INDIA

രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമപരമല്ല; ഹര്‍ജികള്‍ തള്ളി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്

വെബ് ഡെസ്ക്

സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽനിന്ന് ഭിന്ന വിധി. നാല് വിധിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കോടതിക്ക് നിയമമുണ്ടാക്കാന്‍ സാധിക്കില്ലെന്നും നിയമത്തെ നിര്‍വചിക്കാനും പിന്തുടരാനും മാത്രമേ സാധിക്കൂയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സ്വവര്‍ഗ ലൈംഗികതയെന്നത് വരേണ്യവര്‍ഗത്തിന്റേത് മാത്രമല്ല, എല്ലാതലത്തിലുള്ളവര്‍ക്കും ബാധകമായ ഒന്നാണ്. സ്പെഷ്യല്‍ മാരേജ് ആക്ടിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നും സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹര്‍ജികളില്‍ വിധി പറയവേ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് നാല് പ്രത്യേക വിധികൾ പുറപ്പെടുവിച്ചത്. ചില കാര്യങ്ങളിൽ ബെഞ്ചിന് യോജിപ്പാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സ്‌പെഷ്യൽ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും തുല്യതയില്ലാത്ത കാലത്തേക്ക് രാജ്യത്തെ കൊണ്ടുപോകാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്‌പെഷ്യൽ മാരേജ് ആക്ടിൽ മാറ്റം വേണോയെന്ന് പാർലമെന്റിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. പാർലമെന്റിന്റെ അധികാര പരിധിയിലേക്ക് കടന്നുകയറാതിരിക്കാൻ കോടതി ശ്രദ്ധിക്കുമെന്നും കോടതി വ്യക്തമാക്കി.

നഗരത്തിലെ വരേണ്യവർഗത്തിന്റെ അജണ്ട മാത്രമാണ് സ്വവർഗ ബന്ധമെന്ന് പറയാനാവില്ലെന്നും ഗ്രാമത്തിലെ സാധാരണക്കാരിയായ കർഷക സ്ത്രീക്ക് പോലും തന്റെ ക്വിയർ വ്യക്തിത്വം തോന്നാമെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് 1954, ഹിന്ദു മാര്യേജ് ആക്ട് 1955, ഫോറിന്‍ മാര്യേജ് ആക്ട് 1969 എന്നിവയുടെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് വിവിധ സ്വവര്‍ഗ ദമ്പതികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, എല്‍ജിബിടിക്യുഐഎ+ ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ സമര്‍പ്പിച്ച ഇരുപത് ഹര്‍ജികളാണ് ബെഞ്ച് വിധി പറയുന്നത്.

വ്യത്യസ്ത മതങ്ങളുടെ വ്യക്തിനിയമങ്ങളിലേക്ക് കടക്കാതെ, സ്വവര്‍ഗ വിവാഹത്തിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നിയമാനുമതി നല്‍കാനാകുമോയെന്നാണ് കോടതി പ്രധാനമായും പരിശോധിച്ചത്. ഇതിന് പുറമെ സ്വവര്‍ഗ വിവാഹത്തിന്റെ ഭരണഘടനാ സാധുത, വിദേശ വിവാഹ നിയമങ്ങള്‍ എന്നിവയും കോടതി പരിഗണിച്ചു.

35 രാജ്യങ്ങളാണ് നിലവില്‍ ലോകത്ത് സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കിയിട്ടുള്ളത്. വിവാഹമെന്ന നിയമപരമായ അംഗീകാരം, ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനുള്ള അനുമതി, പങ്കാളിയെ നോമിനിയായി ചേര്‍ക്കല്‍ തുടങ്ങിയ നടപടികളില്‍ പാര്‍ലമെന്റ് തീരുമാനിക്കേണ്ട കാര്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഹര്‍ജിയെ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ബെഞ്ചിനെ അറിയിച്ചു.

എന്നാല്‍ സ്വവര്‍ഗ വിവാഹം സംബന്ധിച്ച് പാര്‍ലമെന്റ് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഊഹിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്താന്‍ തങ്ങള്‍ക്കാവില്ലെന്ന് വാദത്തിനിടെ കോടതി വാക്കാല്‍ നിരീക്ഷിച്ചു.

സ്പെഷ്യല്‍ മാരേജ് ആക്റ്റിലെ 'ഭര്‍ത്താവ്', 'ഭാര്യ' എന്നീ വാക്കുകള്‍ ലിംഗഭേദമില്ലാതെ 'ഇണ' അല്ലെങ്കില്‍ ' വ്യക്തി' എന്നാക്കണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. 1954 ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് നടപ്പാക്കിയപ്പോള്‍ സ്വവര്‍ഗ ദമ്പതികളെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ പാര്‍ലമെന്റ് ഒരിക്കലും ചിന്തിച്ചില്ലെന്ന വാദത്തെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ഇത്തരം വാദങ്ങള്‍ ദത്തെടുക്കല്‍, പരിപാലനം, വാടക ഗര്‍ഭധാരണം, പിന്തുടര്‍ച്ചാവകാശം, വിവാഹമോചനം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന മറ്റ് നിയമനിര്‍മ്മാണങ്ങളെ തടസ്സപ്പെടുത്തുമെന്നും കേന്ദ്രം പറഞ്ഞു.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കാന്‍ അനുവദിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചപ്പോള്‍ ഡല്‍ഹി കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ഹര്‍ജികളെയും സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്തു.

ഇന്ത്യന്‍ സംസ്‌കാരത്തിന് ഉള്‍ക്കൊള്ളാനുള്ള ഒരു നീണ്ട ചരിത്രമുണ്ടെന്നും ബ്രിട്ടീഷ് വിക്ടോറിയന്‍ ധാര്‍മ്മികത ക്വിയര്‍ വ്യക്തികളെ ഒഴിവാക്കുന്നതിനെ സ്വാധീനിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കുന്നതിനിടെ നിരീക്ഷിച്ചു. ഇന്ത്യന്‍ സംസ്‌കാരം അന്തര്‍ലീനവും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണെന്നും 19-ാം നൂറ്റാണ്ടില്‍ വിക്ടോറിയന്‍ സദാചാരം അടിച്ചേല്‍പ്പിക്കപ്പെട്ടത് ഇന്ത്യയില്‍ സ്വവര്‍ഗരതിയെ ക്രിമിനല്‍വല്‍ക്കരിക്കുന്നതിലേക്ക് നയിച്ചുവെന്നും കോടതി പറഞ്ഞു.

സ്വവര്‍ഗ വിവാഹ വിഷയം നിയമനിര്‍മ്മാണ സഭയ്ക്ക് വിടണമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങളുടെ ഇഷ്ടം യഥാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്ന നിയമനിര്‍മ്മാണ സഭയാണ് ഇത്തരം സെന്‍സിറ്റീവ് വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏറ്റവും അനുയോജ്യമെന്നും ബി സി ഐ പറഞ്ഞു. 99.9 % ആളുകളും സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നതായും ബാര്‍കൗണ്‍സില്‍ പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ രോഹത്ഗി, ഡോ. അഭിഷേക് മനു സിങ്വി, രാജു രാമചന്ദ്രന്‍ കെ.വി. വിശ്വനാഥന്‍, ഡോ. മേനക ഗുരുസ്വാമി, ജയ്ന കോത്താരി, സൗരഭ് കിര്‍പാല്‍, ആനന്ദ് ഗ്രോവര്‍, ഗീത ലൂത്ര, അഭിഭാഷകരായ അരുന്ധതി കട്ജു, വൃന്ദ ഗ്രോവര്‍, കരുണാനാഥ്, മനുര്‍ ശ്രീഗു നൂണ്ടി തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഹര്‍ജികളെ എതിര്‍ത്ത് മധ്യപ്രദേശിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അരവിന്ദ് ദത്തര്‍ എന്നിവരും ഹര്‍ജികളെ എതിര്‍ത്ത് വാദിച്ചു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി