INDIA

അര്‍ധരാത്രിയില്‍ നാഗാർജുനസാഗർ അണക്കെട്ടിന്റെ പകുതി നിയന്ത്രണം ഏറ്റെടുത്ത് ആന്ധ്ര; ഇരുസംസ്ഥാനങ്ങൾ രാഷ്ട്രീയ പോരിലേക്ക്

വോട്ടെടുപ്പ് ദിനത്തിൽ തെലങ്കാന വികാരം ഉണർത്തിവിടാൻ ബിആർഎസ് നേതാവ് ആസൂത്രണം ചെയ്ത പദ്ധതിയാണ് കയ്യേറ്റമെന്ന് തെലങ്കാന കോൺഗ്രസ് നേതാവ് രേവന്ത് റെഡ്‌ഡി ആരോപിച്ചു

വെബ് ഡെസ്ക്

വ്യാഴാഴ്ച തെലങ്കാന വോട്ടെടുപ്പിലേക്ക് നീങ്ങുന്നതിന് മണിക്കൂറുകൾ മുൻപ്, മുന്നറിയിപ്പില്ലാതെ നാഗാർജുനസാഗർ അണക്കെട്ടിന്റെ പകുതി ഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ആന്ധ്രാപ്രദേശ്. 2014ൽ തെലങ്കാന രൂപീകൃതമായ ശേഷം ഈ അണക്കെട്ടിന്റെ കാര്യത്തിൽ ആന്ധ്രയുമായി തർക്കം നിലനിൽക്കെയാണ് നീക്കം.

വോട്ടെടുപ്പ് ദിനത്തിൽ തെലങ്കാന വികാരം ഉണർത്തിവിടാൻ ബിആർഎസ് നേതാവ് ആസൂത്രണം ചെയ്ത പദ്ധതിയാണ് കയ്യേറ്റമെന്ന് തെലങ്കാന കോൺഗ്രസ് നേതാവ് രേവന്ത് റെഡ്‌ഡി ആരോപിച്ചു. ജല തർക്കം പരിഹരിക്കുന്നതിൽ ബിആർഎസ് സർക്കാർ പരാജയപ്പെട്ടതിനാലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് രേവന്ത് പറഞ്ഞു.

അണക്കെട്ടിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പുറമെ ആന്ധ്രയിലേക്ക് വെള്ളം തുറന്നുവിടുക കൂടി ചെയ്തത് വിഷയത്തെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. അണക്കെട്ട് പിടിച്ചെടുക്കാനുള്ള ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസിന്റെ നീക്കത്തിനെതിരെ കെ ചന്ദ്രശേഖർ റാവു സർക്കാർ കൃഷ്ണ റിവർ മാനേജ്‍മെന്റ് ബോർഡിന് പരാതി നൽകിയിട്ടുണ്ട്. അണക്കെട്ടിൽനിന്ന് ഇരുസംസ്ഥാനങ്ങൾക്കും വെള്ളം അനുവദിക്കുന്നത് കെആർഎംബിയാണ്. രണ്ടുസംസ്ഥാനങ്ങളുടെയും വൈദ്യുതി ഉത്പാദനം, ജലസേചനം, കുടിവെള്ളം എന്നിവയെല്ലാം ഈ അണക്കെട്ടിനെ ആശ്രയിച്ചാണ് നടക്കുന്നത്.

വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ നാനൂറോളം പോലീസുകാരെ അണിനിരത്തിയാണ് ആന്ധ്രയിൽനിന്നുള്ള ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ അണക്കെട്ടിലേക്ക് എത്തിയത്. തെലങ്കാനയെ ഞെട്ടിച്ചുകൊണ്ടുള്ള നീക്കത്തിൽ അണക്കെട്ടിലേക്കുള്ള 36 ഗേറ്റുകളുടെ നിയന്ത്രണം പിടിച്ചെടുക്കുകയായിരുന്നു. തെലങ്കാന ഉദ്യോഗസ്ഥരും പോലീസുകാരും സംഭവസ്ഥലത്ത് എത്തിയതോടെ ഇരുവിഭാഗങ്ങളും തർക്കത്തിലായി. എന്നാൽ തങ്ങളുടെ സർക്കാരിന്റെ നിർദേശപ്രകാരമാണ് ചുമതല നിർവഹിക്കുന്നതെന്ന് ആന്ധ്ര ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.

നിലവിൽ ആധാർ കാർഡുകൾ കാണിക്കാതെ തെലങ്കാനയിൽനിന്നുള്ള വാഹനങ്ങൾ അണക്കെട്ടിലേക്ക് അനുവദിക്കുന്നില്ല എന്ന ആക്ഷേപവും നിലവിലുണ്ട്. മൂന്നുവർഷം മുൻപും ആന്ധ്ര സമാനമായ ശ്രമം നടത്തി പരാജയപ്പെട്ടതായി തെലങ്കാന അധികൃതർ പറഞ്ഞു. "ആന്ധ്ര സർക്കാർ 10,000 ക്യുസെക്‌സ് വെള്ളം ഇപ്പോൾ തുറന്നുവിടുന്നുണ്ടെന്നാണ് വിവരം. അവർ കുറച്ച് ആഴ്ചകളായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ നീക്കമാണിത്. അവർ സിസിടിവി ക്യാമറകളും ഓട്ടോമേറ്റഡ് എൻട്രി ഗേറ്റും പോലും കേടുവരുത്തി” മുഖ്യമന്ത്രി കെസിആറിന്റെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, അണക്കെട്ടിലെ തങ്ങളുടെ ഭാഗം തെലങ്കാന സർക്കാർ കൈവശപ്പെടുത്തിയതിനോടുള്ള പ്രതികരണമാണിതെന്നാണ് ആന്ധ്ര സർക്കാരിന്റെ പക്ഷം. പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് രണ്ട് സംസ്ഥാനങ്ങളിലെയും പോലീസ് തമ്മിൽ സംഘർഷം ഉണ്ടാകുന്നത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി