ഹിന്ദി സിനിമ താരം സല്‍മാന്‍ഖാന്‍ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന വധഭീഷണികളെ കുറിച്ചും അത് ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചം ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ്. താന്‍ എല്ലാ ഇടത്തും സുരക്ഷാ ഉദ്യോഗസ്ഥരുമായിട്ടാണ് പോകുന്നതെന്നും നമ്മള്‍ എന്ത് ചെയ്താലും സംഭവിക്കാന്‍ ഉള്ളത് സംഭവിക്കുമെന്ന് തനിക്കാറിയാമെന്നും ദൈവം കൂടെയുണ്ടെന്നും സല്‍മാന്‍ പറയുന്നു.
പഞ്ചാബ് ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷനോയി സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. ദേശീയ മാധ്യമത്തിലെ ഒരു അഭിമുഖത്തിലാണിപ്പോള്‍ സല്‍മാന്‍ ഖാന്‍ ഭീഷണിയെ കുറിച്ച് ആദ്യമായി പ്രതികരിക്കുന്നത്.
സല്‍മാന്‍ഖാന്റെ വാക്കുകള്‍ ഇങ്ങനെ-
അരക്ഷിതാവസ്ഥയേക്കാള്‍ നല്ലത് സുരക്ഷയാണ്. സെക്യൂരിറ്റി ഇപ്പോഴും ഉണ്ടെന്നത് സത്യമാണ്. ഇപ്പോള്‍ റോഡിലൂടെ ഒരു സൈക്കിള്‍ ഓടിക്കാനോ എവിടെയെങ്കിലും ഒറ്റയ്ക്ക് പോകാനോ സാധിക്കില്ല. അതിലുപരി, എനിക്കിപ്പോള്‍ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. റോഡില്‍ എനിക്ക് ചുറ്റുമായി ധാരാളം സെക്യൂരിറ്റി വാഹനങ്ങള്‍ ഉണ്ടായിരിക്കും, അത് മറ്റുള്ളവര്‍ക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നുണ്ട്. അവര്‍ എന്നെ വല്ലാതെ നോക്കുകയും ചെയ്യും. പിന്നെ എന്റെ പാവം ആരാധകര്‍. എനിക്ക് ഗുരുതരമായ ഭീഷണിയുണ്ട്, അതിനാലാണ് സുരക്ഷയുള്ളത്.
എന്നോട് പറയുന്നതാണ് ഞാന്‍ ചെയ്യുന്നത്. 'കിസി കാ ഭായ് കിസി കി ജാന്‍' എന്ന ചിത്രത്തില്‍ ഒരു ഡയലോഡുണ്ട്- അവര്‍ക്ക് 100 തവണയെങ്കിലും ഭാഗ്യമുണ്ടായിരിക്കണം, എനിക്ക് ഒരിക്കലെങ്കിലും ഭാഗ്യമുണ്ടായിരിക്കണം. അത് കൊണ്ട് ഞാന്‍ വളരെയധികം സൂക്ഷിക്കേണ്ടതായുണ്ട്.
ഞാന്‍ എല്ലായിടത്തും പോകുന്നത് മുഴുവന്‍ സുരക്ഷയോടും കൂടിയാണ്. നമ്മള്‍ എന്ത് ചെയ്താലും നടക്കാന്‍ ഉള്ളത് നടക്കും എന്ന് എനിക്കറിയാം. ദൈവം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ അര്‍ത്ഥം ഞാന്‍ ഒറ്റയ്ക്ക് കറങ്ങി നടക്കുമെന്നല്ല. എനിക്ക് ചുറ്റും വലിയ സുരക്ഷയുണ്ട്, ധാരാളം തോക്കുകളുണ്ട്, ഈ ദിവസങ്ങളില്‍ എനിക്ക് എന്നെതന്നെ പേടിയാണ്.
ലോറന്‍സ് ബിഷ്‌നോയിയുടെ ഭീഷണിയ്ക്ക് പിന്നാലെ സല്‍മാന്‍ ഖാന്റെ പേഴ്‌സണല്‍ സെക്രട്ടറിയ്ക്ക് ഒരു ഭീഷണി ഈ-മെയില്‍ സന്ദേശം ലഭിച്ചിരുന്നു. കത്തില്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ ഗതിയായിരിക്കും നിങ്ങള്‍ക്ക് എന്ന് പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ബാന്ദ്ര പോലീസ് കേസ് എടുത്തു. മാര്‍ച്ച് 26ന് രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ലൂനി നിവാസിയായ ധാക്കഡ് റാം എന്നയാളെ സല്‍മാന് ഭീഷണി സന്ദേശം അയച്ചതിന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ലൂനി പോലീസും മുംബൈ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്.
പിന്നീട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സല്‍മാനെ കൊല്ലുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍10 നാണ് മുംബൈ പോലീസ് കണ്ട്രോള് റൂമിലേക്ക് ഭീഷണി കോൾ വന്നത്. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ താന്‍ ഒരു ഗോരക്ഷകനാണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. ഏപ്രില് 30ന് സല്‍മാന്‍ ഖാനെ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി.
അറസ്റ്റിന് ശേഷം വിളിച്ചയാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് മുംബൈ പോലീസ് വെളിപ്പെടുത്തി. ഇപ്പോള്‍, ഈ വിളി ഗൗരവമായി എടുക്കണമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി എന്തിനാണ് ഇങ്ങനെ പെരുമാറിയതെന്ന് അന്വേഷിക്കുകയാണെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.
വധഭീഷണിയെ തുടർന്ന് സൽമാൻ ഖാന്റെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് മുംബൈ പോലീസ്.