INDIA

കൊല്‍ക്കത്ത ബലാത്സംഗക്കൊല: പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് സർക്കാർ ശ്രമം; ഹെല്‍ത്ത് സെക്രട്ടറി വഴിയുള്ള നീക്കം തള്ളി ഡോക്ടർമാർ

വെബ് ഡെസ്ക്

കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായ സംഭവത്തില്‍ പ്രതിഷേധിക്കുന്ന ഡോക്ടർമാരുമായി ചർച്ചയ്ക്ക് തയാറായി പശ്ചിമ ബംഗാള്‍ സർക്കാർ. സമരം ചെയ്യുന്ന ഡോക്ടർമാർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാള്‍ ഹെല്‍ത്ത് സെക്രട്ടറി ഇ-മെയില്‍ മുഖേനെയാണ് ഡോക്ടർമാരെ സമീപിച്ചത്.

ഹെല്‍ത്ത് സെക്രട്ടറിയുടേയും ഡയറക്ടർ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്റെ തലവന്റേയും രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പശ്ചാത്തലത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു മെയില്‍ ലഭിച്ചത് അപമാനിക്കുന്നതിന് സമമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഇന്ന് അഞ്ച് മണിക്കുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശം ജൂനിയർ ഡോക്ടർമാർ നിരസിച്ചതിനെ തുടർന്നാണ് സർക്കാർ നീക്കം.

"ചർച്ചയ്ക്ക് ഞങ്ങള്‍ എപ്പോഴും തയാറാണ്. പക്ഷേ, ഹെല്‍ത്ത് സെക്രട്ടറി ഞങ്ങള്‍ക്ക് മെയില്‍ അയക്കുന്നത് അപമാനിക്കുന്നതിന് സമമാണ്. ചർച്ചയില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് മെയില്‍ ലഭിച്ചിരുന്നതെങ്കില്‍ ചർച്ചയുടെ ഭാഗമാകണോ വേണ്ടയോ എന്ന കാര്യത്തില്‍ തീർച്ചയായും തീരുമാനമെടുത്തേനെ.ഇവിടെ ഞങ്ങള്‍ അപമാനിതരായിരിക്കുന്നു. ശരിയായൊരും മെയിലോ സമീപനമോ സംഭവിക്കട്ടെ, അപ്പോള്‍ തീരുമാനമെടുക്കാം," മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഡോക്ടർമാർ പറഞ്ഞു.

പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ 10 പേരടങ്ങുന്ന പ്രതിനിധി സംഘത്തെയാണ് ചർച്ചയ്ക്കായി ക്ഷണിച്ചിരിക്കുന്നത്. ഡോക്ടർമാരുടെ മെയിലിനായി മുഖ്യമന്ത്രി മമത ബാനർജി കാത്തിരുന്നതായി ആരോഗ്യമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.

തിങ്കളാഴ്ചയായിരുന്നു സുപ്രീം കോടതി സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് ജോലിയില്‍ പ്രവേശിക്കണമെന്ന നിർദേശം നല്‍കിയത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും നടപടിയുണ്ടാകില്ലെന്നുമായിരുന്നു കോടതിയുടെ വാക്കുകള്‍. ഡോക്ടർമാർക്കെതിരെ ഒരു നടപടിയുമുണ്ടാകില്ലെന്ന സർക്കാരിന്റെ ഉറപ്പ് ലഭിച്ചതിന് ശേഷമായിരുന്നു കോടതി ഉത്തരവിറക്കിയത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നായിരുന്നു ഡോക്ടർമാരുടെ നിലപാട്.

ഓഗസ്റ്റ് ഒൻപതിന് മെഡിക്കല്‍ കോളേജിലെ സെമിനാർ ഹോളിലാണ് ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗക്കൊലയ്ക്കിരയായ ഡോക്ടറിന് നീതി ആവശ്യപ്പെട്ടും ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും