ചില 'തെറ്റുകള്‍' മനപ്പൂര്‍വം വരുത്തുന്ന, ഇന്ത്യയിലെ ഏറ്റവും സമര്‍ഥനായ രാഷ്ട്രീയക്കാരന്‍... നിതീഷ് കുമാര്‍ എന്ന പയറ്റിത്തെളിഞ്ഞ നേതാവിനെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. സ്വന്തം കാര്യം നോക്കാന്‍ നിതീഷിനെ ആരും പഠിപ്പിക്കേണ്ടതില്ല. ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടക്കുമ്പോള്‍ത്തന്നെ അതിനുചേര്‍ന്ന അളവില്‍ മത-ജാതിവോട്ട് രാഷ്ട്രീയം കളിക്കാനും അതിനിപുണന്‍.
രണ്ടു വ്യത്യസ്ത പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കിടയില്‍ അതീവ മെയ്‌വഴക്കത്തോടെ ഒട്ടും പരിക്കേല്‍ക്കാതെ ചാടിക്കളിക്കുന്ന രീതി നിതീഷ് ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. ഓരോതവണ അത്തരത്തില്‍ ചാടിയപ്പോഴും വ്യക്തമായ ലക്ഷ്യവുമുണ്ടായിരുന്നു. ഇക്കുറി ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയ പാളയം ഉപേക്ഷിച്ചു വീണ്ടും മതേതര പാളയത്തിലേക്ക് എത്തുമ്പോള്‍ നിതീഷ് ലക്ഷ്യം വയ്ക്കുന്നത് എന്താകും. തന്റെ ചിരകാല സ്വപ്‌നമായ പ്രധാനമന്ത്രി പദമോ?
സഖ്യം തകരാനുള്ള കാരണങ്ങള്‍?
രണ്ടു പതിറ്റാണ്ടിനിടെ ഒരിക്കല്‍പ്പോലും സുഖകരമായ ബന്ധമായിരുന്നില്ല നിതീഷിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉണ്ടായിരുന്നത്. 2013-ല്‍ ബിജെപി മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് അന്നു നിതീഷ് സഖ്യം ഉപേക്ഷിച്ചത്.
പിന്നീട് ലാലുപ്രസാദ് യാദവ് നയിച്ച ആര്‍ജെഡിക്കൊപ്പം ചേര്‍ന്ന് 2015-ല്‍ ബിഹാര്‍ പിടിച്ച നിതീഷ് പക്ഷേ രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും മറുകണ്ടം ചാടി, അപ്പോഴേക്കും പ്രധാനമന്ത്രി പദത്തിലെത്തിയിരുന്ന മോദിയുമായി ഐക്യപ്പെട്ടു.
രാഷ്ട്രീയക്കളിയിലെ 'പിന്നില്‍നിന്നുള്ള കുത്തുകള്‍' ഒന്നും മറക്കാത്തയാളാണ് മോദി. എന്നാല്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ തൂത്തുവാരാന്‍ നിതീഷിനെ ആവശ്യമായിരുന്ന മോദിയും ബിജെപിയും അവസരംകാത്തു ക്ഷമയോടെ ഇരുന്നു. മാത്രമല്ല 2014-ല്‍ തങ്ങള്‍ ജയിച്ച അഞ്ചു സീറ്റുകള്‍ വിട്ടുനല്‍കിയുമാണ് നിതീഷിനെ അവര്‍ സ്വീകരിച്ചത്.
പക്ഷേ തെരഞ്ഞെടുപ്പിനു ശേഷം നിതീഷിന് കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെയായിരുന്നില്ല. ഒരേയൊരു ക്യാബിനറ്റ് മന്ത്രി സ്ഥാനമാണ് രണ്ടാം മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. താന്‍ അപമാനിക്കപ്പെട്ടുവെന്ന് മനസിലായെങ്കിലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു നിതീഷ് എന്ന രാഷ്ട്രീയ ചാണക്യന്റേത്. ഒടുവില്‍ മന്ത്രിസഭയില്‍ ചേരുന്നില്ലെന്നു പ്രഖ്യാപിച്ചു മുഖം രക്ഷിക്കാന്‍ മാത്രമേ സാധിച്ചുള്ളു.
ആര്‍സിപി എന്ന ആയുധം !
എന്നാല്‍ ബിജെപിയും മോദിയും രണ്ടും കല്‍പിച്ചായിരുന്നു. നിതീഷിന്റെ പാര്‍ട്ടിയില്‍ നിന്ന് തന്റെ വിശ്വസ്തനായ ആര്‍സിപി സിങ്ങിനെ നിതീഷിനോട് ആലോചിക്കാതെ മോദി തന്റെ മന്ത്രിസഭയിലെടുത്തു. ഒരു കാലത്ത് നിതീഷ് കുമാറിന്റെ വിശ്വസ്തനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നു സിങ്. പാര്‍ട്ടിയില്‍ മികച്ച പ്രവര്‍ത്തനം കാഴചവെച്ചു ജെഡിയുവിന്റെ ദേശീയ അധ്യക്ഷന്‍ വരെയായ ആള്‍. പിന്നീട് ആര്‍സിപി സിങ് മോദി-അമിത് ഷാമാരുമായി കൂടുതല്‍ അടുക്കുകയായിരുന്നു. ഈ അടുപ്പമാണ് അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിച്ചതും.
അഭിമാനം വൃണപ്പെട്ടെങ്കിലും നിതീഷിനു മൗനം പാലിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. എന്നാല്‍ തന്നെ 'വഞ്ചിച്ച' ആര്‍സിപി സിങ്ങിനോട് നിതീഷ് പകരംവീട്ടി. അടുത്തിടെ അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചപ്പോള്‍ അതിനു തുടര്‍ച്ചയുണ്ടാകില്ലെന്നു നിതീഷ് ഉറപ്പുവരുത്തി. എന്നാല്‍ ആ വിജയം താല്‍ക്കാലികമായിരുന്നു. നിതീഷിന്റെ ഒപ്പം തനിക്ക് ഇനി ഭാവിയുണ്ടാകില്ലെന്നു മനസിലാക്കി ആര്‍സിപി സിങ് ബിജെപിയില്‍ ചേരുമെന്നു പ്രഖ്യാപിച്ചതോടെ കാല്‍ച്ചുവട്ടില്‍ നിന്നു മണ്ണൊലിച്ചു പോകുന്നത് നിതീഷ് തിരിച്ചറിഞ്ഞു.
ബിജെപി പല സംസ്ഥാനങ്ങളിലും പ്രയോഗിച്ചു വരുന്ന റിസോര്‍ട്ട് രാഷ്ട്രീയത്തെ വല്ലാതെ ഭയപ്പെടുന്ന നിതീഷ് തനിക്കെതിരേ ആര്‍പിസി സിങ് ഒരായുധമായി മാറുമെന്നു തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ ഒരുമുഴം മുമ്പേ എറിഞ്ഞത്. ഇതിനുള്ള തയാറെടുപ്പുകള്‍ നിതീഷ് നേരത്തെ നടത്തിയിരുന്നു. അതിന്റെ സൂചനകളായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന നീതി ആയോഗിന്റെ യോഗത്തിലും, രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും അമിത് ഷാ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍നിന്നുമൊക്കെ വിട്ടുനിന്ന് നിതീഷ് നല്‍കിയത്.
ബിജെപിയുമായുള്ള ബന്ധം വഷളായതോടെ മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയെ ഉപയോഗിച്ച് നടത്തിയ വിമതനീക്കം സിങിനെ ഉപയോഗിച്ച് ബീഹാറിലും നടപ്പാക്കുമെന്ന ഭയം നിതീഷിനെ വേട്ടയാടിയിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ സിങിന് അവസരം നല്‍കാതിരുന്നതിനു പിന്നിലും ഇക്കാരണങ്ങളാണ്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുമായി സഖ്യമില്ലാതെ മത്സരിക്കണമെന്ന നിലപാട് ബിജെപി സംസ്ഥാന നേതൃത്വത്തിനും നേരത്തെ മുതലുണ്ട്. 'ഹിന്ദി ഹൃദയഭൂമിയില്‍' ബിജെപി ഇതുവരെ ഒറ്റയ്ക്കു സര്‍ക്കാര്‍ രൂപീകരിക്കാത്ത ഏക സംസ്ഥാനമാണ് ബീഹാര്‍. കഴിഞ്ഞ വര്‍ഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ആകെയുള്ള 243 സീറ്റുകളില്‍ 74 ഉം ലഭിച്ചിട്ടും വെറും 43 സീറ്റുകള്‍ മാത്രമുളള നിതീഷ് കുമാറിനെ മന്ത്രിയായി അംഗീകരിക്കേണ്ടി വന്നത് ബിജെപിക്ക് വലിയ ആഘാതമുണ്ടാക്കിയിരുന്നു.
ലാലു-നിതീഷ് കൂട്ടുകെട്ട് വീണ്ടും?
ബിജെപി സഖ്യം ഉപേക്ഷിക്കാനും മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാനുമുള്ള മറ്റൊരു കാരണം ആര്‍ജെഡി സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചതാണ്. ഒരേ സമയം നിതീഷിന്റെ ശത്രുവും മിത്രവുമായ ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടി സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് ഈ സാഹസങ്ങള്‍ക്കെല്ലാം നിതീഷ് മുതിര്‍ന്നത്. ആര്‍ജെഡി - ജെഡിയു സഖ്യം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നാണ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വിനി യാദവിനെ നിതീഷ് അറിയിച്ചത്.
പ്രധാനമന്ത്രി മോഹം
കോണ്‍ഗ്രസും ആര്‍ജെഡിക്കൊപ്പം ജെഡിയുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ കേന്ദ്രത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യത്തിന്റെ നേതൃനിരയിലേക്ക് എത്താമെന്നും നിതീഷ് പ്രതീക്ഷ പുലര്‍ത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിശാല സഖ്യം തകര്‍ന്നടിയാന്‍ കാരണം മോദി പ്രഭാവത്തിന് ഒപ്പം നില്‍ക്കുന്ന ഒരു നേതാവ് ഇല്ല എന്നതാണെന്നു പരക്കെ അഭിപ്രായം ഉയര്‍ന്നിരുന്നു. ആ നേതൃസ്ഥാനം ഏറ്റെടുക്കാമെന്നും അതുവഴി പ്രധാനമന്ത്രി പദമെന്ന തന്റെ ചിരകാല അഭിലാഷം നേടിയെടുക്കാമെന്നും നിതീഷ് സ്വപ്‌നം കാണുന്നു. ഇതും ഇപ്പോഴത്തെ രാഷ്ട്രീയ നീക്കത്തിന് അദ്ദേഹത്തിനു പ്രചോദനമായിട്ടുണ്ടാകും.