കോടതി ഉത്തരവനുസരിച്ച് സംഭാലിലെ മസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംര്‍ഷത്തിലും വെടിവയ്പ്പിലും മരണം നാലായി. 20 പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് സംഭാല്‍ താലൂക്കില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു, 12-ാം ക്ലാസ് വരെയുള്ള വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
1529-ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ഈ സ്ഥലത്ത് നിലനിന്നിരുന്ന ക്ഷേത്രം തകര്‍ത്തുവെന്നാണ് ഹിന്ദു പക്ഷത്തിന്റെ ആരോപണം. മുഗള്‍ ഭരണാധികാരി ബാബര്‍ 1529-ല്‍ ഹരിഹര്‍ മന്ദിര്‍ തകര്‍ത്ത് ജുമാ മസ്ജിദ് പണികഴിപ്പിച്ചെന്ന് ആരോപിച്ച ഹിന്ദു സംഘടനകള്‍നവംബര്‍ 19-ന് സംഭാലിലെ പ്രാദേശിക കോടതിയെ സമീപിച്ചു. സിവില്‍ ജഡ്ജി ആദിത്യ സിംഗ് സര്‍വേ നടത്താന്‍ ഉത്തരവിട്ടു, റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി നവംബര്‍ 29 ആയി നിശ്ചയിച്ചു. സര്‍വേ നടപടികള്‍ക്കായി എത്തിയവരെ കല്ലെറിഞ്ഞ് ഓടിക്കാന്‍ ജനക്കൂട്ടം ശ്രമിച്ചതോടെ പൊലീസ് ഇടപെടുകയും വന്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സര്‍വേ തടയാന്‍ എത്തിയ യുവാക്കളാണ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാവിലെ ഷാഹി ജുമാമസ്ജിദിന് സമീപം തടിച്ചുകൂടിയ വലിയൊരു സംഘം ആളുകള്‍ സര്‍വേ സംഘം ജോലി ആരംഭിച്ചതോടെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. പ്രതിഷേധക്കാര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ഷാഹി ജുമാ മസ്ജിദിന് മുന്നിലും പോലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞതോടെ ഇടുങ്ങിയ ഇടവഴിയില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും പിന്നീട് വെടിവയ്ക്കുകയുമായിരുന്നു. ജനക്കൂട്ടത്തെ പ്രകോപിപ്പിച്ച ആളുകളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.