ഒന്നരമാസമായി മണിപ്പൂരില്‍ തുടരുന്ന അക്രമ സംഭവങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് അമിത് ഷായുടെ പ്രതികരണം.
മണിപ്പൂര്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടില്ലെന്ന് നടിക്കുന്നു എന്ന ആരോപണങ്ങള്‍ക്കും അമിത് ഷാ മറുപടി പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മോശമായെന്ന് വ്യക്തമായ സമയം മുതല്‍ എല്ലാ ദിവസവും പ്രധാനമന്ത്രി വിവരങ്ങള്‍ തിരക്കാറുണ്ടെന്നായിരുന്നു അമിത് ഷാ നടത്തിയ പ്രതികരണം. സര്‍വക്ഷിയോഗത്തെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ച് മണിപ്പൂരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത്ത് പത്ര വ്യക്തമാക്കി.
മണിപ്പൂരിൽ സമാധാനം കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ല
രാജ്യത്തേക്ക് അനധികൃതമായി കുടിയേറുന്നവരാണ് പ്രശ്നങ്ങള്‍ക്ക് പിന്നില്‍ എന്ന വാദവും അമിത് ഷാ സര്‍വകക്ഷിയോഗത്തില്‍ ഉന്നയിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ആളുകള്‍ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നിടത്ത് നിന്ന് 10 കിലോമീറ്റര്‍ നീളത്തില്‍ ഫെന്‍സിങ് നടത്തിയിട്ടുണ്ടെന്നും സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെന്നും അമിത് ഷാ പറഞ്ഞു.
അക്രമം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ആക്ഷേപമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍വകക്ഷിയോഗത്തില്‍ ഉന്നയിച്ചത്. ബിജെപി മുഖ്യമന്ത്രി എൻ ബിരേൻ സിങ് അക്രമം തടയുന്നതില്‍ പരാജയപ്പെട്ടു. മണിപ്പൂരിൽ സമാധാനം കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് സാധ്യമല്ലെന്നും, അദ്ദേഹത്തെ മാറ്റാന്‍ പ്രധാനമന്ത്രി ഇടപെടണം എന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി.
മണിപ്പൂരിലേക്ക് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുന്നത് സംസ്ഥാനത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭരണ പരാജയമാണെന്നും പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. 'മണിപ്പൂരില്‍ കഴിഞ്ഞ 50 ദിവസത്തിലേറെയായി നടക്കുന്ന സംഭവങ്ങളില്‍ ഞങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും പറയാനുള്ളത് വിശദമായി കേട്ടിട്ടുണ്ട്. അദ്ദേഹം അത് പരിശോധിച്ച് സമാധാനം പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കി. പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചിട്ടില്ല. സര്‍വകക്ഷി പ്രതിനിധി സംഘത്തെ മണിപ്പൂരിലേക്ക് അയക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഞങ്ങള്‍ നിര്‍ദേശിച്ചതനുസരിച്ച് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന തകര്‍ച്ച പോലീസോ സൈന്യമോ അസം റൈഫിളുകളോ അല്ല നിയന്ത്രിക്കേണ്ടത്. ഇത് സംസ്ഥാനത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭരണ പരാജയമാണ്,'' യോഗത്തിന് ശേഷം ഡിഎംകെ നേതാവ് തിരുച്ചി എന്‍ ശിവ പ്രതികരിച്ചു.
അതിനിടെ, സര്‍വകക്ഷിയോഗം അവസാനിച്ച് മിനിറ്റുകള്‍ക്കകം സംസ്ഥാനത്ത് അടുത്തിടെയ ഉണ്ടായ സ്‌ഫോടനക്കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറി. ജൂണ്‍ 21 ന് വൈകുന്നേരം 7.10 ന് ടിഡിം റോഡില്‍ ഫൗഗാഖേഗാവോ ഇഖായ് അവാങ് ലെയ്കൈ, ക്വാക്ത എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന പാലത്തിന് മുകളില്‍ സ്ഫോടനം നടന്നിരുന്നു. ഈ സ്‌ഫോടനക്കേസാണ് എന്‍ഐഎയോട് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാനത്തും അതിര്‍ത്തിക്കപ്പുറവും പ്രവര്‍ത്തിക്കുന്ന വിമതര്‍ക്ക് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതിനാല്‍ ദേശീയ സുരക്ഷ മുന്‍നിര്‍ത്തി കേസ് എന്‍ഐഎയ്ക്ക് കൈമാറുകയാണെന്ന് മണിപ്പൂര്‍ പൊലീസ് അറിയിച്ചു.
റിപ്പോര്‍ട്ടുകളനുസരിച്ച് മണിപ്പൂരില്‍ 4,000ത്തിലധികം വീടുകള്‍ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 60,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 50 ദിവസത്തിലേറെയായി സംസ്ഥാനത്തുടനീളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുകൂടാതെ, 250 ഓളം പള്ളികളും 17 ക്ഷേത്രങ്ങളും ജനക്കൂട്ടം തീവെച്ചു നശിപ്പിക്കുകയും ചെയ്തു.