നിതീഷ് കുമാറിനു പിന്നാലെ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യെ പിന്നില്‍ നിന്നുകുത്തി രാഷ്ട്രീയ ലോക് ദള്‍ പാര്‍ട്ടി(ആര്‍എല്‍ഡി)യും. ഇന്ത്യയുമായുള്ള സഖ്യം ഉപേക്ഷിച്ചു എന്‍ഡിഎയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിച്ചെന്ന് ആര്‍എല്‍ഡി ദേശീയ അധ്യക്ഷന്‍ ജയന്ത് ചൗധരി അറിയിച്ചു. എന്‍ഡിഎയുമായുള്ള ധാരണപ്രകാരം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ രണ്ടു സീറ്റുകളില്‍ ആര്‍എല്‍ഡി മത്സരിക്കും. ഭാഗ്പത്, ബിജ്‌നോര്‍ എന്നീ മണ്ഡലങ്ങളാണ് ആര്‍എല്‍ഡിക്കായി മാറ്റിവച്ചത്. ഇതിനു പുറമേ ഒരു രാജ്യസഭാ സീറ്റും പാര്‍ട്ടിക്ക് ലഭിക്കും.
രണ്ട് ദിവസത്തിനുള്ളില്‍ ആര്‍എല്‍ഡിയുടെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഉത്തര്‍പ്രദേശിന്റെ പശ്ചിമ മേഖലകളില്‍ വ്യക്തമായ സ്വാധീനമുള്ള ആര്‍എല്‍ഡിയുടെ വരവ് ഗുണംചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി തോറ്റ 16 സീറ്റുകളില്‍ ഏഴെണ്ണം പശ്ചിമേഖലയില്‍ ആയിരുന്നു. ജാട്ട് വിഭാഗത്തിന് മേല്‍കൈയുള്ള ഇവിടെ ആര്‍എല്‍ഡിയുടെ സ്വാധീനത്തിലൂടെ വോട്ടുവിഹിതം വര്‍ധിപ്പിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
സീറ്റ് വിഭജനത്തിലെ തര്‍ക്കത്തെത്തുടര്‍ന്നാണ് 'ഇന്ത്യ' മുന്നണി വിടാന്‍ ആര്‍എല്‍ഡി തയാറായത്. രണ്ടു തവണ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയ ആര്‍എല്‍ഡിക്ക് പക്ഷേ, അവര്‍ ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാന്‍ സമാജ്‌വാദി പാര്‍ട്ടി തയാറായിരുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തന്നെ അഖിലേഷ് യാദവ് 16 സീറ്റുകളിലേക്കുള്ള എസ്പിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ സഖ്യം ഉപേക്ഷിക്കാന്‍ ആര്‍എല്‍ഡി തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ മാസം ആര്‍എല്‍ഡിക്ക് ഏഴു സീറ്റുകള്‍ നല്‍കുമെന്ന് അഖിലേഷ് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയായ പശ്ചിമ യുപിയില്‍ സീറ്റ് വേണമെന്ന ആര്‍എല്‍ഡിയുടെ ആവശ്യം പരിഗണിക്കാന്‍ തയാറായില്ല. ഇതാണ് അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വഴിയൊരുക്കിയത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിലായിരുന്നു ആര്‍എല്‍ഡി. കഴിഞ്ഞകുറി മൂന്നു സീറ്റുകളാണ് അവര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ മൂന്നിലും പരാജയപ്പെട്ടു. 2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ 33 സീറ്റുകളില്‍ മത്സരിച്ച അവര്‍ ഒമ്പതിടത്ത് ജയിച്ചിരുന്നു.