കേന്ദ്ര സർക്കാർ വിഭാവന ചെയ്ത ദേശീയ വിദ്യാഭ്യാസ നയം പിന്തുടരില്ലെന്നും സ്വന്തമായി വിദ്യാഭ്യാസ നയം കൊണ്ടുവരുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതിയ സർക്കാരിന്റെ കന്നി ബജറ്റ് അവതരണത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത് . ഗുണ നിലവാരമുള്ള വിദ്യാഭ്യാസവും തുല്യ അവസരങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ ഉതകുന്ന തരത്തിലുള്ള നയത്തിനാണ് സർക്കാർ രൂപം നൽകുക. ഇതുവഴി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്താനാകും. വിദ്യാർത്ഥികൾക്ക് ആഗോള തലത്തിൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ സാധിക്കുന്നതുമാകും പുതിയ വിദ്യാഭ്യാസ നയമെന്ന് കർണാടക മുഖ്യമന്ത്രി വിശദീകരിച്ചു. ഇന്ത്യ പോലെ വൈവിധ്യങ്ങളുള്ള നാടിനു ചേരുന്നതല്ല കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയം, ഫെഡറലിസത്തോടു നീതികാട്ടാൻ ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച ബജറ്റ് നിർദേശം അദ്ദേഹം മുന്നോട്ടു വെച്ചത് . കർണാടക നിയമസഭയിൽ തന്റെ പതിനാലാമത്തെ ബജറ്റ് അവതരിപ്പിച്ചു റെക്കോഡിട്ടിരിക്കുകയാണ് അദ്ദേഹം.
തിരഞ്ഞെടുപ്പ് കാലത്തു കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ചു ഗ്യാരണ്ടികൾ നടപ്പിലാക്കാൻ 52000 കോടി രൂപയാണ് ബജറ്റിൽ സർക്കാർ നീക്കിവെച്ചത്. സംസ്ഥാനത്തെ 1.3 കോടി ജനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ഉറപ്പാക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ സിദ്ധരാമയ്യ വിശദമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്ക് 3.3 ലക്ഷം കോടി രൂപയുടെ ബജറ്റായിരുന്നെങ്കിൽ ഇത്തവണ ഗ്യാരണ്ടി നടപ്പാക്കൽ മുന്നിൽ കണ്ട്. 3.35 ലക്ഷം കോടി രൂപയുടെ ബജറ്റാണ് സർക്കാർ അവതരിപ്പിച്ചത് . മുൻ ബിജെപി സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും കര്‍ണാടകയെ സാമ്പത്തിക അച്ചടക്കമില്ലാത്ത സംസ്ഥാനമാക്കിയെന്നു സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
വരുമാനം കണ്ടെത്തുന്നതിന് വിവിധ മേഖലകളിൽ നികുതി വർധനക്കുള്ള നിർദേശങ്ങൾ ബജറ്റിലുണ്ട് . ഇന്ത്യൻ നിർമിത മദ്യത്തിന്റെ നികുതി തീരുവ 20 ശതമാനം ഉയർത്തി . ബിയറിന്റെ നികുതി തീരുവ 175 ശതമാനത്തിൽ നിന്ന് 185 ശതമാനമാക്കി വർധിപ്പിച്ചു . 2023 -24 സാമ്പത്തിക വർഷം എക്സൈസ് വകുപ്പിന്റെ വരുമാനം 36000 കോടി രൂപയായി ഉയർത്തുകയാണ് ലക്ഷ്യം . സ്ഥാവര വസ്തുക്കൾ രെജിസ്റ്റർ ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക പരിഷ്കരിക്കാനും തീരുമാനമായിട്ടുണ്ട് . സ്റ്റാമ്പ് -രജിസ്‌ട്രേഷന്‍ വകുപ്പുകളിൽ നിന്ന് ഈ സാമ്പത്തിക വർഷം 25000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ഇന്ദിര ക്യാന്റീന്റെ പുനരുദ്ധാരണത്തിനായി 100 കോടി രൂപ നീക്കി വെച്ചു. ഇ കൊമേഴ്‌സ് സംരംഭങ്ങളിൽ ജോലി ചെയ്യുന്ന ഡെലിവറി ഏജന്റുമാർക്ക് രണ്ടു ലക്ഷത്തിന്റെ അപകട ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു.
അതേസമയം ക്ഷേത്ര പൂജാരിമാർക്കുള്ള ഫണ്ട് വർധിപ്പിക്കാൻ ബജറ്റിൽ പണം നീക്കി വെക്കാത്തതിനെ വിമർശിച്ചു ജെഡിഎസ് രംഗത്തെത്തി . കോൺഗ്രസ് സർക്കാർ ഇടതുപക്ഷ ചായ്വുള്ള സർക്കാരാണ് . സമൂഹത്തിലെ ചില വിഭാഗങ്ങളെ മാത്രം പ്രീണിപ്പിച്ചാണ് സർക്കാർ തിരഞ്ഞെടുപ്പിൽ ജയം ഉറപ്പാക്കിയതെന്നും ജെഡിഎസ് നിയമസഭാ കക്ഷി നേതാവ് എച് ഡി കുമാരസ്വാമി ആരോപിച്ചു . കോൺഗ്രസിന്റെ ഗ്യാരണ്ടികൾ കണ്ണും പൂട്ടി വിശ്വസിച്ച വോട്ടർമാർക്ക് കിട്ടിയ തിരിച്ചടിയാണ് നികുതി വർധനകളെന്ന് ബിജെപി പ്രതികരിച്ചു .