INDIA

മണിപ്പൂരിൽ സമാധാനം അകലെ; വീടുകൾക്ക് തീയിട്ട് അക്രമികൾ, സൈന്യവുമായി ഏറ്റുമുട്ടൽ

വെബ് ഡെസ്ക്

മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതം. രണ്ട് ദിവസത്തിനിടെ തുടര്‍ച്ചയായി അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇംഫാൽ താഴ്വരയിൽ സുരക്ഷാസേനയും അക്രമികളും ഏറ്റുമുട്ടി. നിരവധി വീടുകൾക്കാണ് അക്രമികൾ തീയിട്ടത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ന്യൂ ചെക്കോണിൽ അക്രമിസംഘങ്ങളെ പിരിച്ചുവിടാൻ സൈന്യം ഗ്യാസ് ഷെല്ലുകളാണ് പ്രയോഗിച്ചത്.

ബുധനാഴ്ച കാങ്‌പോക്‌പി ജില്ലയിലുണ്ടായ തീവെപ്പിലും വെടിവെപ്പിലും ഒമ്പതുപേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ അക്രമസംഭവങ്ങൾ. വ്യവസായ വകുപ്പ് മന്ത്രി നെംച കിപ്‌ജിന്റെ പടിഞ്ഞാറൻ ഇംഫാലിലുള്ള വസതിയും കലാപകാരികൾ അക്രമത്തിനിരയാക്കിയിരുന്നു. തീവയ്പുണ്ടായ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. ഗോത്ര ഭൂരിപക്ഷ മേഖലയായ കാങ്പൊക്പി മണ്ഡലത്തിൽ നിന്ന് വിജയിച്ച കിപ്ജിൻ, ബിരേൻ സിങ് സർക്കാരിലെ ഏക വനിതാ മന്ത്രി കൂടിയാണ്. പ്രത്യേക ഭരണാവകാശം ആവശ്യപ്പെട്ട എംഎൽഎ കൂടിയാണ് കിപ്ജിൻ. 

മേയ് ആദ്യം ആരംഭിച്ച വംശീയകലാപം ഇടയ്ക്ക് സമാധാനാനന്തരീക്ഷത്തിലേക്ക് മാറിയിരുന്നെങ്കിലും വീണ്ടും ശക്തമാകുകയായിരുന്നു. അക്രമങ്ങളെ തുടര്‍ന്ന് മണിപ്പൂരിൽ സൈന്യവും അസം റൈഫിൾസും പട്രോളിംഗ് ശക്തമാക്കിയിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. സംഘര്‍ഷവും അക്രമവും രൂക്ഷമാകുന്ന മേഖലകളിൽ ഇപ്പോൾ സൈന്യം നിയന്ത്രണമേറ്റെടുത്ത് വരികയാണ്.

കുകികളും മെയ്തികളും തമ്മിലുളള വംശീയ കലാപത്തിൽ സംസ്ഥാനത്ത് ഇതിനോടകം നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അക്രമസംഭവങ്ങളെ തുടര്‍ന്ന് പലായനവും കൂടി വരുന്നു. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനം വരുന്ന മേയ്തികൾ ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനം ഗോത്രവർഗ്ഗക്കാരും നാഗാസും കുകികളും ആണ്. ഇവർ മലയോര പ്രദേശത്താണ് താമസിച്ച് വന്നിരുന്നത്. കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കുകികളിൽ പലർക്കും മലയിറങ്ങി തൊട്ടടുത്ത സംസ്ഥാനങ്ങളിൽ അഭയം പ്രാപിക്കേണ്ട അവസ്ഥയും രൂപപ്പെട്ടിട്ടുണ്ട്.

മേയ്തി വിഭാഗത്തെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മണിപ്പൂർ സംഘർഷ ഭൂമിയായി മാറിയത്. പട്ടികവര്‍ഗക്കാരായ കുകികൾ ശക്തമായ എതിര്‍പ്പറിയിച്ച് രംഗത്തെത്തിയതോടെ അക്രമങ്ങളിലേക്ക് കാര്യങ്ങൾ മാറി. സംഘർഷം തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിലെ 14 ജില്ലകളിൽ 11ലും ഇപ്പോഴും കർഫ്യു നിലവിലുണ്ട്. സംസ്ഥാനം മുഴുവൻ ഇന്റർനെറ്റ് നിരോധനം തുടരുകയാണ്.

സമാധാന ഇടപെടലുകളുമായി അമിത് ഷാ കഴിഞ്ഞമാസം 29ന് മണിപ്പൂരിൽ എത്തിയിരുന്നു. സമാധാനം പുനഃസ്ഥാപിക്കാനായി കേന്ദ്രം പ്രത്യേക സമിതിയേയും നിയോഗിച്ചു. ഗവർണറുടെ മേൽനോട്ടത്തിലുള്ള സമിതിയിൽ മേയ്തി, കുകി സമുദായങ്ങളിൽ നിന്നുള്ള 51 പ്രതിനിധികളുണ്ട്. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമാധാന ശ്രമങ്ങളോട് സഹകരിക്കില്ലെന്ന് കുകി വിഭാഗവും മേയ്തി വിഭാഗവും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ സമിതിയിൽ അംഗമാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് സമാധാന ചർച്ചകളുടെ ഭാഗമാകില്ലെന്ന് കുകി വിഭാഗം അറിയിച്ചത്. കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്നും കുകികള്‍ വ്യക്തമാക്കി. കുകി ഗ്രൂപ്പുകളുടെ ആക്രമണം, അനധികൃത ഭൂമി കയ്യേറ്റം എന്നിവ പരിഹരിക്കാതെ ചര്‍ച്ചകള്‍ക്കില്ല എന്നാണ് മേയ്തി വിഭാഗത്തിന്റെ നിലപാട്. കൂടിയാലോചനായോ ചര്‍ച്ചകളോ കൂടാതെയാണ് പ്രതിനിധികളെ സമിതിയില്‍ അംഗമാക്കിയതെന്ന് ഇരുവിഭാഗവും ആരോപിച്ചിരുന്നു.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി