INDIA

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യത പുലർത്തിയില്ല, ജനസേവകൻ അഹങ്കാരിയാകരുത്'; ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്

വെബ് ഡെസ്ക്

മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്ക് പിന്നാലെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയിലെ വാക്ക്പോരുകളെയും, വിവാദങ്ങളെയും വിമര്‍ശിച്ച് ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്. അഹങ്കാരമുള്ള ഒരാൾക്ക് യഥാർഥ ജനസേവകനാകാൻ കഴിയില്ലെന്ന് പറഞ്ഞ മോഹൻ ഭാഗവത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേതാക്കള്‍ മാന്യത പാലിച്ചില്ലെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നാഗ്പൂരിൽ ആർ എസ് എസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയായിരുന്നു ഭാഗവതിന്റെ പ്രസ്താവന.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ആദ്യമായാണ് മോഹൻ ഭാഗവത് പ്രതികരിക്കുന്നത്. "ഒരു യഥാർത്ഥ സേവകൻ ജോലി ചെയ്യുമ്പോൾ മാന്യത നിലനിർത്തുന്നു. അങ്ങനെയുള്ളവർ മാത്രമേ സേവനം നടത്തുന്നുള്ളു. അവർക്ക് താൻ ചെയ്യുന്നതിനെ കുറിച്ച് അഹങ്കാരം ഉണ്ടാകുകയില്ല. അങ്ങനെയുള്ളവർക്ക് മാത്രമേ സേവകനാകാൻ അവകാശമുള്ളൂ" ആർഎസ്എസ് പ്രവർത്തകർക്കുള്ള ആനുകാലിക പരിശീലന പരിപാടിയായ കാര്യകർത്താ വികാസ് വർഗിൽ അദ്ദേഹം പറഞ്ഞു. കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാൻ സാധിക്കാതിരുന്ന ബിജെപി, ഘടക കക്ഷികളുടെ പിന്തുണയിൽ അധികാരമേറ്റ സമയത്താണ് ആർ എസ് എസ് തലവന്റെ പരാമർശമെന്നതും ശ്രദ്ധേയമാണ്.

കൂടാതെ മണിപ്പൂരിൽ തുടരുന്ന അക്രമങ്ങളിൽ ആശങ്കയും മോഹൻ ഭാഗവത് പങ്കുവച്ചു. എല്ലായിടത്തും സാമൂഹിക പൊരുത്തക്കേടുകൾ ഉണ്ടാകുന്നത് നല്ലതല്ല. കഴിഞ്ഞ ഒരു വർഷമായി മണിപ്പൂർ സമാധാനത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ട് സമാധാനപരമായിരുന്നു. പക്ഷേ, പെട്ടെന്ന് രൂപപ്പെട്ടതോ സൃഷ്ടിക്കപ്പെട്ടതോ ആയ തോക്ക് സംസ്കാരം മണിപ്പൂരിൽ ഇപ്പോഴും ജ്വലിക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ഒരുവർഷമായി തുടരുന്ന പ്രശനങ്ങളിലേക്ക് ആരാണ് ശ്രദ്ധ ചെലുത്തുക?. മുൻഗണന നൽകി കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒപ്പം സമവായം കെട്ടിപ്പടുക്കേണ്ടതിൻ്റെ പ്രാധാന്യവും ഭാഗവത് എടുത്തുപറഞ്ഞു. മണിപ്പൂരിലെ വംശീയ കലാപം പരിഹരിക്കുന്നതിൽ രണ്ടാം മോദി സർക്കാർ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ നേരത്തെ ഉയർന്നിരുന്നു.

സാമൂഹിക വിഭജനം ഉണ്ടാക്കുന്ന തരത്തിൽ ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തി. സാങ്കേതികവിദ്യ ഉപയോഗിച്ച് അസത്യങ്ങൾ പ്രചരിപ്പിച്ചു. ഇങ്ങനെയാണോ അറിവ് ഉപയോഗിക്കേണ്ടത്? ഇങ്ങനെയാണെങ്കിൽ രാജ്യം എങ്ങനെ പ്രവർത്തിക്കുമെന്നും ഭാഗവത് ചോദിച്ചു. പ്രതിപക്ഷമെന്നാൽ ശത്രുവല്ലെന്നും ഭാഗവത് ഓര്‍മ്മിപ്പിച്ചു.

പാർലമെൻ്റിന് ഇരുപക്ഷങ്ങളുണ്ട്. ഒരു വശം ഒരു ആശയം കൊണ്ടുവരുന്നുവെങ്കിൽ, മറുവശത്ത് മറ്റൊരു വീക്ഷണം രൂപപ്പെടേണ്ടതുണ്ട്” അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിലെ വാചാടോപപരമായ ആധിക്യത്തിൽ നിന്ന് നാം സ്വയം മോചിതരാകുകയും ഭാവിയെക്കുറിച്ച് ചിന്തിക്കുകയും വേണം.” ഭാഗവത് കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് വേളയിൽ നരേന്ദ്ര മോദി നടത്തിയ വർഗീയ പരാമർശങ്ങളെയും ഉണ്ടായ വിവാദങ്ങളെയും പരോക്ഷമായി വിമർശിക്കുന്നതാണ് ഭാഗവതിന്റെ പ്രസംഗം എന്ന നിലയിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും