ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനായി സഖ്യനീക്കങ്ങള്‍ പുരോഗമിക്കെ പശ്ചിമ ബംഗാള്‍ രാഷ്ട്രീയം വീണ്ടും പുകയുന്നു. നോര്‍ത്ത് ബംഗാള്‍ 24 പര്‍ഗാനാസ് ജില്ലയില്‍ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ആക്രമണമാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ സംഭവവികാസങ്ങള്‍ക്ക് ഇടയാക്കിയത്. ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം സംസ്ഥാനത്തെ ക്രമാസമാധാന നിലയുടെ വീഴ്ചയാണെന്ന ബിജെപി ആക്ഷേപം നിലനില്‍ക്കെ ഇന്ത്യ മുന്നണിയില്‍ നിന്നും സഖ്യ കക്ഷിയായ മമതയുടെ സര്‍ക്കാരിനെതിരെ ശബ്ദം ഉയരുന്നു എന്നതാണ് ബംഗാള്‍ രാഷ്ട്രീയത്തെ കലുഷിതമാക്കുന്നത്.
ഇന്ത്യ മുന്നണിയിലെ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസ് തന്നെയാണ് മമത സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് ബംഗാളില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള നേതാവും ലോക്‌സഭയിലെ കക്ഷി നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരിയാണ് എന്നതും ശ്രദ്ധേയമാണ്.
''ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ഗുണ്ടാ ആക്രമണം സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു എന്നതിന് ഉദാഹരണമാണ്. ഇന്ന് അവര്‍ ആക്രമിക്കപ്പെട്ടു, നാളെ അവര്‍ കൊല്ലപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാല്‍തന്നെ അതില്‍ അത്ഭുതപ്പെടാനില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം'' എന്ന് ആവശ്യപ്പെടുകയാണെന്നായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം.
എന്നാല്‍, അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിമര്‍ശനങ്ങള്‍ക്ക് രൂക്ഷമായ ഭാഷയിലായിരുന്നു തൃണമൂല്‍ നേതാക്കള്‍ മറുപടി നല്‍കിയത്. അധീര്‍ രഞ്ജന്‍ ചൗധരി ബിജെപി ഏജന്റാണ് എന്നായിരുന്നു തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷിന്റെ ആരോപണം. ഇഡി പ്രദേശവാസികളെ പ്രകോപിപ്പിച്ചതാണ് ആക്രമണങ്ങള്‍ക്ക് കാരണമെന്നാണ് ടിഎംസി നിലപാട്.
അതേസമയം, അക്രമസംഭവങ്ങളെ അപലപിച്ച ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരിച്ചത്. പശ്ചിമ ബംഗാള്‍ ബനാന റിപ്പബ്ലിക്ക് അല്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ആക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണമെന്ന് താക്കീതായിതന്നെ അറിയിച്ച അദ്ദേഹം മമത ബാനര്‍ജി സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തം മറക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഈ നില തുടര്‍ന്നാല്‍ ഇന്ത്യന്‍ ഭരണഘടന അതിന്റെ ചുമതല നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. വിഷയത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ബിജെപി ബംഗാള്‍ ചീഫ് സുഖാന്ത മജുംദാര്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാത്രിയായിരുന്നു ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബ്ലോക്ക് തലത്തിലുള്ള നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ആക്രമണം.