INDIA

രാജസ്ഥാൻ നിയമസഭയിൽ നാടകീയ രംഗങ്ങൾ; രഹസ്യങ്ങളടങ്ങിയ ഡയറിയുമായെത്തി മുൻമന്ത്രി രാജേന്ദ്ര ഗുധ, പുറത്താക്കി സ്പീക്കർ

കോൺഗ്രസ് നേതാക്കൾ തന്നെ ആക്രമിക്കുകയും മർദിക്കുകയും നിയമസഭയിൽ നിന്ന് വലിച്ചിഴയ്ക്കുകയും ചെയ്തുവെന്ന് രാജേന്ദ്ര ഗുധ മാധ്യമങ്ങളോട് പറഞ്ഞു

വെബ് ഡെസ്ക്

സ്വന്തം സർക്കാരിനെ വിമർശിച്ചതിന് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട കോൺഗ്രസ് എംഎൽഎ രാജേന്ദ്ര സിങ് ഗുധയെ ബഹളംവച്ചതിനെ തുടർന്ന് നിയമസഭയിൽ നിന്ന് പുറത്താക്കി. സഭാ നടപടികൾ നടക്കുന്നതിനിടെയായിരുന്നു രാജേന്ദ്ര സിങ് ബലമായി സഭയിലേക്ക് കടക്കാൻ ശ്രമിച്ചത്. ഉള്ളിലേക്ക് കടക്കാൻ കഴിയാതായതോടെ രാജേന്ദ്ര സിങ് കൈയിലിരിക്കുന്ന റെഡ് ഡയറി ഉയർത്തിക്കാട്ടുകയും ഇതോടെ രംഗം വഷളാകുകയുമായിരുന്നു. പിന്നാലെ, കോൺഗ്രസ് നേതാക്കൾ തന്നെ ആക്രമിക്കുകയും മർദിക്കുകയും നിയമസഭയിൽ നിന്ന് വലിച്ചിഴയ്ക്കുകയും ചെയ്തുവെന്ന് രാജേന്ദ്ര ഗുധ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ക്രമവിരുദ്ധ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ അടങ്ങിയ ഒരു 'ചുവന്ന ഡയറി'യുമായാണ് ഗുധ സഭയിലെത്തിയത്. സഭാകവാടത്തിൽവച്ച് തടഞ്ഞതിന് പിന്നാലെ ചുവപ്പ് നിറത്തിലുള്ള ഡയറി വീശിയപ്പോൾ സ്പീക്കർ സി പി ജോഷി അദ്ദേഹത്തോട് ചേംബറിലേക്ക് വരാൻ പറഞ്ഞു. പിന്നീട് പാർലമെന്ററികാര്യ മന്ത്രി ശാന്തി ധരിവാളിന് മുൻപിലെത്തി രാജേന്ദ്ര സിങ് അദ്ദേഹവുമായി സംസാരിക്കാൻ ആരംഭിച്ചു. ഇതോടെ ബിജെപി എംഎൽഎമാർ ബഹളം വയ്ക്കുകയും സ്പീക്കർ ഇടപെട്ട് സഭ പിരിച്ചുവിടുകയും ചെയ്തു.

''അൻപതോളം വരുന്ന ആളുകളാണ് എന്നെ ആക്രമിച്ചത്. എന്നെ അവർ ഇടിച്ചു, ചവിട്ടി, നിയമസഭയിൽ നിന്ന് കോൺഗ്രസ് നേതാവ് വലിച്ചിഴച്ചു. സഭാ ചെയർമാൻ എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഞാൻ ബിജെപിയിലാണെന്നാണ് ഇപ്പോൾ എനിക്കെതിരെ ഉയരുന്ന ആരോപണം. എന്താണ് ഞാൻ ചെയ്ത തെറ്റ് എന്ന് എനിക്ക് അറിയണം. എന്റെ ‘റെഡ് ഡയറി’ നിയമസഭയിൽ അവതരിപ്പിക്കണം എന്നുണ്ണ്ടായിരുന്നു. എന്നാൽ സഭയിൽ സംസാരിക്കാൻ പോലും എന്നെ അനുവദിച്ചില്ല''- സഭാ കവാടത്തിൽ തടഞ്ഞതിന് പിന്നാലെ രാജേന്ദ്ര സിങ് പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

''രാജസ്ഥാനിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും അവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണെന്നുമുള്ള 15 സെക്കന്റ് നീണ്ട പ്രസ്താവനയുടെ പേരിലാണ് എന്നെ പുറത്താക്കിയത്. ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് എന്നോട് മാപ്പ് പറയണമെന്ന് അവർ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഞാൻ മാപ്പ് പറയേണ്ടതെന്നും എന്റെ തെറ്റ് എന്താണെന്നും എനിക്ക് ചോദിക്കാൻ ആഗ്രഹമുണ്ട്,”- ഗുധ പറഞ്ഞു. രാവിലെ സഭ ആരംഭിക്കുന്നതിന് മുൻപ്, നിയമസഭയിൽ ചുവന്ന ഡയറി സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് ഗുധ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഡയറിയിൽ ചില രഹസ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സൈനിക് കല്യാണ് (സ്വതന്ത്ര ചുമതല), ഹോംഗാർഡ്, സിവിൽ ഡിഫൻസ്, പഞ്ചായത്തിരാജ്, ഗ്രാമവികസനം എന്നിവയുടെ സഹമന്ത്രിയായി ചുമതല വഹിച്ച ഗുധയെ ജൂലൈ 21- നാണ് പുറത്താക്കിയത്. സംസ്ഥാനത്തെ ക്രമസമാധാന നിലയും സ്ത്രീ സുരക്ഷയും സംബന്ധിച്ച് സർക്കാരിനെതിരെ വിമ‍ർശനം ഉന്നയിച്ചതിനാണ് നടപടി. രാജസ്ഥാനില്‍ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അക്കാര്യത്തില്‍ സര്‍ക്കാര്‍ ആത്മപരിശോധന നടത്തണമെന്നും പറഞ്ഞിരുന്നു. മണിപ്പുര്‍ വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്ന നമ്മള്‍ ആത്മപരിശോധന നടത്തണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇതിന് പിന്നാലെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണിയില്‍

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം