ജൂൺ മാസത്തിൽ വിതരണം ഉറപ്പു നൽകിയ തക്കാളിപെട്ടികളൊന്നും കോലാർ ചന്തയിൽ എത്തിയില്ല. ഇതോടെ തക്കാളി കിട്ടാക്കനിയായി, രാജ്യത്തെ തക്കാളി വില ഇന്ധന വിലയേക്കാൾ മുകളിലെത്തി.