INDIA

എൽ മുരുകൻ മന്ത്രിയാകാൻ യോഗ്യനല്ലെന്ന് ടിആർ ബാലു, ദളിത് മന്ത്രിയെ അപമാനിച്ചെന്ന് ബിജെപി; ലോക്സഭയിൽ വാഗ്വാദം

വെബ് ഡെസ്ക്

കേന്ദ്രമന്ത്രി എല്‍ മുരുകന്‍ മന്ത്രിസ്ഥാനത്തിന് യോഗ്യനല്ലെന്ന ഡിഎംകെ എംപിയുടെ പരാമര്‍ശത്തിനു പിന്നാലെ ലോക്‌സഭയില്‍ ജാതിഅധിക്ഷേപം സംബന്ധിച്ച് രൂക്ഷവാഗ്വാദം. പ്രകൃതിക്ഷോഭം മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള ചോദ്യോത്തര വേളക്കിടയിലാണ് സഭ ചൂടേറിയ ചർച്ചകൾക്ക് സാക്ഷ്യം വഹിച്ചത്. കേന്ദ്രമന്ത്രി എൽ മുരുകൻ മന്ത്രിയാകാൻ യോഗ്യനല്ലെന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംപി ടി ആർ ബാലു പറഞ്ഞതാണ് ബഹളത്തിലേക്ക് നയിച്ചത്. ഡിഎംകെ എംപി ഒരു ദളിത് മന്ത്രിയെ അധിക്ഷേപിച്ചുവെന്നും മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ തമിഴ്‌നാടിന് ഫണ്ട് അനുവദിക്കുന്നതിൽ ടിആർ ബാലു ആശങ്ക ഉയർത്തിയതിന് പിന്നാലെയാണ് വിഷയം ചർച്ചക്ക് വഴി വെച്ചത്. ഡിസംബറിൽ ചെന്നൈയിലും തെക്കൻ തമിഴ്‌നാട്ടിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഏതെങ്കിലും കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ടോയെന്ന് ഡിഎംകെ എംപി എ രാജയും എ ഗണേശമൂർത്തിയും സർക്കാരിനോട് ചോദിച്ചിരുന്നു.

സംസ്ഥാനത്തിന് വേണ്ടത്ര സാമ്പത്തിക പിന്തുണ നൽകുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നായിരുന്നു ടിആർ ബാലുവിന്റെ ആരോപണം. മൈചോങ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. ചുഴലിക്കാറ്റിന് മുമ്പ് മതിയായ മുന്നറിയിപ്പ് നൽകുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. തമിഴ്‌നാടിന് വേണ്ട നഷ്ടപരിഹാരം നല്‍കുന്നതിലും കേന്ദ്രം വിമുഖത കാട്ടിയെന്ന് ടിആർ ബാലു ആരോപിച്ചു. പിന്നാലെ മറുപടിയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എത്തി.

സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് വിനിയോഗത്തിൽ വിവേചനമില്ലെന്ന് നിത്യാനന്ദ് റായ് വ്യക്തമാക്കി. കളങ്കമുള്ള അജണ്ടകൾ വച്ച് ചിലർ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ബാലു സംസാരിച്ചുകൊണ്ടിരിക്കെ, മന്ത്രി എൽ മുരുകൻ ഇടപെട്ട് ''ഡിഎംകെ അംഗങ്ങൾ അപ്രസക്തമായ ചോദ്യങ്ങൾ ചോദിക്കുകയാണെന്ന്'' തിരിച്ചടിച്ചു. ക്ഷുഭിതനായ ബാലു മുരുഗനെതിരെ ആഞ്ഞടിക്കുകയായിരുന്നു. " ഇതിൽ ഇടപെടരുത്, നിങ്ങൾക്ക് എന്തെങ്കിലും അച്ചടക്കം അറിയുമോ. നിങ്ങൾ എംപിയാകാൻ യോഗ്യനല്ല. നിങ്ങൾ മന്ത്രിയാകാൻ യോഗ്യനല്ല. ഞങ്ങളെ അഭിമുഖീകരിക്കാൻ നിങ്ങൾക്ക് ധൈര്യമില്ല. ഇരിക്കൂ," എന്നായിരുന്നു ബാലുവിന്റെ പരാമർശം. ഇതോടെയാണ് വിഷയം തർക്കത്തിലേക്ക് നയിച്ചത്.

മന്ത്രിയെ 'അൺഫിറ്റ്' എന്ന് വിളിച്ച നടപടിക്കെതിരെ നിയമ മന്ത്രി അർജുൻ മേഘവാൾ ആഞ്ഞടിക്കുകയും മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തു. പാർലമെൻ്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ബാലുവിനെതിരെ വിമർശനം ഉന്നയിച്ചു. ബാലുവിനെപ്പോലെ ഒരു മുതിർന്ന നേതാവ് എങ്ങനെയാണ് മന്ത്രിയെ അയോഗ്യനെന്ന് വിളിക്കുക എന്നദ്ദേഹം ചോദിച്ചു. ഒരു ദളിത് മന്ത്രിയെയാണ് ടിആർ ബാലു അയോഗ്യനെന്ന് വിളിച്ചതെന്നും പട്ടികജാതി സമുദായത്തെയാകെ അപമാനിച്ചുവെന്നും ആയിരുന്നു വിമർശനം.

പിന്നാലെ ഇരുപക്ഷത്തു നിന്നുമുള്ള അംഗങ്ങൾ വാദപ്രതിവാദങ്ങളുമായി എഴുന്നേറ്റതോടെ സഭ ബഹളത്തിലേക്ക് നീങ്ങി. ടിആർ ബാലു മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തന്റെ പരാമർശം മുരുകൻ്റെ മന്ത്രാലയവുമായി ബന്ധപ്പെട്ടല്ലെന്നും മുരുഗൻ തമിഴ്‌നാടിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും സഭ സമ്മേളനത്തിന് ശേഷം ബാലു എഎൻഐ യോട് പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും