കര്‍ണാടകയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി അര്‍ജുനുവേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസത്തിൽ. അർജുനെ കണ്ടെത്താൻ ഇന്ന് സൈന്യമിറങ്ങും. ബെലഗാവി ക്യാമ്പിൽ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘം അങ്കോലയിൽ എത്തി. തിരച്ചിലിനെ സഹായിക്കാനായി ഐഎസ്ആർഒ ഉപഗ്രഹ ചിത്രങ്ങളും നൽകും. തിരച്ചിൽ അല്പസമയത്തിന് ശേഷം ആരംഭിക്കും.
മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതിഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തിരച്ചിലും നടത്തും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. ഇന്ന് ഉച്ചയോടെയായിരിക്കും സിദ്ധരാമയ്യ ഷിരൂരിലെത്തുക.
കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്നലെ ഏകദേശം എട്ട് മണിയോടെ തന്നെ അവസാനിപ്പിച്ചിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. പത്ത് മണിവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ അതിശക്തമായ മഴയെത്തുടർന്ന് പിൻവാങ്ങേണ്ടി വന്നു. നിലവിൽ രണ്ടാംഘട്ട റഡാർ പരിശോധനയിൽ ഒരു സിഗ്നൽകൂടി ലഭിച്ചിട്ടുണ്ട്. ആകെ നാല് സിഗ്നലുകളാണ് ലഭിച്ചത് ഇതുവരെ ലഭിച്ചത്. ആദ്യഘട്ട പരിശോധനയിൽ മൂന്നു സിഗ്നലുകൾ ലഭിച്ചിരുന്നു.
അതേസമയം രക്ഷാപ്രവർത്തനത്തിന് ഞായറാഴ്ച സൈന്യവുമെത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എംകെ രാഘവൻ എംപിയെ അറിയിച്ചു. തിരച്ചിലിന് സൈന്യം ഇറങ്ങണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു.
അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളില്‍ ചിലര്‍ അപകട സ്ഥലത്തേക്ക് പോയി രക്ഷാപ്രവര്‍ത്തകര്‍ക്ക് ജിപിഎസ് വിവരങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന്, വിവരം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായതിന് ശേഷമാണ് ഗൗരവതരമായ തിരച്ചില്‍ ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു.
അര്‍ജുന്‍ ഉണ്ടെന്നു കരുതപ്പെടുന്ന വാഹനത്തിന്റെ എന്‍ജിന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ജിപിഎസ് സംവിധാനം വഴിയുള്ള പരിശോധനയില്‍ വാഹനത്തിന് കേടുപാടുകളില്ല.