INDIA

'എല്ലാക്കാലവും സൂക്ഷിക്കാനാകില്ല'; ഡല്‍ഹി പോലീസ് പിടിച്ചെടുത്ത 'ദി വയറി'ലെ ഉപകരണങ്ങൾ വിട്ട് നൽകണമെന്ന് ഡൽഹി കോടതി

15 ദിവസത്തിനകം ഉപകരണങ്ങൾ വിട്ടുനൽകണമെന്നാണ് കോടതി ഉത്തരവ്

വെബ് ഡെസ്ക്

അപകീര്‍ത്തിപ്പെടുത്തിയെന്ന ബിജെപി നേതാവ് അമിത് മാളവ്യയുടെ പരാതിയുടെ ഭാഗമായി ഓൺലൈൻ പോർട്ടലായ ദി വയറിന്റെ എഡിറ്റർമാരിൽ നിന്ന് ഡൽഹി പോലീസ് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ വിട്ടുനൽകാൻ ഉത്തരവിട്ട് ഡൽഹി കോടതി. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഡൽഹി പോലീസ് പിടിച്ചെടുത്ത 15 ദിവസത്തിനകം ഉപകരണങ്ങൾ വിട്ടുനൽകണമെന്നാണ് ഉത്തരവ്. ദി വയര്‍ എഡിറ്റർമാർ സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്.

സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ പോർട്ടലിന്റെ സ്ഥാപക എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എംകെ വേണു, സിദ്ധാർത്ഥ് ഭാട്ടിയ, ഡെപ്യൂട്ടി എഡിറ്റർ ജാഹ്‌നവി സെന്‍, പ്രൊഡക്റ്റ് കം ബിസിനസ് ഹെഡ് മിഥുൻ കിഡംബി എന്നിവർക്ക് മടക്കി നൽകാതിരിക്കാനായി മതിയായ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീസ് ഹസാരി കോടതിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സിദ്ധാർത്ഥ മാലികിന്റെ ഉത്തരവ്.

അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത ഉപകരണങ്ങൾ ദീർഘകാലമായി ഉദ്യോഗസ്ഥരുടെ കൈവശം ഉണ്ടായിരുന്നതിനാൽ തുടർന്നുള്ള അന്വേഷണത്തിന് അവയുടെ മിറർ ഇമേജുകൾ എഫ്എസ്എല്ലിൽ (ഫൊറൻസിക് സയൻസ് ലബോറട്ടറി ഡിവിഷൻ) നിന്നെടുക്കാമെന്നും കോടതി നിരീക്ഷിച്ചു. 'പിടിച്ചെടുത്ത ഉപകരണങ്ങൾ തുടരന്വേഷണത്തിന് ആവശ്യമായി വരുമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാദം പുതിയ വസ്തുതകൾ ഇനിയും പുറത്ത് വരുമെന്ന അനുമാനം അടിസ്ഥാനമാക്കിയുള്ള ഊഹം മാത്രമാണ്. ഇത്തരമൊരു ഊഹത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പിടിച്ചെടുത്ത ഉപകരണങ്ങൾ ദീഘകാലം കൈവശം വയ്ക്കാൻ അനുവദിക്കാൻ സാധിക്കില്ല', കോടതി പറഞ്ഞു.

ആവശ്യമെങ്കിൽ പിന്നീടുള്ള ഘട്ടത്തിൽ അന്വേഷണത്തിനായി ഐഒയ്ക്ക് ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് ഉറപ്പാക്കാനായി എഡിറ്റർമാർക്ക് ന്യായമായ വ്യവസ്ഥകൾ ചുമത്താമെന്നും കോടതി പറഞ്ഞു. അതിനാൽ ഉപകരണങ്ങൾ സ്വന്തം കസ്റ്റഡിയിൽ സൂക്ഷിക്കാനായി അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി എഡിറ്റർമാരോട് നിർദ്ദേശിച്ചു.

വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന ബിജെപി നേതാവ് അമിത് മാളവ്യയുടെ പരാതിയില്‍ വയറിനെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു വയറിന്റെ എഡിറ്റർമാരിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തത്. അമിത് മാളവ്യയ്ക്ക് അപ്രിയമായ 700 ലധികം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്യുന്നു എന്ന് ദി വയര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലായിരുന്നു ഡല്‍ഹി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മെറ്റയിലെ ഉദ്യോഗസ്ഥന്‍ തന്നെ പുറത്തുവിട്ട രേഖകള്‍ അടിസ്ഥാനമാക്കിയായിരുന്നു ദി വയര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദി വയര്‍ ലേഖനങ്ങളുടെ ഒരു പരമ്പര തന്നെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അത് വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ എക്‌സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസറായ ജാഹ്‌നവി സെന്‍ വാര്‍ത്തയില്‍ സംഭവിച്ച പാകപ്പിഴയുടെ പേരില്‍ വായനക്കാരോട് ക്ഷമാപണവും നടത്തിയിരുന്നു. എന്നാല്‍, പദവിയെ അപകീര്‍ത്തിപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്തിട്ടും തന്നോട് മാത്രം ദി വയര്‍ ക്ഷമ ചോദിച്ചില്ല എന്നായിരുന്നു അമിത് മാളവ്യയുടെ ആരോപണം.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി