സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് വിവിധ ഹൈക്കോടതികളിൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്ന ഹര്‍ജികളെല്ലാം ഇനി സുപ്രീംകോടതി പരിഗണിക്കും. ഗുജറാത്ത് , ഡല്‍ഹി കേരളാ ഹൈക്കോടതികളിലേത് ഉള്‍പ്പെടെയുള്ള ഹര്‍ജികളാകും ഇനി സുപ്രീംകോടതി ഒന്നിച്ച് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. വിഷയത്തില്‍ ഫെബ്രുവരി 15നകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ഹൈക്കോടതികളില്‍ ഹര്‍ജി നല്‍കിയവരുടെ അഭിഭാഷകര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമാകാം. എല്ലാ കക്ഷികളും രേഖകള്‍ ഫയൽ ചെയ്ത ശേഷം മാർച്ച് 13ന് ഹര്‍ജികള്‍ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
എല്ലാ ഹര്‍ജികളുടേയും വിശദാംശങ്ങള്‍ ഉൾക്കൊള്ളിച്ചാകണം സത്യവാങ്മൂലം സമര്‍പ്പിക്കാനെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അഭിഭാഷക അരുന്ധതി കട്ജുവിനെ പരാതിക്കാരുടെ നോഡൽ കൗൺസലായും അഡ്വക്കേറ്റ് കനു അഗർവാളിനെ കേന്ദ്ര സർക്കാരിന്റെ നോഡൽ കൗൺസലായും നിയമിച്ചു.
ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനുള്ള അവകാശം LGBTQIA+ വ്യക്തികള്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹർജികളാകും കോടതി പരിഗണിക്കുക. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കാത്തത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നു.