ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങൾ അടുത്ത വർഷം നടക്കാനിരിക്കെ, സംഘടനയുടെ സായുധ പരിശീലന സമ്പ്രദായമായ ഒ ടി സി (ഓഫീസേഴ്‌സ് ട്രെയിനിങ് ക്യാമ്പ്സ്) മാറ്റങ്ങൾ വരുത്താൻ ആലോചന. ആർഎസ്എസ് പ്രവർത്തകരുടെ അടയാളമായ മുളദണ്ഡിന്റെ വലുപ്പം കുറച്ചേക്കുമെന്നും സൂചനയുണ്ട്.
ഇതുസംബന്ധിച്ച് ജൂലൈ 13 മുതൽ 15 വരെ ഊട്ടിയിൽ നടന്ന സംഘടനാ യോഗത്തിൽ വിശദമായ ചർച്ച നടന്നതായി 'ദി ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു. ഊട്ടിയിലെ യോഗത്തിലുണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ വർഷാവസാനം ചേരുന്ന കേന്ദ്രീയ കാര്യകാരി മണ്ഡൽ യോഗത്തിൽ തീരുമാനം പ്രഖ്യാപിച്ചേക്കും.
മൂന്ന് വർഷം നീളുന്നതാണ് ആർ എസ് എസിന്റെ ഒടിസി അഥവാ സംഘ് ശിക്ഷാ വർഗ്. ആദ്യ രണ്ട് വർഷം 20 ദിവസം വീതവും മൂന്നാം വർഷം 25 ദിവസവുമാണ് പരിശീലനം. ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിലാണ് അവസാന വർഷത്തെ പരിശീലനങ്ങൾ. ഇവ ചുരുക്കി ഒന്നാം വർഷം 15 ദിവസവും അവസാന രണ്ടുവർഷങ്ങളിൽ 20 ദിവസവും നടത്തണമെന്ന് കേന്ദ്രീയ കാര്യകാരി മണ്ഡൽ യോഗത്തിൽ നിർദേശങ്ങളുയർന്നിരുന്നു.
ആദ്യ വർഷത്തിലെ പരിശീലന ക്യാമ്പുകൾ സംഘ് ശിക്ഷ വർഗ് എന്ന പേരിലും മറ്റ് വർഷങ്ങളിലേത് കാര്യകർത്ത വികാസ് ശിവിർ എന്ന് പുനർനാമകരണം ചെയ്യാനും സാധ്യതയുണ്ട്.
എല്ലാ വർഷവും ഏപ്രിൽ മുതൽ ജൂൺ വരെയാണ് മിക്ക ആർഎസ്എസ് ക്യാമ്പുകളും നടക്കുന്നത്. ഈ വർഷം മാത്രം നൂറോളം കേന്ദ്രങ്ങളിൽ നിന്നായി ഇരുപതിനായിരത്തിലധികം പേരാണ് പരിശീലനം നേടിയതെന്നാണ് കണക്ക്.
ദണ്ഡിന്റെ നീളം കുറയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായിട്ടില്ല. കാലങ്ങളായി ഉപയോഗിച്ചുവരുന്ന ദണ്ഡിന് 5.3 അടിയാണ് നീളം. സാധാരണയെക്കാൾ നീളം കുറഞ്ഞ ദണ്ഡി(യഷ്തി)ന്റെ പതിപ്പ് ആർഎസ്എസ് നേരത്തെ പരീക്ഷിച്ചിരുന്നു.
ഗണവേഷ(യൂണിഫോം)ത്തിൽ അടുത്തിടെ ആർഎസ്എസ് മാറ്റംവരുത്തിയിരുന്നു. കാക്കി ട്രൗസറും വെള്ള ഷർട്ടുമായിരുന്നു സ്വയംസേവകരുടെ നേരത്തെയുള്ള ഗണവേഷം. കാക്കി ട്രൗസറിനുപകരം തവിട്ട് നിറത്തിലുള്ള ഫുൾ പാൻ്റായാണ് മാറ്റം വരുത്തിയത്.