സച്ചിൻ പൈലറ്റ് 
INDIA

'സമരം ബിജെപി അഴിമതിക്കെതിരെ, പാര്‍ട്ടി വിരുദ്ധമല്ല'; രാജസ്ഥാന്‍ സർക്കാരിനെതിരായ പ്രതിഷേധം തുടരുമെന്ന് സച്ചിൻ പൈലറ്റ്

ഏപ്രിൽ 11ന് നിരാഹാരം നടത്തിയിട്ടും അഴിമതി കേസുകളിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സച്ചിൻ പൈലറ്റ്

വെബ് ഡെസ്ക്

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരായ പ്രതിഷേധം തുടരുമെന്ന് മുൻ ഉപമുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ സച്ചിൻ പൈലറ്റ്. മുൻ ബിജെപി സർക്കാരിന്റെ അഴിമതിക്കേസുകളിൽ നടപടിയെടുക്കാൻ സംസ്ഥാന സര്‍ക്കാരിനോട് അഭ്യർത്ഥിക്കുകയാണ് ചെയ്യുന്നത്. അതൊരു പാർട്ടി വിരുദ്ധ പ്രവർത്തനമല്ലെന്ന് സച്ചിൻ പൈലറ്റ് ചൂണ്ടിക്കാട്ടി.

ഏപ്രില്‍ 11ന് സംസ്ഥാന സര്‍ക്കാരിനെതിരെ ഏകദിന ഉപവാസ സമരം നടത്തിയതില്‍ കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് വിശദീകരണം. ഏപ്രില്‍ 11ലെ പ്രതിഷേധത്തിലൂടെ വിഷയം ചൂണ്ടിക്കാട്ടിയിട്ടും അഴിമതി കേസുകളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകള്‍ ഒന്നും ഉണ്ടായില്ലെന്ന് സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടുന്നു.

ജനങ്ങള്‍ കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തത് അഴിമതി അവസാനിപ്പിക്കാനാണ്, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു
സച്ചിന്‍ പൈലറ്റ്

"സത്യം സംസാരിക്കുക, അഴിമതിക്കെതിരെ ശബ്ദമുയർത്തുക എന്നത് കോൺഗ്രസ് പാർട്ടിയുടെ മൂല്യങ്ങളിൽ ഒന്നാണ്. ഈ മൂല്യങ്ങൾ പിന്തുടർന്നാണ് ഏപ്രിൽ 11ന് ഒരു ദിവസത്തെ നിരാഹാര സമരം നടത്തിയത്. എന്നാൽ, ഇന്ന് രണ്ടാഴ്ചയായി. ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. അതിനാൽ, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ഞാൻ സർക്കാരിനോട് മാന്യമായി അഭ്യർത്ഥിക്കുന്നു." സച്ചിൻ പൈലറ്റ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍, ബിജെപിയുടെ അഴിമതിക്കെതിരെ നടപടിയെടുത്താൽ അത് കോണ്‍ഗ്രസിന് തന്നെയാകും ഗുണം ചെയ്യുകയെന്ന് സച്ചിന്‍ പൈലറ്റ് ഓര്‍മിപ്പിച്ചു. 2022 സെപ്റ്റംബറിൽ പാർട്ടി ഹൈക്കമാൻഡിനെ ധിക്കരിച്ച നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തതും അദ്ദേഹം ചോദ്യം ചെയ്തു.

കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പാര്‍ട്ടി നേതാവായ സച്ചിന്‍ പൈലറ്റ് സമരത്തിനിറങ്ങിയത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജിന്ദർ സിങ് രണ്‍ധാവ പ്രസ്താവനയിറക്കിയിരുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിൽ ആര് പാർട്ടിയെ നയിക്കും എന്ന് തീരുമാനിക്കാനുള്ള സച്ചിന്‍ പൈലറ്റിന്റെ നീക്കമാണ് സമരമെന്നാണ് വിലയിരുത്തല്‍. മുന്‍ വസുന്ധര രാജ സര്‍ക്കാരിന്റെ അഴിമതി കേസുകളില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്നാണ് സച്ചിൻ പക്ഷത്തിന്റെ വിശദീകരണം.

കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കിട്ടും അത് അവഗണിച്ചുകൊണ്ടാണ് സച്ചിന്റെ പ്രതിഷേധം. ഉപവാസ സമരം നടത്തിയ സച്ചിന്‍ പൈലറ്റിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഗെഹ്ലോട്ടും രംഗത്തെത്തിയിരുന്നു. സച്ചിന്‍ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവാണ്. ക്ഷമയോടെ ചര്‍ച്ചചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ