പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളില്ലെന്ന് കാട്ടി ബ്രിജ് ഭൂഷണെതിരെയുള്ള പോക്‌സോ കേസ് റദ്ദാക്കാന്‍ ഡല്‍ഹി പോലീസ് ശുപാര്‍ശ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ഗുസ്തി താരം സാക്ഷിമാലിക്. ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പ്രായപൂര്‍ത്തിയാകാത്ത താരം മൊഴിമാറ്റിയത് കുടുംബത്തിന് ഭീഷണി നേരിട്ടതു കൊണ്ടാണെന്നു സാക്ഷി ആരോപിച്ചു.
''പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അവളുടെ മൊഴി പിന്‍വലിച്ചത് നിങ്ങള്‍ കണ്ടില്ലേ. അവളുടെ കുടുംബത്തെ ഭയപ്പെടുത്തിയാണ് അത് ചെയ്യിച്ചത്. ഈ ഗുസ്തിക്കാര്‍ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ശക്തനായ ഒരാളെ നേരിടാന്‍ ധൈര്യം സംഭരിക്കുന്നത് എളുപ്പമല്ല, ''സാക്ഷി പറഞ്ഞു. തങ്ങളുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമല്ലെന്നും ഗുസ്തി താരങ്ങളെല്ലാം ഒരുമിക്കാത്തതിനാല്‍ വര്‍ഷങ്ങളോളം നിശബ്ദരായിരിക്കേണ്ടി വന്നുവെന്നും വീഡിയോ സന്ദേശത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.
സാക്ഷി മാലിക്കിന്റെ ഭര്‍ത്താവ് സത്യവര്‍ത് കാഡിയനും വീഡിയോയില്‍ താരത്തിനൊപ്പ സംസാരിച്ചു. തങ്ങളെക്കുറിച്ച് തെറ്റായ പലകാര്യങ്ങളും പ്രചരിക്കുന്നുണ്ടെന്ന് സത്യവര്‍ത് പറഞ്ഞു. 'ഞങ്ങളുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ഞാന്‍ വ്യക്തമാക്കട്ടെ. ഞങ്ങളുടെ പ്രതിഷേധം കോണ്‍ഗ്രസിന്റെ പിന്തുണയോടെയല്ല. 90 ശതമാനത്തിലധികം ആളുകള്‍ക്കും കഴിഞ്ഞ 10-12 വര്‍ഷമായി ഇവിടെ പീഡനവും ഭീഷണിയും നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അതില്‍ തന്നെ കുറച്ച് ആളുകള്‍ക്ക് അവരുടെ ശബ്ദം ഉയര്‍ത്താന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഗുസ്തിക്കാര്‍ക്കിടയിലെ സാഹോദര്യം അന്ന് ഒന്നിച്ചില്ല. ഞങ്ങളുടെ പോരാട്ടം സര്‍ക്കാരിനെതിരെയല്ല, ഡബ്ല്യുഎഫ്ഐ മേധാവിക്കെതിരെയാണ്,'' സത്യവര്‍ത് പറഞ്ഞു.
മെയ് 28 ന് നേരിട്ട പോലീസ് അതിക്രമം തങ്ങളെ തകര്‍ത്തുകളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മഹിളാ സമ്മാന്‍ മഹാപഞ്ചായത്തിനായുള്ള ആഹ്വാനം നടത്തിയത് ഖാപ്പ് നേതാക്കളായിരുന്നുവെന്നും തങ്ങള്‍ അവരുടെ ഉത്തരവ് പാലിച്ചതുകൊണ്ടാണ് പോലീസ് ക്രൂരത നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''നമുക്കിടയില്‍ ഐക്യമില്ലാതായാല്‍ സിസ്റ്റം അത് പ്രയോജനപ്പെടുത്തും. ഏതെങ്കിലും തരത്തിലുള്ള അനീതി നിങ്ങള്‍ നേരിടുകയാണെങ്കില്‍ ശബ്ദമുയര്‍ത്തുകയും ഐക്യത്തോടെ നിലകൊള്ളുകയും ചെയ്യുക,'' -11 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാനത്തില്‍ സത്യവര്‍ത് കാഡിയാന്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കമുള്ള വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് സാക്ഷി മാലിക്കും ഇന്ത്യയിലെ മറ്റ് പ്രമുഖ ഗുസ്തിക്കാരും ആവശ്യപ്പെട്ടിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കും സമരത്തിനുമൊടുവില്‍ സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് ഗുസ്തിക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ ബ്രിജ് ഭൂഷണിനെതിരെ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോക്‌സോ കേസ് റദ്ദാക്കാനുള്ള അപേക്ഷയും പോലീസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി സാക്ഷി മാലിക് എത്തിയത്.