യുക്രെയ്നെതിരായ റഷ്യൻ അധിനിവേശത്തിന്, സ്റ്റുഡന്റ് വിസയുടെ മറവിൽ ഇന്ത്യക്കാരെ എത്തിച്ചുകൊടുക്കുന്നുവെന്ന കേസിൽ മുഖ്യപ്രതി ബിജെപി അംഗത്തിന്റെ മകനെന്ന് റിപ്പോർട്ട്. മധ്യപ്രദേശിലെ ധർ മുൻസിപ്പൽ കോർപറേഷൻ അംഗം അനിത മുകുത്തിന്റെ മകൻ സുയാശാണ് സി ബി ഐയുടെ പ്രതിപ്പട്ടികയിലെ ഒന്നാമൻ. അന്വേഷണ സംഘത്തിന്റെ വിശദീകരണം അനുസരിച്ച്, സുയാഷിന്റെ '24X7 RAS ഓവർസീസ് ഫൗണ്ടേഷൻ' എന്ന സ്ഥാപനം 180 പേരെ റഷ്യയിലേക്ക് അയച്ചിട്ടുണ്ട്. അതിലധികവും സ്റ്റുഡന്റ് വിസ ആയിരുന്നെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്.
സുയാഷ് മുകുത്തിന്റെ സ്ഥാപനം സ്റ്റുഡന്റ് വിസയിൽ കയറ്റിയയച്ചവരെ കബളിപ്പിച്ച് റഷ്യൻ സേനയുടെ ഭാഗമാക്കിയിരിക്കാം എന്നാണ് കരുതുന്നത്. എംബസി ജീവനക്കാരുടെ പങ്കും സി ബി ഐ പരിശോധിക്കുന്നുണ്ട്. ആർ എ എസ് ഓവർസീസിന്റെ വെബ്‌സൈറ്റ് നിലവിൽ പ്രവർത്തന രഹിതമാണ്. സുയാഷും സഹോദരൻ പാർത്ഥ് മുകുത്തും ഡയറക്ടർമാരായ സ്ഥാപനം 2022 ജൂണിലാണ് ആരംഭിക്കുന്നത്. ദ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത പുറത്തുകൊണ്ടുവന്നത്.
ഇൻഡോറിൽ നിന്നുള്ള കുടുംബം ധറിൽ സ്ഥിരതാമസമാക്കിയെന്നും സുയാഷിൻ്റെ പിതാവ് രമാകാന്ത് മുകുട്ട് പ്രാദേശിക ആശുപത്രിയിൽ ജനറൽ ഫിസിഷ്യനായി ജോലി ചെയ്യുകയാണെന്നുമാണ് വിവരം. ഫീസിൽ ഇളവ്, വിസ കാലാവധി നീട്ടി നൽകാം എന്നീ വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പ് സംഘം ആളുകളെ ആകർഷിക്കുന്നത്. ഇത്തരത്തിൽ റഷ്യയിൽ എത്തിപ്പെടുന്നവരുടെ പാസ്പോർട്ട് വിസ ഏജന്റുമാർ തട്ടിയെടുക്കുകയും റഷ്യൻ സൈന്യത്തിന്റെ ഭാഗമായി യുക്രെയ്നിലേക്ക് പോകാൻ നിർബന്ധിതരാക്കുകയും ചെയ്യും. വിദ്യാർഥികളിൽ ചിലരെ സായുധ പരിശീലനത്തിന് അയച്ചതായും സൈനിക അഭ്യാസങ്ങൾ പഠിപ്പിച്ചതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യക്കടത്തിന് ഇരയായ ചിലർക്ക് യുദ്ധമേഖലയിൽ ഗുരുതരമായി പരുക്കേറ്റതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
ഡൽഹി, മുംബൈ, ചെന്നൈ, പഞ്ചാബ്, രാജസ്ഥാൻ, കേരളം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളും ആളുകളും ഉൾപ്പെടെ 19 പ്രതികളാണ് നിലവിലുള്ളത്. കൂടാതെ റഷ്യയിലുള്ള കേരള സ്വദേശിയും പ്രതിപ്പട്ടികയിലുണ്ട്. ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടുപേർ യുക്രെയ്ൻ യുദ്ധത്തിൽ മരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കേസന്വേഷണം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി, മുംബൈ, അംബാല, ചണ്ഡിഗഡ്, മധുര, തിരുവനന്തപുരം, ചെന്നൈ എന്നീ ഏഴ് നഗരങ്ങളിലെ പട്നിനഞ്ചോളം സ്ഥലങ്ങളിൽ സിബിഐ തിരച്ചിൽ നടത്തിയിരുന്നു.