200 മണിക്കൂറിലധികം നീണ്ട ചർച്ച, 300 ഉഭയകക്ഷി യോഗങ്ങൾ, 15 ഡ്രാഫ്റ്റുകൾ; യുക്രെയ്ൻ വിഷയത്തിൽ അംഗരാജ്യങ്ങളെ അനുനയിപ്പിച്ച് ഡൽഹി പ്രഖ്യാപനം സാധ്യമായതിന് പിന്നിൽ ഏതാനും നയതന്ത്ര ഉദ്യോഗസ്ഥരുടെ അശ്രാന്ത പരിശ്രമമുണ്ട്. ഇന്ത്യയുടെ ജി 20 ഷെർപ്പ അമിതാഭ് കാന്ത് തന്നെ ടീം അംഗങ്ങളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
ജോയിന്റ് സെക്രട്ടറിമാരായ ഈനം ഗംഭീർ, നാഗരാജ് നായിഡു കാകനൂർ എന്നിവർ ചർച്ചയിൽ വലിയ പങ്കാണ് വഹിച്ചതെന്ന് അമിതാഭ് കാന്ത് പറഞ്ഞു. ചർച്ചയിൽ അഡീഷണൽ സെക്രട്ടറി അഭയ് ഠാക്കൂർ, ആശിഷ് സിൻഹ എന്നിവരും നിർണായക സ്വാധീനമായി.
ടീമിലെ ഏക വനിതാ ഓഫീസറായ ഈനം ഗംഭീർ നിലവിൽ ജി20 ജോയിന്റ് സെക്രട്ടറിയും 2005 ബാച്ചിലെ ഐഎഫ്എസ് ഓഫീസറുമാണ്. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് യുഎൻ ജനറൽ അസംബ്ലിയുടെ 74-ാമത് സെഷന്റെ സമാധാന-സുരക്ഷാ വിഷയങ്ങളിൽ പ്രസിഡന്റിന്റെ ഓഫീസിൽ മുതിർന്ന ഉപദേശകയായി അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മെക്‌സിക്കോയിലും അർജന്റീനയിലും ഉൾപ്പെടെ ലാറ്റിനമേരിക്കയിലെ എംബസികളിലും ഈനം ഗംഭീർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2011 മുതൽ 2016 വരെ ന്യൂഡൽഹിയിൽ ജോലി ചെയ്തിരുന്ന സമയത്ത് പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്തു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിലും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതത്തിലും ജനീവ യൂണിവേഴ്സിറ്റിയിൽ നിന്ന് അന്താരാഷ്ട്ര സുരക്ഷയിലും രണ്ട് ബിരുദാനന്തര ബിരുദങ്ങളാണ് ഈനം ഗംഭീർ നേടിയിട്ടുള്ളത്.
നാഗരാജ് നായിഡു കാക്കനൂരാണ് ടീമിലെ ചൈനീസ് സ്പീക്കർ. യുക്രെയ്ൻ വിഷയത്തിലെ പ്രധാന മധ്യസ്ഥ ചർച്ചക്കാരനായ നായിഡു, യുഎൻ ജനറൽ അസംബ്ലിയുടെ 76-ാമത് സെഷന്റെ ഷെഫ് ഡി കാബിനറ്റിൽ പ്രവർത്തിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയായിരുന്നു അദ്ദേഹം.1998 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ നായിഡു ചൈനയുമായി ബന്ധപ്പെട്ട് ബെയ്‌ജിങ്, ഹോങ്കോങ്, ഗ്വാങ്‌ഷൗ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക നയതന്ത്ര വിഭാഗം കൈകാര്യം ചെയ്ത അദ്ദേഹം യൂറോപ്പ് വെസ്റ്റ് ഡിവിഷന്റെ തലവനായിരുന്നു. അവിടെ യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ പ്രധാന G7 രാജ്യങ്ങളുമായുള്ള നയതന്ത്ര ചുമതല വഹിച്ചിരുന്നു.
അഡീഷണൽ സെക്രട്ടറി അഭയ് ഠാക്കൂർ, ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്തിന്റെ രണ്ടാം നമ്പർ സൗസ്-ഷെർപ്പയാണ്. മൗറീഷ്യസിലും നൈജീരിയയിലും ഇന്ത്യയുടെ പ്രതിനിധിയായ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിൽ നേപ്പാൾ, ഭൂട്ടാൻ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ ഓഫീസിൽ ഡയറക്ടറായും ഠാക്കൂർ പ്രവർത്തിച്ചിട്ടുണ്ട്.
2005 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ആഷിഷ് സിൻഹ മാഡ്രിഡ്, കാഠ്മണ്ഡു, ന്യൂയോർക്ക്, നെയ്‌റോബി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രിയുടെ ഓഫീസിലും പാകിസ്താന്റെ ഡെസ്‌ക് ഓഫീസറായും ജോലി ചെയ്തു. ജി20 ജോയിന്റ് സെക്രട്ടറിയാകുന്നതിന് മുൻപ്, കഴിഞ്ഞ ഏഴ് വർഷമായി അദ്ദേഹം ഇന്ത്യയ്‌ക്കായി നയതന്ത്ര ചർച്ചകൾ നടത്തിവരികയായിരുന്നു.
യുക്രെയ്ൻ വിഷയത്തിലെ ചർച്ചയുടെ ചുമതല നാഗരാജ് നായിഡുവിനും ഈനം ഗംഭീറിനുമായിരുന്നു. ജി20 ഷെർപ്പ മീറ്റിങ്ങുകൾക്കായി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ, "ഡിവൈഡ് ആൻഡ് കോൺക്വർ" (വിഭജിച്ച് കീഴടക്കുക) എന്ന തന്ത്രമാണ് അവർ സ്വീകരിച്ചത്.
അടുത്ത ജി20 ഉച്ചകോടികൾ നടക്കാൻ പോകുന്ന ബ്രസീലിന്റെയും ദക്ഷിണാഫ്രിക്കയുടെയും പിന്തുണ നേടുക എന്നതായിരുന്നു ടീമിന്റെ പ്രഥമ ലക്ഷ്യം. ഒടുവിൽ സെപ്റ്റംബർ 8ന് രാത്രിയോടെ ജി 7 നും റഷ്യ-ചൈന ഗ്രൂപ്പിനും ഇടയിൽ അവർ സമവായത്തിലെത്തി. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടത്തിയ ഫോൺകോളും വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഉഭയകക്ഷി ചർച്ചയുമാണ് കരാർ ഒപ്പിടാൻ സഹായിച്ചത്.
നയതന്ത്ര ഉദ്യോഗസ്ഥരെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തി. ജി20യില്‍ സമവായം കൈവരിക്കുക എന്നത് എളുപ്പമായിരുന്നില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് ഇത് അഭിമാനകരമായ നിമിഷമാണെന്നും ശശിതരൂര്‍ എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.