INDIA

ലഡാക്കിലെ പ്രതിഷേധം; അനുച്ഛേദം 371 പ്രകാരമുള്ള സംരക്ഷണം നല്‍കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന അവരുടെ ആവശ്യം സാധിച്ചു കൊടുക്കാന്‍ സര്‍ക്കാരിനാകില്ലെന്ന് അമിത് ഷാ പറഞ്ഞു.

വെബ് ഡെസ്ക്

ജമ്മു കശ്മീരിലെ ലഡാക്കില്‍ അനുച്ഛേദം 371 പ്രകാരമുള്ള സംരക്ഷണം നല്‍കാനുള്ള ആലോചനയില്‍ കേന്ദ്രം. ലഡാക്കിലുടനീളമുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ലെ അപെക്‌സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും ചര്‍ച്ച നടത്തിയതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലഡാക്കിലെ ജനങ്ങളുടെ ഭൂമി, തൊഴില്‍, സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള എല്ലാ ആശങ്കകളും അനുച്ഛേദം 371 പ്രകാരമുള്ള പ്രത്യേക വ്യവസ്ഥകളിലൂടെ പരിഹരിക്കുമെന്ന് അമിത് ഷാ അറിയിച്ചിട്ടുണ്ട്. അതേസമയം, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന അവരുടെ ആവശ്യം സാധിച്ചു കൊടുക്കാന്‍ സര്‍ക്കാരിനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ നിന്നും വ്യത്യസ്തമായി നിയമസഭയില്ലാത്ത കേന്ദ്ര ഭരണപ്രദേശമാണ് ലഡാക്ക്. എന്നാല്‍ അവരുടെ നിയമസഭയെന്ന ആവശ്യവും കേന്ദ്രം നിരസിച്ചതായാണ് സ്രോതസുകള്‍ പറയുന്നത്.

ലഡാക്കിലെ 80 ശതമാനം ജോലികളും തദ്ദേശീയര്‍ക്ക് സംവരണം ചെയ്യാന്‍ കേന്ദ്രം തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതായി ചര്‍ച്ചയുടെ ഭാഗമായ ലഡാക്കിലെ ഒരു നേതാവ് വ്യക്തമാക്കി. മേഖലയിലെ നേതാക്കള്‍ ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയടക്കം ആഭ്യന്തര മന്ത്രാലയത്തിലെ പല നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

സംസ്ഥാനപദവി, നിയമസഭ, ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തല്‍ എന്നീ ആവശ്യങ്ങളും വ്യാവസായികവത്ക്കരണം കാരണമുള്ള പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചുള്ള ആശങ്കകളും പങ്കുവെച്ച് കൊണ്ടുള്ള വലിയ പ്രതിഷേധമായിരുന്നു ലഡാക്കിലുണ്ടായത്. ലഡാക്കിലെ കാര്യങ്ങളെല്ലാം ബ്യൂറോക്രാറ്റിക്കായെന്നും നിയമസഭയിലൂടെയുള്ള പൊതു പ്രാതിനിധ്യമാണ് ലഡാക്കിന്റെ ആവശ്യമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിബദ്ധത കാണിക്കുന്നില്ലെന്നും പ്രതിഷേധകൂട്ടായ്മയുടെ നേതാവ് കൂട്ടിച്ചേര്‍ത്തു.

നിയമസഭയെന്ന ആവശ്യം നിരസിച്ച അമിത് ഷാ ഹില്‍ കൗണ്‍സിലിലൂടെ സാധാരണക്കാരുടെ പ്രാതിനിത്യം ഉറപ്പ് വരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര കമ്മിറ്റി ഈ ആവശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം