രാമനവമി ആഘോഷത്തെത്തുടർന്ന് ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ വീണ്ടും സംഘര്‍ഷം. രാമനവമി പതാകയെ അവഹേളിച്ചെന്നാരോപിച്ച് ഇരു വിഭാഗങ്ങല്‍ തമ്മില്‍ ഇന്നലെ രാത്രി ഏറ്റുമുട്ടിയതോടെ പോലീസ് നിരേധനാജ്ഞ പ്രഖ്യാപിച്ചു. ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും ശാസ്ത്രിനഗറില്‍ രണ്ട് കടകള്‍ക്കും ഓട്ടോറിക്ഷയ്ക്കും തീയിടുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സിറ്റി പോലീസ് മേധാവി പ്രഭാത് കുമാര്‍ പറഞ്ഞു. പ്രദേശത്തുടനീളം സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ പ്രദേശത്ത് പോലീസ് ഫ്ളാഗ് മാര്‍ച്ച് നടത്തി.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തതായി ഈസ്റ്റ് സിംഗ്ഭും ഡെപ്യൂട്ടി കമ്മിഷണർ വിജയ ജാദവ് പറഞ്ഞു. ചില സാമൂഹിക വിരുദ്ധര്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ജനങ്ങളോട് സഹരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ക്രമസമാധാനപാലനത്തിനായി മതിയായ പോലീസ് സേന, ദ്രുതപ്രതികരണ വിഭാഗം, മജിസ്ട്രേറ്റ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, മറ്റ് കലാപ വിരുദ്ധ വിഭവങ്ങള്‍ എന്നിവയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഒരു പ്രാദേശിക സംഘടനയിലെ അംഗങ്ങള്‍ രാമനവമി പതാക അവഹേളിച്ചതായി കണ്ടെത്തിയ ശനിയാഴ്ച മുതല്‍ പ്രദേശം സംഘര്‍ഷഭരിതമാണെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.