INDIA

പ്രേമചന്ദ്രനൊപ്പം പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തു; പിന്നാലെ ബിജെപിയില്‍ ചേര്‍ന്ന് ബിഎസ്പി എംപി

യുപിലെ അംബേദ്കര്‍ നഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിഎസ്പി എംപിയായിരുന്നു റിതേഷ്

വെബ് ഡെസ്ക്

ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രനൊപ്പം പാര്‍ലമെന്റ് കാന്റീനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രതിപക്ഷ എംപിമാരില്‍ ഒരാളായ റിതേഷ് പാണ്ഡെ ബിഎസ്പി വിട്ടു ബിജെപിയില്‍ ചേര്‍ന്നു. ഇന്നു രാവിലെ ബിഎസ്പിയുടെ പ്രാഥമികാംഗത്വം രാജിവച്ച റിതേഷ് പിന്നീട് ഉത്തര്‍പ്രദേശിലെ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.

യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കാണ് റിതേഷിന് ബിജെപി അംഗത്വം സമ്മാനിച്ചത്. യുപിലെ അംബേദ്കര്‍ നഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിഎസ്പി എംപിയായിരുന്നു റിതേഷ്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം വിരുന്നിനു ക്ഷണിച്ച എട്ട് എംപിമാരില്‍ ഒരാളാണ് റിതേഷ്.

കേരളത്തില്‍ നിന്നുള്ള ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍, തെലുഗുദേശം പാര്‍ട്ടി എംപി റാം മോഹന്‍ നായ്ഡു, ബിജു ജനതാദളിന്റെ സസ്മിത് പത്ര, ബിജെപി എംപിമാരായ എല്‍ മുരുഗന്‍, ഹീന ഗാവിത്, ജംയാങ് ഷെറിങ് നംഗ്യാല്‍, ഫാങ്‌യോങ് കോന്യാക് എന്നിവരായിരുന്നു വിരുന്നില്‍ പങ്കെടുത്ത മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍.

രാവിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ബിഎസ്പിയുടെ പ്രാഥമികാംഗത്വം രാജിവയ്ക്കുകയാണെന്ന് റിതേഷ് അറിയിച്ചത്. പാര്‍ട്ടിയോഗങ്ങള്‍ക്ക് തന്നെ ക്ഷണിക്കുന്നില്ലെന്നും പാര്‍ട്ടി നേതാവ് മായാവതിയെ കാണാന്‍ താല്‍ പലകുറി ശ്രമിച്ചിട്ടും അനുമതി നല്‍കിയില്ലെന്നും തന്റെ സേവനം പാര്‍ട്ടിക്ക് ആവശ്യമില്ലെന്നു മനസിലായെന്നും അതിനാല്‍ രാജിവയ്ക്കുകയാണെന്നുമാണ് റിതേഷ് അറിയിച്ചത്.

അതേസമയം റിതേഷിന് മറുപടിയുമായി മായാവതി രംഗത്തുവന്നു. സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കായി ചുറ്റിക്കറങ്ങുകയും നിഷേധാത്മക ചര്‍ച്ചകളുടെ ഭാഗമാകുകയും ചെയ്താല്‍ പാര്‍ലമെന്റ് സീറ്റ് നല്‍കാനാകില്ലെന്നു റിതേഷിനെ പേരെടുത്തു പറയാതെ മായാവതി പ്രതികരിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ റിതേഷിന് സീറ്റ് നിഷേധിച്ചതുകാരണമാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നാണ് ബിഎസ്പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍