INDIA

ഗ്രഹാം സ്‌റ്റെയിന്‍സിന്റെ കൊലയാളിക്കുവേണ്ടി സമരം നടത്തിയ നേതാവ്; ബിജെപിയുടെ ഒഡിഷ മുഖ്യമന്ത്രി അത്ര 'നിഷ്‌കളങ്കനല്ല'

മോഹന്‍ മാഞ്ചിയുടെ പേരിനൊപ്പം ചേര്‍ത്തുവായിക്കേണ്ടത് ഇതൊന്നുമല്ല, വെന്തുവെണ്ണീറായ ക്രിസ്ത്യന്‍ മിഷണറി ഗ്രെഹാം സ്റ്റെയിന്‍സിന്റെയും രണ്ട് മക്കളുടെയും പേരുകളാണ്

വെബ് ഡെസ്ക്

ആദിവാസി വിഭാഗത്തില്‍നിന്നുള്ള നേതാവ്, അഴിമതിവിരുദ്ധ പ്രതിച്ഛായ, തികഞ്ഞ ആര്‍എസ്എസുകാരന്‍... നവീന്‍ പട്‌നായിക്കിനെ വീഴ്ത്തി അധികാരം പിടിച്ചെടുത്ത ഒഡിഷയില്‍ ബിജെപി മുഖ്യമന്ത്രിയാക്കിയ മോഹന്‍ ചരണ്‍ മാഞ്ചിക്ക് വിശേഷണങ്ങള്‍ ഏറെയുണ്ട്. സന്താള്‍ വിഭാഗത്തില്‍നിന്നുള്ള നേതാവാണ് മാഞ്ചി. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് തൊട്ടടുത്തുകിടക്കുന്ന ആദിവാസി ഭൂരിപക്ഷ സംസ്ഥാനമായ ഝാര്‍ഖണ്ഡിലെ നിയമസഭ തിരഞ്ഞെടുപ്പാണെന്നാണ് പ്രധാന പ്രചാരണം. എന്നാല്‍, മോഹന്‍ മാഞ്ചിയുടെ പേരിനൊപ്പം ചേര്‍ത്തുവായിക്കേണ്ടത് ഇതൊന്നുമല്ല, വെന്തു വെണ്ണീറായ ക്രിസ്ത്യന്‍ മിഷണറി ഗ്രെഹാം സ്റ്റെയിന്‍സിന്റെയും രണ്ട് മക്കളുടെയും പേരുകളാണ്. ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളിയുടെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം കിടന്ന നേതാവാണ് മാഞ്ചി.

2022-ലായിരുന്നു കുപ്രസിദ്ധ ഹിന്ദുത്വ പ്രചാരകനും സുദര്‍ശന്‍ ടിവി എഡിറ്ററുമായ സുരേഷ് ചാവങ്കെയ്‌ക്കൊപ്പം മാഞ്ചി നിരാഹാര സമരം നടത്തിയത്. കേസിലെ പ്രതിയായ ധാര സിങ്ങിനെ കുറ്റവിമുക്തനാക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ജയിലില്‍ ധാരാ സിങ്ങിനെ സന്ദര്‍ശിക്കാനായി എത്തിയ ഇവര്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് മാഞ്ചിയും മറ്റു ചില ബിജെപി നേതാക്കളും ചാവങ്കെയ്‌ക്കൊപ്പം ജയിലിനു മുന്നില്‍ നിരാഹാരം നടത്തിയത്.

''ക്രിസ്ത്യന്‍ മിഷണറി ഗ്രാഹാം സ്റ്റെയിന്‍സിനെയും മക്കളേയും തീയിട്ടുകൊന്ന കേസിലെ പ്രതികളെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ സത്യഗ്രഹം നടത്തിയ ആര്‍എസ്എസ് നേതാവിനെയാണ് ബിജെപി ഒഡിഷയില്‍ മുഖ്യമന്ത്രിയാക്കിയത്. മതന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്ത് മുന്നോട്ടുപോകാനാണ് മൂന്നാം മോദി സര്‍ക്കാരിന്റെ തീരുമാനം. മുസ്ലിം ജനവിഭാഗത്തിലെ ഒരാളെ പോലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ തയാറായില്ല,'' തൃശൂരില്‍ നടന്ന ഇഎംഎസ് സ്മൃതി ദേശീയ സെമിനാറില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

എന്താണ് ഗ്രഹാം സ്‌റ്റെയിന്‍സ് കേസ്?

ഓസ്‌ട്രേലിയന്‍ ക്രിസ്തീയ സുവിശേഷകനും ഇന്ത്യയിലെ കുഷ്ഠ രോഗികള്‍ക്കും ആദിവാസികള്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ചിരുന്നയാളുമായ ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും 1999 ജനുവരി 22-നാണ് ഒരുകൂട്ടം ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്നത്. സ്‌റ്റെയിന്‍സും അദ്ദേഹത്തിന്റെ പത്ത് വയസായ ഫിലിപ്, ആറു വയസുകാരനായ തിമോത്തി എന്നീ മക്കളുമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഒഡിഷയിലെ കിയോഞ്ജര്‍ ജില്ലയിലെ ഗ്രാമമായ മനോഹര്‍പൂരിലായിരുന്നു ഗ്രഹാമും കുടുംബവും പ്രവര്‍ത്തിച്ചിരുന്നത്. മയൂര്‍ഭഞ്ജിലെ ഇവാഞ്ചലിക്കല്‍ മിഷനറി സൊസൈറ്റി 1892-ല്‍ ബാരിപാഡയില്‍ സ്ഥാപിച്ച മയൂര്‍ഭഞ്ച് ലെപ്രസി ഹോമിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 1965-ല്‍ 24-ാം വയസിലായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ് പ്രവര്‍ത്തിച്ച് തുടങ്ങിയത്.

ഗ്രഹാം സ്റ്റെയിന്‍സും കുടുംബവും
കെന്ദ്രൂജാര്‍ ഗ്രാമത്തിലേക്കു സഞ്ചരിക്കുന്നതിനിടെ കഠിനമായ തണുപ്പുകാരണം ഗ്രഹാം സ്റ്റെയിന്‍സും ആണ്‍കുട്ടികളും വഴിയരികില്‍ വണ്ടിയൊതുക്കി ഉറങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മകളും യാത്രയില്‍ അവരെ അനുഗമിച്ചില്ല. ഇതിനിടെയാണ് അമ്പതോളം ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ സംഘടിച്ച് പ്രദേശത്തെത്തിയത്

ഒഡിഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ അവിടെ ചികിത്സ തേടിയിരുന്നു. സുഖം പ്രാപിച്ച രോഗികളെ രാജബാസയില്‍ പുനരധിവാസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മതം മാറ്റമാണ് ഗ്രഹാം നടത്തുന്നതെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആക്ഷേപം. 1983-ലാണ് ബാരിപാഡയിലെ മിഷന്റെ നടത്തിപ്പ് ഗ്രഹാം സ്റ്റെയിന്‍സ് ഏറ്റെടുക്കുന്നത്. മൂന്ന് മക്കളായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ് - ഗ്ലാഡിസ് ദമ്പതികള്‍ക്കുണ്ടായിരുന്നത്. എസ്തര്‍ എന്ന മകളും ഫിലിപ്പ്, തിമോത്തി എന്നീ പേരുകളുള്ള ആണ്‍കുട്ടികളും. 1999 ജനുവരി 22-ന്, മനോഹര്‍പൂരിലെ ജംഗിള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനുവേണ്ടി ഗ്രഹാം സ്റ്റെയിന്‍സും മക്കളും സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ ക്രിസ്ത്യാനികള്‍ക്കുള്ള വാര്‍ഷിക സമ്മേളനം കൂടിയായിരുന്നു ഈ ക്യാമ്പ്. ഊട്ടിയിലെ സ്‌കൂളില്‍നിന്ന് കുഞ്ഞുങ്ങളെ തിരികെ കൊണ്ടുവരികയായിരുന്നു ഗ്രഹാം.

കെന്ദ്രൂജാര്‍ ഗ്രാമത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ കഠിനമായ തണുപ്പുകാരണം ഗ്രഹാം സ്റ്റെയിന്‍സും ആണ്‍കുട്ടികളും വഴിയരികില്‍ വണ്ടിയൊതുക്കി ഉറങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മകളും യാത്രയില്‍ അവരെ അനുഗമിച്ചില്ല. ഇതിനിടെയാണ് അമ്പതോളം ബജ്റങ്ദൾ പ്രവര്‍ത്തകര്‍ സംഘടിച്ച് പ്രദേശത്ത് എത്തിയത്. ജയ് ശ്രീറാം വിളികള്‍ ഉയര്‍ത്തി ആള്‍കൂട്ടം സ്റ്റെയിന്‍സും മക്കളും ഗാഢനിദ്രയിലായിരുന്നപ്പോള്‍ വാഹനം ആക്രമിച്ചശേഷം കത്തിക്കുകയായിരുന്നു. സ്റ്റെയിന്‍സിനെയും മക്കളെയും രക്ഷപ്പെടാന്‍ ആള്‍ക്കൂട്ടം സമ്മതിച്ചില്ല.

കൊലയാളി സംഘത്തിനു നേതൃത്വം നല്‍കിയ ബജ്റങ്ദൾ നേതാവ് ധാരാ സിങ്ങിനെ 2003-ല്‍ വിചാരണ കോടതി വധശിക്ഷയ്ക്കു വിധിച്ചു. പിന്നീട്, ഹൈക്കോടതി ഇത് ജീവപര്യന്തമായി കുറച്ചു. മറ്റൊരു ക്രിസ്ത്യന്‍ മിഷണറിയെയും മുസ്ലിം കച്ചവടക്കാരനെയും കൊലപ്പെടുത്തിയ കേസിലും ധാരാസിങ് ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ്. ഈ കുറ്റവാളിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാഞ്ചിയുടെ സമരം.

അക്രമികള്‍ കത്തിച്ച ഗ്രഹാം സ്റ്റെയിന്‍സിന്റെ വാഹനം
ഒഡിഷ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിച്ചിരുന്നത് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ നേതൃത്വത്തിലായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നായിരുന്നു ബിജെപി വൃത്തങ്ങളിലടക്കുള്ള പ്രതീക്ഷ

ധര്‍മേന്ദ്ര പ്രധാനെ വെട്ടി, പകരം മാഞ്ചി

അടിമുടി ആര്‍എസ്എസ് പ്രോഡക്ടാണ് മാഞ്ചി. കുട്ടിക്കാലം മുതല്‍തന്നെ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകന്‍. ആദിവാസി മേഖല കേന്ദ്രീകരിച്ചായിരുന്നു മാഞ്ചിയുടെ പ്രവര്‍ത്തനങ്ങള്‍. ഇത് നാലാംതവണയാണ് മാഞ്ചി എംഎല്‍എയാകുന്നത്. ഒഡിഷ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിച്ചിരുന്നത് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ നേതൃത്വത്തിലായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നായിരുന്നു ബിജെപി വൃത്തങ്ങളിലടക്കുള്ള പ്രതീക്ഷ. ബൈജയന്ത് പാണ്ഡ, മന്‍മോഹന്‍ സമല്‍, സുരേഷ് പൂജാരി എന്നിവരുടെ പേരുകളും ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായാണ് മാഞ്ചിയുടെ പേര് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചത്.

ധാരാ സിങ്ങിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ മാഞ്ചി

മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ സോഷ്യല്‍ എൻജിനീയറിങ് മാതൃകയില്‍ ഒഡിഷയിലും രാഷ്ട്രീയ നീക്കം നടത്താനാണ് ബിജെപി ശ്രമിച്ചത്. 22 ശതമാനമാണ് ഒഡിഷയിലെ ആദിവാസി ജനസംഖ്യ. സന്താള്‍ വിഭാഗമാണ് പ്രധാന ആദിവാസി ഗോത്രം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവും സന്താള്‍ വിഭാഗത്തില്‍നിന്നാണ്. ഝാര്‍ഖണ്ഡില്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ നീക്കത്തിലൂടെ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം