ബിബിസി ഡോക്യുമെന്ററി ആകസ്മികമായി സംഭവിച്ച ഒന്നല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇന്ത്യയുടെ യശസ്സിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിലൂടെ നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.
''ഗുജറാത്ത് കലാപം നടന്നിട്ട് വര്‍ഷങ്ങളായി. എന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം സംഭവം ഉയര്‍ത്തികൊണ്ടുവന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഒരുപക്ഷേ, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടായിരിക്കാമിത്. രാജ്യത്ത് ഗുജറാത്ത് കലാപമല്ലാതെ നിരവധി സംഭവ വികാസങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ ഈ പ്രശ്നം മാത്രം പെരുപ്പിച്ച് കാണിക്കുന്നു. അത് ശരിയല്ല'' - എസ് ജയശങ്കര്‍ വ്യക്തമാക്കി.
"1984 ൽ ഡല്‍ഹിയിൽ പലതും സംഭവിച്ചു. എന്തുകൊണ്ടാണ് ഡോക്യുമെന്ററിയായി കാണാത്തത്? അതുകൊണ്ടുതന്നെ ഇത് ആകസ്മികമായ നീക്കമാണെന്ന് കരുതുന്നില്ല.'' - വിദേശകാര്യമന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെ കുറിച്ച് മോശമായൊരു പ്രതിച്ഛായ സൃഷ്ടിക്കാനാണ് ഡോക്യുമെന്ററി പ്രദര്‍നത്തിലൂടെ നടന്നത്
''വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെ കുറിച്ച് മോശമായൊരു പ്രതിച്ഛായ സൃഷ്ടിക്കാനാണ് ഡോക്യുമെന്ററി പ്രദര്‍നത്തിലൂടെ ശ്രമമുണ്ടായത്. ഇതിന് പിന്നില്‍ ഇന്ത്യാ വിരുദ്ധ അജണ്ടയാണ്. ഇത്തരം അജണ്ടകളില്‍ ജനങ്ങള്‍ വഞ്ചിതരാകരുത്.'' - എസ് ജയശങ്കര്‍ വ്യക്തമാക്കി.
ഇന്ത്യ - ചൈന അതിര്‍ത്തി വിഷയത്തിലും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അപവാദ പ്രചാരണങ്ങളാണ് നടന്നത്
ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തിലും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അപവാദ പ്രചാരണങ്ങളാണ് നടന്നതെന്ന് എസ് ജയശങ്കര്‍ വ്യക്തമാക്കി. '' അതിര്‍ത്തിയില്‍ പ്രശ്‌നം രൂക്ഷമായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സൈന്യത്തെ അയച്ചത്. അല്ലാതെ രാഹുല്‍ ഗാന്ധിയല്ല'' - വിദേശകാര്യമന്ത്രി തുറന്നടിച്ചു.
ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ രഹസ്യരേഖകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ബിബിസി ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ ഡോക്യുമെന്ററി നിര്‍മിച്ചത്. രണ്ട് ഭാഗമായാണ് ഡോക്യുമെന്ററി പുറത്തിറക്കിയത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള ഡോക്യുമെന്ററിയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് സാഹചര്യമുണ്ടാക്കിയത് അന്നത്തെ ഭരണാധികാരിയായിരുന്നെന്നാണ് വ്യക്തമാക്കിയത്.
ഡോക്യുമെന്ററി പ്രദര്‍ശനം വിവിധയിടങ്ങളില്‍ തടഞ്ഞത് വലിയ വിവാദമായി. ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ ബിബിസി ഇന്ത്യയുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതും വിവാദമായിരുന്നു.