ജി20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങാനിരിക്കവേ വിമാനത്തിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര തടസപ്പെട്ട കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ തുടരുന്നു. തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലെത്തുമെന്ന് പ്രതീക്ഷിച്ച പകരം വിമാനം ഷെഡ്യൂള്‍ ചെയ്യാതെ വഴിതിരിച്ച് വിട്ടത് കാരണമാണ് മടക്കം വീണ്ടും വൈകുന്നത്. ഡൽഹിയിലേക്ക് അയച്ച റോയൽ കനേഡിയൻ എയർഫോഴ്‌സിന്റെ സിസി-150 പോളാരിസ് ലണ്ടനിലേക്ക് വഴിതിരിച്ചുവിട്ടതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ വിമാനം വഴിതിരിച്ചുവിടാനുള്ള കാരണം വ്യക്തമല്ല.
ചൊവ്വാഴ്ച രാവിലെ (പ്രാദേശിക സമയം) മാത്രമേ സിസി-150 പൊളാരിസ് ലണ്ടനിൽ നിന്ന് പുറപ്പെടുകയുള്ളൂവെന്നാണ് റിപ്പോർട്ട്. പകരം വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള യന്ത്രഭാഗവും വിദഗ്ദ്ധരടങ്ങുന്ന സംഘത്തേയും ഇന്ത്യയിലേക്ക് അയച്ചതായി കാനഡ അധികൃതര്‍ അറിയിച്ചു. വ്യോമ സുരക്ഷാ ചട്ടങ്ങള്‍ തൃപ്തികരമാണെങ്കില്‍ ഔദ്യോഗിക വിമാനത്തില്‍ തന്നെ ട്രൂഡോയ്ക്ക് തിരികെ പോകാനാകും. ഒരുപക്ഷേ ഔദ്യോഗിക വിമാനവും പകരം ഏര്‍പ്പെടുത്തിയ വിമാനവും ലഭ്യമായില്ലെങ്കില്‍ ട്രൂഡോയെയും സംഘത്തെയും തിരികെ കൊണ്ടുപോകാന്‍ മറ്റൊരു വിമാനവും ഏര്‍പ്പാടാക്കും.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ട്രൂഡോ ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് മടങ്ങേണ്ടിയിരുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ പ്രതിനിധി സംഘം കാത്തിരിക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതികത്തകരാറുണ്ടെന്ന അറിയിപ്പ് ലഭിച്ചത്. തുടർന്ന് അദ്ദേഹത്തിന് തിരിച്ചിറങ്ങേണ്ടി വന്നു.
അതേസമയം ട്രൂഡോയുടെ ഔദ്യോഗിക വിമാനം പണിമുടക്കുന്നത് ഇതാദ്യമായല്ല. 36 വർഷം പഴക്കമുള്ള വിമാനം നേരത്തെയും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. 2016 ഒക്ടോബറിൽ ബെൽജിയത്തിലേക്ക് പറന്നുയർന്ന് അരമണിക്കൂറിനുശേഷം അത് ഒട്ടാവയിൽ തിരിച്ചിറക്കിയിരുന്നു. 2019ല്‍ കാനഡയിലെ ഒണ്‍ടാരിയോയില്‍ ലാന്‍ഡിങ്ങിനിടെ ഔദ്യോഗിക വിമാനം നിയന്ത്രണം വിട്ടതും വാര്‍ത്തയായിരുന്നു.