കേരള സർക്കാരിന്റെ കൈവശമുള്ള ഡൽഹിയിലെ ട്രാവൻകൂർ ഹൗസ് വിൽക്കാൻ തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ കരാറിൽ ഏർപ്പെട്ടതായി റിപ്പോർട്ട്. ട്രാവൻകൂർ ഹൗസും ബെംഗളൂരുവിലെ ഒരു വസ്തുവും ഉൾക്കൊള്ളുന്ന സ്ഥലവും 250 കോടി രൂപയ്ക്ക് വിൽക്കാനാണ് നീക്കം. ഇതിനായി ചെന്നൈ ആസ്ഥാനമായുള്ള സഹന റിയൽ എസ്റ്റേറ്റ് & ബിൽഡേഴ്‌സുമായി തിരുവിതാംകൂർ രാജകുടുംബം കരാറിൽ ഏർപ്പെട്ടതായാണ് റിപ്പോർട്ട്. കസ്തൂർബാ ഗാന്ധി മാർഗിലെ ബ്രിട്ടീഷ് കാലത്തെ ബംഗ്ലാവും സ്ഥലവും പൂർണമായും നിലവിൽ കേരള സർക്കാരിന്റെ കൈവശമാണ്.
വിൽപ്പന ഇടപാടുമായി ബന്ധമില്ലെന്നും ഈ സ്വത്ത് വിൽക്കാൻ ആർക്കും അവകാശമില്ലെന്നും കവടിയാർ കൊട്ടാരം പ്രതികരിച്ചു
ട്രാവൻകൂർ ഹൗസിന്റെ വിൽപ്പന സംബന്ധിച്ച വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് സംസ്ഥാന സർക്കാർ പ്രതികരിച്ചു. ''കെട്ടിടം വിട്ടുനൽകാൻ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ അതിനായി ചുമതലപ്പെടുത്തിയിട്ടില്ല. തിരുവിതാംകൂർ കൊട്ടാരത്തിന്റെ പൈതൃക തനിമ നിലനിർത്തി കേരള സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്''- പൊതുഭരണ വിഭാഗം പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ വിൽപ്പന ഇടപാടുമായി ബന്ധമില്ലെന്നും ഈ സ്വത്ത് വിൽക്കാൻ ആർക്കും അവകാശമില്ലെന്നും കവടിയാർ കൊട്ടാരം പ്രതികരിച്ചു. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഭാഗമായ പഴയ റീജന്റ് രാജ്ഞിയുടെ കുടുംബാംഗങ്ങളാണ് കരാർ ഒപ്പിട്ടത്. വസ്തുവിൽ അവകാശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരിക്കാം അവർ കരാർ ഒപ്പിട്ടതെന്നും രാജകുടുംബാംഗം പറഞ്ഞു. തിരുവിതാംകൂർ ഹൗസിന്റെ നിലവിലെ ഉടമസ്ഥാവകാശ രേഖ ആവശ്യപ്പെട്ട് കവടിയാർ കൊട്ടാരം കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ട്രാവൻകൂർ ഹൗസ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റിയൽ എസ്റ്റേറ്റ് സ്ഥാപനവുമായി ഒപ്പിട്ട കരാറിൽ ബെംഗളൂരു ആസ്ഥാനമായുള്ള രാജകുടുംബം പറയുന്നുണ്ട്. രാജകുടുംബത്തിലെ 17 അംഗങ്ങളാണ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 22നാണ് ബെംഗളൂരുവിൽ വെച്ച് കരാർ ഒപ്പിടുന്നത്. പവർ ഓഫ് അറ്റോർണി വേണുഗോപാൽ വർമ്മയാണ് വിൽപന കരാറിൽ രാജകുടുംബത്തെ പ്രതിനിധീകരിക്കുന്നത്.
അതേസമയം, ട്രാവൻകൂർ ഹൗസിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ചില നിയമപരവും രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 2019ൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് രാജകുടുംബം അവകാശവാദമുന്നയിച്ചിരുന്നു. തർക്കം നിലനിൽക്കുന്നതിനിടെയാണ് രാജകുടുംബം റിയൽ എസ്റ്റേറ്റുമായി വിൽപന കരാറിൽ ഏർപ്പെടുന്നത്.
മുൻ തിരുവിതാംകൂർ മഹാരാജാവിന്റെ ഡൽഹിയിലെ വസതിയായിരുന്നു ട്രാവൻകൂർ കൊട്ടാരം എന്നറിയപ്പെടുന്ന ട്രാവൻകൂർ ഹൗസ്. .195 ഏക്കർ സ്ഥലവും നിലവിൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിലാണ്.
1930ലാണ് ട്രാവൻകൂർ ഹൗസ് നിർമിക്കുന്നത്. സ്വാതന്ത്ര്യാനന്തരം, രാജകുടുംബം ഡൽഹിയിലെ ബംഗ്ലാവും സ്ഥലവും കേന്ദ്ര സർക്കാരിന് ടെറിട്ടോറിയൽ ആർമിയിലെ സൈനികരെ പാർപ്പിക്കാൻ നൽകുകയായിരുന്നു. 1948 മുതൽ 1965 വരെ സോവിയറ്റ് എംബസിയുടെ ആസ്ഥാനമായിരുന്നു ട്രാവൻകൂർ ഹൗസ്. ട്രാവൻകൂർ ഹൗസിനോട് ചേർന്നുള്ള 2 ഏക്കറിലധികം വരുന്ന കപൂർത്തല പ്ലോട്ട് പിന്നീട് ന്യൂഡൽഹി കേരള എജ്യുക്കേഷൻ സൊസൈറ്റിക്ക് കൈമാറുകയായിരുന്നു. നിയമപോരാട്ടത്തിനൊടുവിൽ 1973ലാണ് കേന്ദ്രസർക്കാർ തിരുവിതാംകൂർ ഹൗസ് കേരള സർക്കാരിന് കൈമാറുന്നത്. 1993ലാണ് കപൂർത്തല പ്ലോട്ട് കൈമാറിയത്.
ട്രാവൻകൂർ ഹൗസിന്റെയും കപൂർത്തല പ്ലോട്ടിന്റെയും ഉടമസ്ഥാവകാശം തിരികെ ലഭിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് 2019ൽ തിരുവിതാംകൂർ രാജകുടുംബം കേന്ദ്ര സർക്കിനെ സമീപിക്കുന്നത്. എന്നാൽ ഈ സ്ഥലങ്ങളുടെയെല്ലാം ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിന് തന്നെയാണെന്നായിരുന്നു അന്ന് നൽകിയ ഔദ്യോഗിക വിശദീകരണം.
പൈതൃക കെട്ടിടമായ ട്രാവൻകൂർ ഹൗസിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കേരളത്തിന്റെ സാംസ്കാരിക സമുച്ചയമാകാൻ തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ വിവാദം പുറത്തുവരുന്നത്. ആർട്ട് ഗ്യാലറി, ഓഡിറ്റോറിയം, എക്‌സിബിഷൻ ഹാൾ, ബിസിനസ് സെന്റർ എന്നിവയുടെ നിർമാണ പ്രവർത്തനം അവസാന ഘട്ടത്തിലാണ്.