INDIA

'പോലീസ് അന്വേഷിച്ചത് മരണകാരണമല്ല, രോഹിത് വെമുലയുടെ ജാതി'; ക്ലോഷർ റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്

വെബ് ഡെസ്ക്

ഹൈദരാബാദ് സര്‍വകലാശാല പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്ത കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമായിരുന്നില്ലെന്ന് തെളിയുന്നു. വെമുല കേസ് അവസാനിപ്പിക്കുന്നതായി അറിയിച്ച് തെലങ്കാന പോലീസ് മാര്‍ച്ച് 21-ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടാണ് അന്വേഷണത്തിലെ പാളിച്ചകളിലേക്ക് വിരല്‍ ചൂണ്ടുന്നത്. രോഹിത് വെമൂല കേസില്‍ ആരോപിക്കപ്പെട്ട ജാതിവിവേചനമോ കുറ്റാരോപിതരുടെ പങ്കോ അന്വേഷണ സംഘം കാര്യമായി പരിശോധിച്ചില്ലെന്ന് തെളിയിക്കുന്നതാണ് ക്ലോഷര്‍ റിപ്പോര്‍ട്ട് പുറത്ത്.

രോഹിത് വെമുലയുടെ മരണകാരണം കണ്ടെത്തുന്നതിന് പകരം അന്വേഷണം ശ്രദ്ധ കേന്ദ്രീകരിച്ചത് രോഹിതിന്റെ ജാതി കണ്ടെത്താനായിരുന്നു. കേസിലെ കുറ്റാരോപിതരുടെ പങ്കിനെ കുറിച്ചും വേണ്ടവിധം അന്വേഷണം നടന്നിട്ടില്ല. ഇത് പ്രകാരം സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ രോഹിത് ജീവനൊടുക്കാന്‍ കാരണം പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ആളല്ലെന്ന് തെളിയുമെന്ന് ഭയന്നാണെന്നും അവകാശപ്പെട്ടിരുന്നു. ക്ലോഷര്‍ റിപ്പോര്‍ട്ടിനെ ചൊല്ലി വിവാദങ്ങള്‍ പുരോഗമിക്കെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

മരണത്തിന് ഒരു മാസം മുൻപ് വിഷവും കയറും ആവശ്യപ്പെട്ട് രോഹിത് വിസിക്ക് എഴുതിയ കത്ത് പോലീസ് പാടെ അവഗണിച്ചു

2016 ജനുവരി 17നാണ് ജാതീയ വിവേചനങ്ങൾ നേരിട്ടതിന്റെ പേരിൽ രോഹിത് വെമുല ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. എന്നാൽ ക്ലോഷർ റിപ്പോർട്ട് പ്രകാരം, രോഹിത് ദളിത് സമുദായത്തിൽ നിന്നുള്ള ആളല്ലെന്നും, തെറ്റിദ്ദരിപ്പിച്ച് നേടിയ ആനുകൂല്യങ്ങള്‍ പുറത്തറിയുമോ എന്ന ഭയത്തിലാണ് ആത്മഹത്യ ചെയ്തതതെന്നുമാണ് അവകാശപ്പെടുന്നത്. സംഭവം വിവാദമായതോടെ മേയ് മൂന്നിന് തെലങ്കാന പോലീസ് മേധാവി റിപ്പോർട്ട് തള്ളുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

അന്നത്തെ ഹൈദരാബാദ് സർവകലാശാല വൈസ് ചാൻസലർ പി അപ്പാ റാവു, സെക്കന്തരാബാദ് എംപി ബന്ദാരു ദത്താത്രേയ, എംഎൽസി എൻ രാംചേന്ദർ റാവു, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരായിരുന്നു കേസിലെ കുറ്റാരോപിതർ. എന്നാൽ ഇവരുടെ പങ്ക് അന്വേഷിക്കാൻ പൊലീസ് കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടില്ലെന്നും ക്ലോഷർ റിപ്പോർട്ടിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. "എത്ര ശ്രമിച്ചിട്ടും, കുറ്റാരോപിതരുടെ പ്രവർത്തനങ്ങൾ രോഹിതിനെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നതിന് തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല" എന്നായിരുന്നു റിപ്പോർട്ടിലെ വാചകങ്ങൾ.

രോഹിത്തിന്റെ മാതാപിതാക്കൾ വേർപിരിഞ്ഞിരിക്കുകയാണെന്നും പഠനത്തേക്കാൾ വിദ്യാർഥി രാഷ്ട്രീയത്തിലാണ് രോഹിത് ഇടപെട്ടതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു

മരണത്തിന് ഒരു മാസം മുൻപ് വിഷവും കയറും ആവശ്യപ്പെട്ട് രോഹിത് വിസിക്ക് എഴുതിയ കത്ത് പോലീസ് പാടെ അവഗണിച്ചു. ഈ കത്ത് ആത്മഹത്യയുടെ കാരണമായി കാണാനാകില്ലെന്നും കത്തെഴുതിയ സമയത്തുണ്ടായിരുന്ന നിരാശയും ദേഷ്യവും കാലക്രമേണ നശിച്ചിരിരുന്നിരിക്കാമെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു.

2016ലെ ആത്മഹത്യാ കേസിൻ്റെ അന്വേഷണം ആദ്യം നടത്തിയത് ഹൈദരാബാദ് പോലീസിലെ മദാപൂർ ഡിവിഷൻ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണറായിരുന്ന എം രമണ കുമാറും തുടർന്ന് എസിപി എൻ ശ്യാം പ്രസാദ് റാവുവും ഒടുവിൽ എസിപി സി ശ്രീകാന്തുമാണ്. അന്വേഷണം ആരംഭിച്ചപ്പോൾ സർവകലാശാലയിൽ രോഹിതിന്റെ മരണത്തിൽ പ്രതിഷേധിച്ചുള്ള വിദ്യാർഥി പ്രക്ഷോഭം നടക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് അന്വേഷണത്തിന് അനുകൂലമായ അന്തരീക്ഷമായിരുന്നില്ല. സമയം ലാഭിക്കുന്നതിനായി, ആദ്യം സർവ്വകലാശാലയ്ക്ക് പുറത്ത് ലഭ്യമായ തെളിവുകൾ ശേഖരിക്കാനും തുടർന്ന് സാധാരണ നില പുനഃസ്ഥാപിക്കുമ്പോൾ സർവകലാശാലയിൽ ലഭ്യമായ തെളിവുകൾ ശേഖരിക്കാനുമായിരുന്നു എസിപി എം രമണ കുമാർ തീരുമാനിച്ചത്.

തൻ്റെ ജനനം തന്നെ ഏറ്റവും വലിയ ദുരന്തമായിരുന്നുവെന്ന ആത്മഹത്യാക്കുറിപ്പിലെ രോഹിതിന്റെ വാചകങ്ങളെ പ്രധാനമായും ആശ്രയിച്ചായിരുന്നു റിപ്പോർട്ട്. കടുത്ത വിഷാദത്തിലും നിരാശയിലും ആയിരുന്നു രോഹിത് എന്ന നിഗമനം സ്ഥാപിക്കാനാണ് പോലീസ് ഈ വാചകങ്ങളെ ഉപയോഗിച്ചത്. രോഹിതിൻ്റെ മാതാപിതാക്കൾ വേർപിരിഞ്ഞിരിക്കുകയാണെന്നും പഠനത്തേക്കാൾ വിദ്യാർഥി രാഷ്ട്രീയത്തിലാണ് രോഹിത് ഇടപെട്ടതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും