ഈ വർഷത്തെ ദീപാവലി ആഴ്ചയില്‍ രൂപയുടെ വിനിമയം കുത്തനെ ഇടിഞ്ഞെന്ന് റിപ്പോർട്ട്. ദീപാവലി സീസണുകളില്‍ 20 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാങ്കേതിക വിദ്യയിലെ നേട്ടങ്ങള്‍ പണമിടപാട് സംവിധാനത്തെ മാറ്റിമറിച്ചതാണ് പുതിയ സ്ഥിതിവിശേഷത്തിന് പിന്നില്‍. ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമായതാണ് രൂപയുടെ വിനിമയ നിരക്ക് ഇടിയുന്നതിലേക്ക് നയിച്ചത്.
സാങ്കേതിക വിദ്യ വികസിച്ചതോടെ പണരഹിതമായ സാമ്പത്തിക ഇടപാടുകളിലേക്ക് പടി പടിയായി ഇന്ത്യ എത്തി.സ്മാർട്ട് ഫോണ്‍ വഴിയുള്ള പേയ്മെന്റ് സംവിധാനവും വ്യാപകമായിക്കഴിഞ്ഞു. പണരഹിത സമ്പദ് വ്യവസ്ഥ, സ്മാർട്ട് ഫോൺ അധിഷ്ഠിത വ്യവസ്ഥയിലേക്ക് മാറിയെന്ന് എസ്ബിഐയുടെ എക്കോറാപ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സർക്കാരിന്റെ നിരന്തരമായ പ്രേരണയാണ് രാജ്യത്തെ ഡിജിറ്റല്‍ വിജയത്തിലേക്ക് എത്തിച്ചതെന്ന് എസ്ബിഐ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യുപിഐ, വാലറ്റ്‌സ്, പിപിഐ അടക്കമുളള സംവിധാനങ്ങള്‍ ഉളളതിനാല്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ പണം ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ ചെയ്യാം. ക്യൂആര്‍ കോഡ്, നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍ എഫ് സി) അടക്കമുളള കണ്ടുപിടുത്തങ്ങളും, വന്‍കിട ടെക് സ്ഥാപനങ്ങളുടെ കടന്നുവരവും വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്. ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച ആര്‍ബിഐക്കും സര്‍ക്കാരുകള്‍ക്കും നേട്ടമാണെന്നും റിപ്പോർട്ട് പറയുന്നു.