മോഹന്‍ ഭഗവത് 
INDIA

'ഇന്ത്യയെ മഹത്തരമാക്കുക'; ആര്‍എസ്എസിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും ലക്ഷ്യം ഒന്നായിരുന്നു: മോഹന്‍ ഭഗവത്

ആര്‍എസ്എസിന്റെയും നേതാജിയുടെയും പ്രത്യയശാസ്ത്രങ്ങള്‍ ഒന്നല്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ആര്‍എസ്എസ് മേധാവിയുടെ വാക്കുകള്‍

വെബ് ഡെസ്ക്

ഇന്ത്യയെ കുറിച്ച് നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ആര്‍എസ്എസിന്റെയും ലക്ഷ്യങ്ങള്‍ ഒന്നായിരുന്നു എന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ഇന്ത്യയെ മഹത്തരമായ രാജ്യമാക്കുക എന്നതായിരുന്നു നേതാജിയുടെ ലക്ഷ്യം. അതുതന്നെയാണ് ആര്‍എസ്എസിന്റെയും ലക്ഷ്യം. സ്വാതന്ത്ര്യസമരത്തില്‍ നേതാജിയുടെ സംഭാവനകളെ പ്രശംസിച്ച ഭഗവത് അദ്ദേഹത്തിന്റെ ഗുണങ്ങളും പഠിപ്പിക്കലുകളും ഉള്‍ക്കൊള്ളാനും രാജ്യത്തെ വിശ്വ ഗുരു (ലോക നേതാവ്) ആക്കാന്‍ പ്രയത്‌നിക്കണമെന്നും ആഹ്വാനം ചെയ്തു. കൊല്‍ക്കത്തയില്‍ സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ഭഗവത്.

നേരത്തെ, സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികം ആഘോഷിക്കാനുള്ള ആര്‍എസ്എസ് നീക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ആര്‍എസ്എസിന്റെയും നേതാജിയുടെയും പ്രത്യയശാസ്ത്രങ്ങള്‍ ഒന്നല്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ആര്‍എസ്എസ് മേധാവിയുടെ വാക്കുകള്‍.

സ്വാതന്ത്ര്യസമരത്തിന് നല്‍കിയ വിലയേറിയ സംഭാവനകളോട് നാം നന്ദിയുള്ളവരായതുകൊണ്ട് മാത്രമല്ല, അദ്ദേഹത്തിന്റെ ഗുണങ്ങള്‍ നാം ഉള്‍ക്കൊള്ളുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടിയാണ് നാം നേതാജിയെ ഓര്‍മിക്കുന്നത്. അദ്ദേഹം കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ച ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം ഇപ്പോഴും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. അത് നേടാന്‍ നാം പ്രവര്‍ത്തിക്കണം. സാഹചര്യങ്ങളും പാതകളും വ്യത്യാസപ്പെട്ടിരിക്കാം, പക്ഷേ ലക്ഷ്യം അങ്ങനെ തന്നെ തുടരുന്നു. നേതാജി ആദ്യം കോണ്‍ഗ്രസിനൊപ്പമാണ് പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസിനെ പിന്തുടര്‍ന്ന് സത്യഗ്രഹം, ആന്ദോളന്‍ എന്നീ പാതകള്‍ തിരഞ്ഞെടുത്തു. എന്നാല്‍ അത് പര്യാപ്തമല്ലെന്നും സ്വാതന്ത്ര്യസമരത്തിന്റെ ആവശ്യമുണ്ടെന്നും മനസിലാക്കിയ അദ്ദേഹം പിന്നീട് അതിനായി പ്രവര്‍ത്തിച്ചു -ഭഗവത് പറഞ്ഞു.

മാര്‍ഗങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ലക്ഷ്യം ഒന്നുതന്നെയാണ്. ഇന്ത്യ ലോകത്തിന്റെ ചെറിയ പതിപ്പാണെന്നും, ഇന്ത്യ ലോകത്തിനാകെ ആശ്വാസപ്രദമാകണമെന്നും നേതാജി പറഞ്ഞു. ആ ആശയങ്ങള്‍ നാം പിന്തുടരേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ തന്നെയാണ് നമ്മുടെയും ലക്ഷ്യം. അതിനായാണ് നാം പ്രവര്‍ത്തിക്കേണ്ടതെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു.

ജന്മവാര്‍ഷികത്തില്‍ സുഭാഷ് ചന്ദ്രബോസിന് ആദരം അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാനമായ വാക്കുകളാണ് സാമൂഹ്യമാധ്യത്തില്‍ പങ്കുവെച്ചത്. രാജ്യത്തിന്റെ ചരിത്രത്തില്‍ നേതാജിയുടെ സമാനതകളില്ലാത്ത സംഭാവനകളെ ഓര്‍മിക്കുന്നു. കൊളോണിയല്‍ ഭരണത്തിനെതിരായ കടുത്ത ചെറുത്തുനില്‍പ്പിലൂടെ അദ്ദേഹം എന്നും ഓര്‍മിക്കപ്പെടും. നേതാജിയുടെ ചിന്തകള്‍ ആഴത്തില്‍ സ്വാധീനിച്ച ഞങ്ങള്‍ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ ശ്രമിക്കുകയാണ് -എന്നായിരുന്നു മോദി ട്വിറ്ററില്‍ കുറിച്ചത്.

സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷിക പരിപാടി സംഘടിപ്പിക്കാനുള്ള ആര്‍എസ്എസിന്റെ നീക്കം ഏറെ വിവാദമായിരുന്നു. നേതാജിയുടേതില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള സവര്‍ക്കറെ ആരാധിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നായിരുന്നു നേതാജിയുടെ കുടുംബാംഗമായ ചന്ദ്രകുമാര്‍ ബോസ് പ്രതികരിച്ചത്. രണ്ട് പ്രത്യയശാസ്ത്രങ്ങളും പൊരുത്തപ്പെടുന്നതല്ലെന്ന് അഭിപ്രായപ്പെട്ട ചന്ദ്രകുമാര്‍ ആര്‍എസ്എസ് പരിപാടിയെ ചോദ്യംചെയ്ത് രംഗത്തെത്തിയിരുന്നു.

അതേസയമം, പിതാവിന്റെ പാരമ്പര്യത്തെ ആര്‍എസ്എസ് ഭാഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നായിരുന്നു മകള്‍ അനിത ബോസ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. നേതാജിയുടെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ ആര്‍എസ്എസ് തയ്യാറെടുക്കുന്നതിനെ കുറിച്ചായിരുന്നു അനിതയുടെ പ്രതികരണം. കേട്ടറിവ് വെച്ച് ആര്‍എസ്എസ് പ്രത്യയശാസ്ത്രവും നേതാജിയുടെ പ്രത്യയശാസ്ത്രവും രണ്ടാണ്. നേതാജിയുടെ മതേതര കാഴ്ചപ്പാട് ആര്‍എസ്എസിനില്ല. നേതാജിയുടെ ആദര്‍ശങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ ആര്‍എസ്എസിന് തോന്നിയാല്‍ അത് നല്ലതായിരിക്കും. നേതാജിയുടെ ജന്മദിനം വ്യത്യസ്ത രീതികളില്‍ ആഘോഷിക്കാന്‍ വിവിധ വിഭാഗങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് അദ്ദേഹത്തിന്റെ ആശയങ്ങളുമായി യോജിക്കാനാകണമെന്നുമായിരുന്നു അനിത പ്രതികരിച്ചത്.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം