INDIA

'തിരഞ്ഞിട്ടും തിരഞ്ഞിട്ടും കിട്ടിയില്ല'; അംബേദ്കറുടെ രാജിക്കത്ത് ഔദ്യോഗിക രേഖകളില്‍ കാണാനില്ല

വിവരാവകാശ നിയമ പ്രകാരം ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു കത്ത് പരിശോധിച്ചത്

വെബ് ഡെസ്ക്

ഇന്ത്യയുടെ ഭരണഘടനാ ശില്‍പിയും പ്രഥമ നിയമ മന്ത്രിയുമായ ഡോ. ബി ആര്‍ അംബേദ്കറുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കാണാതായി. നിയമ മന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ച് കൊണ്ട് അംബേദ്കര്‍ നല്‍കിയ കത്താണ് ഔദ്യോഗിക രേഖകളില്‍ നിന്ന് നഷ്ടപ്പെട്ടത്. ഭരണഘടനാകാര്യ വിഭാഗത്തില്‍ തെരച്ചില്‍ നടത്തിയിട്ടും ഭരണഘടനാ ശില്‍പിയുടെ രാജി സംബന്ധിച്ച രേഖ കണ്ടെത്താനായില്ലെന്ന് രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര വിവരാവകാശ കമ്മീഷനെ രേഖാമൂലം അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു കത്ത് പരിശോധിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, രാഷ്ട്രപതിയുടെ ഓഫീസ് എന്നിവ അപേക്ഷ പ്രകാരം ബന്ധപ്പെട്ട രേഖയ്ക്കായി പരിശോധന നടത്തിയിരുന്നു

പ്രഥമ നിയമ മന്ത്രി സ്ഥാനത്ത് നിന്നും ഡോ. ബി ആര്‍ അംബേദ്കര്‍ രാജിവച്ചു കൊണ്ട് സമര്‍പ്പിക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്ത കത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു വിവരാവകാശ അപേക്ഷ. പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, രാഷ്ട്രപതിയുടെ ഓഫീസ് എന്നിവ അപേക്ഷ പ്രകാരം ബന്ധപ്പെട്ട രേഖയ്ക്കായി പരിശോധന നടത്തിയിരുന്നു.

1951 ഒക്ടോബർ 11 ന് അംബേദ്കറുടെ രാജി രാഷ്ട്രപതി അംഗീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ എന്നാണ് പ്രധാനമന്ത്രിക്ക് അംബേദ്കറുടെ രാജിക്കത്ത് ലഭിച്ചത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് കൃത്യമായ ധാരണയില്ല. ഇതോടെയാണ് അപേക്ഷ കാബിറ്റ് സെക്രട്ടേറിയറ്റിലേക്ക് കൈമാറിയത്. എന്നാല്‍ മറ്റ് വിവരങ്ങളൊന്നും തങ്ങള്‍ക്കറിയില്ലെന്നും കാബിനറ്റ് സെക്രട്ടേറിയറ്റ് വ്യക്തമാക്കുന്നു. 1951 ഒക്ടോബർ 11 ന് അംബേദ്കറുടെ രാജി രാഷ്ട്രപതി അംഗീകരിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ ഓഫീസിന് മുന്നിലേക്ക് വിഷയം എത്തുന്നത്. എന്നാല്‍ കത്ത് സംബന്ധിച്ച് ഭരണഘടനാ കാര്യ വിഭാഗത്തില്‍ വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും വിവരങ്ങള്‍ ഒന്നും ലഭിച്ചില്ലെന്ന് അറിയിക്കുകയായിരുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രി സഭയില്‍ നിയമ മന്ത്രിയായിരുന്ന ഡോ. ബി ആര്‍ അംബേദ്കറുടെ രാജി സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിരുന്നില്ല. ഹിന്ദു കോഡ് ബില്ലിനെ പിന്തുണയ്ക്കാന്‍ അന്നത്തെ മന്ത്രിസഭ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജി എന്നാണ് പൊതുവേയുള്ള വിവരം. ഇതേ വിഷയത്തില്‍ നേരത്തെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് 2016 ല്‍ ബീഹാര്‍ ഗവര്‍ണറായിരിക്കെ ഇതേ പരാമര്‍ശം നടത്തിയിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം