ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഷാരൂഖ് ഖാന്‍ നിരന്തരം തനിക്ക് മെസ്സേജുകള്‍ അയച്ചിരുന്നുവെന്ന് ആരോപിച്ച് മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ. ഇതു സംബന്ധിച്ച തെളിവുകൾ ബോംബെ ഹൈക്കോടതിയിൽ സമീർ വാങ്കഡെ ഹാജരാക്കി. അതേസമയം, ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ നടപടിയെടുക്കാനൊരുങ്ങി സിബിഐസി. വാങ്കഡെയ്ക്കെതിരെ സിബിഐസി വകുപ്പുതല നടപടികൾ ആരംഭിക്കും.
''അവനെ ആ ജയിലിൽ കിടത്തരുതെന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ തകര്‍ന്ന് പോകും. ഇപ്പോള്‍ തന്നെ അവൻ ഏറെ അനുഭവിച്ചുവെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാം. എന്റെ കുട്ടിയെ പുതിയൊരാളാക്കുമെന്നും പൂർണമായി തകർന്ന് പുറത്തുവരാൻ കാരണമാകുന്ന ഒരു സ്ഥലത്ത് നിർത്തില്ലെന്നും നിങ്ങൾ വാഗ്ദാനം ചെയ്തു. അത് അവന്റെ കുറ്റമല്ല'' - ഷാരൂഖ് നടത്തിയ ചാറ്റ് എന്ന പേരില്‍ വാങ്കഡെ സമര്‍പ്പിച്ച സന്ദേശത്തില്‍ പറയുന്നു. തന്നോടും കുടുംബത്തോടും ദയവുണ്ടാകണമെന്നും എന്റെ ഒരു കൊടും കുറ്റവാളിയെപ്പോലെ ജയിലിൽ കിടക്കാൻ അർഹനല്ലെന്ന് നിങ്ങൾക്കും അറിയാവുന്നതല്ലെയെന്നും സന്ദേശത്തിൽ പറയുന്നു. "Love srk" എന്ന് പറഞ്ഞാണ് സന്ദേശങ്ങൾ അവസാനിക്കുന്നത്. അതേസമയം ചാറ്റുകൾ ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഷാരൂഖ് ഖാന്റെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
അതേസമയം അഴിമതി, ദുരുപയോഗം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കുറ്റങ്ങളാണ് വാങ്കഡെയ്ക്കെതിരായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ വിജിലൻസ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഡ്രഗ്സ് ഓൺ ക്രൂയിസ് കേസിൽ ആര്യൻ ഖാനെ മോചിപ്പിക്കുന്നതിന് പകരമായി നടൻ ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് വാങ്കഡെയ്ക്കെതിരെ ആരോപണം. ആര്യൻ ഖാനെതിരായ മയക്കുമരുന്ന് ആരോപണത്തിന് പിന്നാലെ നടന്ന വിജിലൻസ് അന്വേഷണത്തെത്തുടർന്ന് എൻസിബിയിൽ നിന്ന് വാങ്കഡെയെ പുറത്താക്കിയിരുന്നു. തനിക്കെതിരായ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീര്‍ വാങ്കഡെ കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐയുടെ നിര്‍ബന്ധിത നടപടിയില്‍ നിന്നും സംരക്ഷണം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
2021 ഒക്ടോബര്‍ 2 നാണ് മുംബൈയില്‍ നിന്നും ഗോവയ്ക്ക് പുറപ്പെടുന്ന കോര്‍ഡെലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നിന്ന് ആര്യന്‍ ഖാന്‍ പിടിയിലാകുന്നത്. സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍സിബി സംഘമായിരുന്നു ആര്യനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെയാണ് ആര്യനെ കുടുക്കാതിരിക്കാന്‍ ഷാരൂഖ് ഖാനോട് വാങ്കഡെ പണമാവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതും ഇയാള്‍ക്കെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതും.