INDIA

പാക് ഹിന്ദുക്കള്‍ക്ക് സിഎഎ പ്രകാരം പൗരത്വം ലഭ്യമാക്കാൻ ക്യാമ്പുമായി ആര്‍എസ്എസ് സംഘടന; യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കും

ജയ്‌സല്‍മീറില്‍ സൗജന്യ പൗരത്വ അപേക്ഷ ക്യാമ്പ് നടത്തിയെന്ന് സീമാജന്‍ കല്യാണ്‍ സമിതിയുടെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തൽ

വെബ് ഡെസ്ക്

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിവാദങ്ങളും നിയമ പോരാട്ടങ്ങളും തുടരുന്നതിനിടെ പാകിസ്താനില്‍നിന്ന് കുടിയേറിയ ഹിന്ദു മതവിശ്വാസികള്‍ക്ക് ഇന്ത്യൻ പൗരത്വം നേടാന്‍ സഹായങ്ങളുമായി ആര്‍എസ് എസ്. പുതിയ നിയമം അനുശാസിക്കുന്ന തരത്തില്‍ പൗരത്വത്തിനാവശ്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഒരുക്കി നല്‍കിയാണ് ആര്‍എസ്എസ് ഇടപെടല്‍.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥ നേരിടുന്ന മുസ്ലfങ്ങള്‍ ഒഴികെയുള്ള ആറ് മത വിഭാഗങ്ങള്‍ക്കാണ് സിഎഎ പ്രകാരം പൗരത്വം നല്‍കുന്നത്
സീമാജന്‍ കല്യാണ്‍ സമിതി സംഘടിപ്പിച്ച ക്യാമ്പില്‍ നിന്നും

രാജസ്ഥാനിലെ പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇത്തരം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താനില്‍ നിന്നെത്തിയ ഹിന്ദുക്കളെ സഹായിക്കുന്നതിനായി ക്യാമ്പുകളും ആര്‍എസ്എസ് അനുബന്ധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി സംഘടിപ്പിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആര്‍എസ്എസ് അനുബന്ധ സംഘടനയായ സീമാജന്‍ കല്യാണ്‍ സമിതിയുടെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ നടക്കുന്നത്. രാജസ്ഥാനിലെ ജയ്‌സാല്‍മര്‍, ബാര്‍മര്‍, ജോധ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 330 ഓളം പേര്‍ക്കാണ് ആഭ്യന്തര മന്ത്രാലയം ആരംഭിച്ച പൗരത്വ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കുന്നതിനുള്‍പ്പെടെ സീമാജന്‍ കല്യാണ്‍ സമിതി അംഗങ്ങള്‍ സഹായിച്ചത്.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥ നേരിടുന്ന മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മത വിഭാഗങ്ങള്‍ക്കാണ് സിഎഎ പ്രകാരം പൗരത്വം നല്‍കുന്നത്. ഇതിന് സമര്‍പ്പിക്കേണ്ട രേഖകകളില്‍ പ്രാദേശിക തലത്തില്‍ 'വിശ്വാസ്യതയുള്ള സ്ഥാപനം, സംഘടന' എന്നിവ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റ് രേഖകള്‍ക്കും സത്യവാങ്മൂലത്തിനുമൊപ്പം സിഎഎ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കൂടിയാണ് സീമാജന്‍ കല്യാണ്‍ സമിതി അനുവദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

സീമാജന്‍ കല്യാണ്‍ സമിതി രജിസ്റ്റര്‍ ചെയ്ത സംഘടനയായതിനാല്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കുമെന്നാണ് സമിതി അംഗവും അഭിഭാഷകനുമായ വിക്രം സിങ് രാജ്‌പുരോഹിത് ദ ഹിന്ദുവിനോട് പറഞ്ഞത്. തങ്ങളുടെ ഭാരവാഹികളിലൊരാളായ ത്രിഭുവന്‍ സിങ് റാഥോര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഒപ്പുവെക്കുന്നുവെന്നും തങ്ങള്‍ സാമൂഹ്യസംഘടനയാണെന്നും വിക്രം സിങ് പറയുന്നു.

ജയ്‌സല്‍മീറില്‍ സൗജന്യ പൗരത്വ അപേക്ഷ ക്യാമ്പ് നടത്തിയെന്ന് സമിതിയുടെ ഫേസ്ബുക്ക് പേജിലും വെളിപ്പെടുത്തുന്നു. ഒരു മുറിയില്‍ അറുപതോളം പേര്‍ നിലത്തിരിക്കുന്നത് ചിത്രത്തിൽ കാണാം. മുറിയുടെ ചുവരിൽ ആര്‍എസ്എസ് നേതാക്കളുടെ ചിത്രങ്ങളും കാണാം.

2010ന് മുമ്പ് ഇന്ത്യയില്‍ വന്ന നൂറുക്കണക്കിന് ആളുകള്‍ക്ക് ഇനിയും പൗരത്വം ലഭിച്ചിട്ടില്ലെന്നും 1998ല്‍ ഇവിടെ എത്തിയിട്ടും പൗരത്വം ലഭിക്കാത്ത ഒരു സ്ത്രീയെ താന്‍ കണ്ടിട്ടുണ്ടെന്നും വിക്രം സിങ് പറയുന്നു. ഇത്തരത്തില്‍ ജോധ്പുരില്‍ മാത്രം അയ്യായിരത്തിനും ആറായിരത്തിനും അടുത്ത് ആളുകള്‍ പൗരത്വം ലഭിക്കാത്തവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിലെ ജോധ്പുര്‍, ജയ്‌സല്‍മീര്‍, ബികാനിര്‍, ജയ്പൂര്‍ എന്നീ നഗരങ്ങളില്‍ 400 പാകിസ്താനി ഹിന്ദു അഭയാര്‍ത്ഥി കേന്ദ്രങ്ങളുണ്ടെന്നാണ് കണക്കുകള്‍. ഇവിടങ്ങളില്‍ ഏകദേശം രണ്ട് ലക്ഷത്തോളം ആളുകള്‍ താമസിക്കുണ്ടെന്നാണ് കണക്കാക്കുന്നത്. വിവിധ ഘട്ടങ്ങളിലായാണ് ഈ ആളുകള്‍ ഇന്ത്യയിലെത്തിയത്.

അതേസമയം പാകിസ്താന്‍ ഹിന്ദുക്കള്‍ തീര്‍ത്ഥാടക വിസയിലോ ടൂറിസ്റ്റ് വിസയിലോ ഇന്ത്യയില്‍ പ്രവേശിച്ചതിനാല്‍ 1955ലെ പൗരത്വ നിയമത്തിലെ അഞ്ചും ആറും വകുപ്പ് പ്രകാരം പൗരത്വത്തിന് അര്‍ഹതയുണ്ടെന്നതും ശ്രദ്ധേയമാണ്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി