INDIA

ഇതുവരെ അറിഞ്ഞതൊന്നുമല്ല സംഭവിച്ചത്; ഒഡിഷ ട്രെയിൻ ദുരന്തം മാനുഷിക പിഴവോ?

കോറമണ്ഡൽ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന്റെ തുടക്കം

വെബ് ഡെസ്ക്

മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച അസാധാരണ സംഭവമാണ് ഒഡിഷയിലെ ബാലസോറിലുണ്ടായത്. രാജ്യത്തെ ഒന്നാകെ നടുക്കിയ ട്രെയിൻ അപകടം മാനുഷിക പിഴവെന്ന സൂചനയിലേക്കാണ് പുറത്തുവരുന്ന വിവരങ്ങൾ വിരൾ ചൂണ്ടുന്നത്. അപകടത്തെ പറ്റിയുള്ള പുറത്തുവന്ന പ്രാഥമിക വിവരങ്ങളെ അപ്പാടെ തള്ളിക്കളുന്നതാണ് പുതിയ റിപ്പോർട്ട്.

അപകടത്തിന്റെ ആദ്യമണിക്കൂറിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഒരു ചരക്ക് ട്രെയിനിന്റെ സാനിധ്യം കൂടി ഉണ്ടായിരുന്നതായി ഒഡിഷ ചീഫ് സെക്രട്ടറി പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ പശ്ചിമ ബംഗാളിലെ ഹൗറയിലേക്ക് പോകുകയായിരുന്ന സർ എം വിശ്വേശ്വരയ്യ ടെർമിനൽ- ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12864) ബഹനഗ സ്റ്റേഷനടുത്ത് വച്ച് പാളം തെറ്റി സമീപത്തുള്ള ട്രാക്കിലേക്ക് മറിഞ്ഞു. അതേസമയം തന്നെ ചെന്നൈയിലേക്ക് പോകുകയായിരുന്ന കോരമണ്ഡൽ എക്സ്പ്രസ് (12841) അടുത്തുള്ള ട്രാക്കിലൂടെ കടന്ന് പോകുകയും പാളം തെറ്റിയ ട്രെയിനിന്റെ ബോഗികളുമായി കൂട്ടിയിടിക്കുകയുമായിരുന്നു എന്നാണ് ആദ്യം പുറത്തുവന്ന വിവരം.

മൂന്നാമതൊരു ചരക്ക് തീവണ്ടിയും അപകടത്തിൽ ഉൾപ്പെട്ടുവെന്ന വിവരം പിന്നീടാണ് അറിയുന്നത്. ഇതോടെ നടന്ന സംഭവം സംബന്ധിച്ച് പുതിയ വിശദീകരണം വന്നു. ആദ്യം പാളം തെറ്റിയ ട്രെയിനുമായി കൂട്ടിയിടിച്ച കോരമണ്ഡൽ എക്സ്പ്രസിന്റെ ബോഗികൾ ഗുഡ്സ് ട്രെയിനിൽ വന്നിടിച്ചുവെന്നായിരുന്നു പിന്നീട് വന്ന വിശദീകരണം. എന്നാൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇത് പൂർണമായും തള്ളിക്കളയുന്നു.

കോരമണ്ഡൽ എക്‌സ്പ്രസിൽ 1257 റിസർവ്ഡ് യാത്രക്കാരും യശ്വന്ത്പൂർ എക്‌സ്പ്രസിൽ 1039 റിസർവ്ഡ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്

നിലവിലെ റിപ്പോർട്ട്

പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ ഇടയിലായി സ്ഥിതി ചെയ്യുന്ന ബഹനഗ പോലെയുള്ള ഇന്റർമീഡിയേറ്റ്‌ സ്റ്റേഷനുകളിൽ സാധാരണയായി നാല് റെയിൽവേ ട്രാക്കുകൾ ഉണ്ടാകാറുണ്ട്. രണ്ട് പ്രധാന ട്രാക്കുകൾക്ക് പുറമെ ട്രെയിനുകൾ പിടിച്ചിടാൻ ഉപയോഗിക്കുന്ന രണ്ട് ലൂപ്പ് ട്രാക്കുകളും ഇത്തരം സ്റ്റേഷനുകളിൽ ഉണ്ടാകും. ട്രെയിനുകൾ പിടിച്ചിട്ട് മറ്റ് ട്രെയിനുകളെ കടത്തിവിടുന്നതിനാണ് ലൂപ്പ് ട്രാക്കുകൾ ഉപയോഗിക്കാറ്. അത്തരത്തിൽ ബഹനഗ സ്റ്റേഷന്റെ ലൂപ്പ് ട്രാക്കിലും ചെന്നൈയിലേക്ക് പോകുകയായിരുന്ന കോരമണ്ഡൽ എക്സ്പ്രസിനെ കയറ്റിവിടാൻ വേണ്ടി ചരക്ക് ട്രെയിന്‍ പിടിച്ചിട്ടിട്ടുണ്ടായിരുന്നു.

എന്നാൽ സിഗ്നലിലുണ്ടായ തകരാറോ ലോക്കോ പൈലറ്റിന്റെ അശ്രദ്ധക്കുറവോ മൂലം (കൃത്യമായ വിശദീകരണമില്ല) കോരമണ്ഡൽ എക്സ്പ്രസ് മെയിൻ ട്രാക്കിന് പകരം ലൂപ്പ് ട്രാക്കിലേക്ക് കയറുകയും നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയുമായിരുന്നു. കൂട്ടിയിടി നടക്കുന്ന സമയത്ത് മണിക്കൂറിൽ 130 കിലോമീറ്ററായിരുന്നു കോരമണ്ഡൽ എക്സ്പ്രസിന്റെ വേഗത. ഇത് മൂലം ഇടിയുടെ ആഘാതം വർധിക്കുകയും അഞ്ച് ബോഗികൾ ചരക്ക് ട്രെയിനിന്റെ മുകളിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. മറ്റുള്ള 17 ബോഗികൾ പാളം തെറ്റുകയും കുറഞ്ഞത് മൂന്നോളം ബോഗികൾ സമീപത്തുള്ള രണ്ടാമത്തെ മെയിൻ ട്രാക്കിലേക്ക് മറിയുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് ഏകദേശം ഏഴു മണിയോടെയാണ് സംഭവം നടക്കുന്നത്.

ഇതേസമയം സമീപത്തുള്ള മെയിൻ ട്രാക്കിലൂടെ ഹൗറയിലേക്ക് പോയികൊണ്ടിരുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ അവസാന ബോഗികളിലേക്കാണ് കോരമണ്ഡൽ എക്സ്പ്രസിന്റെ മൂന്നോളം ബോഗികൾ വന്ന് വീണത്. ഇതാണ് ആളപായം വർധിച്ചതിന്റെ പ്രധാന കാരണമെന്നാണ് അധികൃതർ നിലവിൽ വ്യക്‌തമാക്കുന്നത്‌. ഹൗറയിലേക്ക് പോയ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ രണ്ട് ബോഗികൾക്കും കോറമാണ്ഡൽ എക്സ്പ്രസിന്റെ തെറിച്ചുവീണ മൂന്ന് ബോഗികൾക്കുമാണ് ഏറ്റവുമധികം കേടുപാടുകൾ സംഭവിച്ചത്. 260ലധികം ആളുകളുടെ മരണത്തിനും 900ത്തോളം പേർക്ക് പരുക്കേൽക്കുന്നതിനും കാരണമായത് ഈ കൂട്ടിയിടിയാണ്

അപകടസ്ഥലം സന്ദർശിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നത തല കമ്മിറ്റി രൂപീകരിച്ച് അന്വേഷണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ റെയിൽവേ കമ്മിഷണറും അന്വേഷണം നടത്തും. ഇതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നാൽ മാത്രമേ എന്താണ് സംഭവിച്ചതെന്നും ആരുടേതാണ് പിഴവെന്നും കൃത്യമായി അറിയാൻ കഴിയു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം