INDIA

സാംസങ് തൊഴിലാളി സമരം: പോലീസ് നടപടിയില്‍ വെട്ടിലായി ഡിഎംകെ, സഖ്യകക്ഷികളില്‍നിന്ന് സമ്മർദം; വ്യവസായ സൗഹൃദ മുഖം കാക്കാനാകുമോ സ്റ്റാലിന്?

സിഐടിയുവിന്റെ ഇടപെടലിനെ പൂർണമായി തള്ളുന്ന നിലപാടാണ് ഇതുവരെ സാംസങ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്

വെബ് ഡെസ്ക്

തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള സാംസങ് ഫാക്ടറികളില്‍ തൊഴിലാളികള്‍ നടത്തുന്ന സമരം രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. മികച്ച തൊഴിലന്തരീക്ഷം, മെച്ചപ്പെട്ട ശമ്പളം, എട്ട് മണിക്കൂർ തൊഴില്‍ സമയം, സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസിന് (സിഐടിയു) അംഗീകാരം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം. തൊഴിലാളി സമരത്തിന് പരിഹാരം കാണാൻ സാധിക്കാതെ പോകുന്നതും കഴിഞ്ഞ ദിവസമുണ്ടായ പോലീസ് നടപടിയും ദ്രാവിഡ മുന്നേറ്റ കഴകം നയിക്കുന്ന ഭരണമുന്നണിയിലും വിള്ളല്‍ വീഴുന്നതായാണ് റിപ്പോർട്ടുകള്‍.

സമരത്തിന്റെ ഭാഗമായ 11 യൂണിയൻ നേതാക്കളെയാണ് തമിഴ്നാട് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. സമരപന്തലുകള്‍ പോലീസുകർ തകർത്തെന്നും ആരോപണമുണ്ട്. ഡിഎംകെയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, സിപിഐ (എം), സിപിഐ, എംഡിഎംകെ, വിസികെ തുടങ്ങിയ പാർട്ടികളുടെ ഉന്നത നേതാക്കള്‍ സമരപന്തല്‍ സന്ദർശിക്കാനിരിക്കെയായിരുന്നു പോലീസ് നടപടി.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യവസായ സൗഹൃദ അന്തരീക്ഷം തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്നെന്ന മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അവകാശവാദത്തിന് കനത്ത തിരിച്ചടികൂടിയാകുകയാണ് സമരം. അന്താരാഷ്ട്ര നിക്ഷേപം ആകർഷിക്കുന്നതിനായി സ്റ്റാലിൻ അമേരിക്കൻ പര്യടനം നടത്തുന്നതിനിടെയായിരുന്നു സെപ്റ്റംബറില്‍ സാംസങ്ങിലെ തൊഴിലാളി സമരം ആരംഭിക്കുന്നത്. തൊഴിലാളി സമരം അവഗണിച്ചുകൊണ്ടുള്ള സ്റ്റാലിൻ സർക്കാരിന്റെ നയങ്ങളില്‍ സിഐടിയുവും സിപിഐഎമ്മും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സമരത്തിന്റെ നേതൃനിരയിലുള്ള സഖ്യകക്ഷികളേയും സാംസങ്ങിനേയും ഒരുപോലെ ബാലൻസ് ചെയ്യാൻ സ്റ്റാലിൻ സർക്കാരിന് സാധിക്കുമോയെന്നതാണ് ചോദ്യം.

സിഐടിയുവിന്റെ ഇടപെടലിനെ പൂർണമായി തള്ളുന്ന നിലപാടാണ് ഇതുവരെ സാംസങ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂലൈയിലാണ് സാംസങ്ങിന്റെ സിയോളിലെ പ്ലാന്റിലും സമാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമരം നടന്നത്. സിയോളില്‍ 6,500 തൊഴിലാളികളായിരുന്നു കമ്പനിക്കെതിരെ സമരത്തിനിറങ്ങിയത്. ഉത്തര കൊറിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി സമരത്തിന് പിന്നിലുണ്ടെന്ന സൂചനകള്‍ അന്ന് പുറത്തുവന്നിരുന്നു. ഇതോടെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഇടപെടലോടെ നടക്കുന്ന സമരങ്ങളില്‍ ജാഗ്രതയോടെ ഇടപെടാൻ സാംസങ് തീരുമാനിച്ചത്.

തമിഴ്‌നാട്ടിലും നിലപാട് ആവർത്തിക്കാനാണ് സാംസങ് ഒരുങ്ങുന്നത്. തൊഴിലാളികളൊട് നേരിട്ട് ചർച്ച ചെയ്യാമെന്നും തൊഴിലാളികളല്ലാത്ത നേതാക്കളുമായി ആശയവിനിമയത്തിന് തയാറല്ലെന്നുമാണ് സാംസങ് പറയുന്നത്. 2007ലാണ് സാംസങ് പ്ലാന്റ് ആരംഭിക്കുന്നത്. ഇതുവരെ തൊഴിലാളി പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സാംസങ്ങിന്റെ വാദം. നിലവിലെ സമരം മറ്റ് പ്ലാന്റുകളിലേക്കും വ്യാപിക്കുമോയെന്ന ആശങ്കയും സാംസങ്ങിനുണ്ട്.

ട്രേഡ് യൂണിയൻ രജിസ്റ്റർ ചെയ്യാനുള്ള നീക്കം തമിഴ്‌നാട് സർക്കാർ തടഞ്ഞതോടെ സിഐടിയു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് മുതിർന്ന മന്ത്രിമാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചർച്ച നടന്നെന്നും സാംസങ് വേതനം വർധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയെന്നുമാണ് റിപ്പോർട്ടുകള്‍. തൊഴിലാളികളുടെ സമിതിയും സാംസങ്ങും സമവായത്തിലെത്തിയെന്നും പറയപ്പെടുന്നു.

എന്നാല്‍, സമരത്തിന്റെ ഭാഗമല്ലാത്ത തൊഴിലാളികളാണ് സാംസങ്ങിന്റെ നിർദേശങ്ങള്‍ അംഗീകരിച്ചതെന്നാണ് സിഐടിയു പ്രസിഡന്റ് എ സുന്ദരരാജൻ പറയുന്നത്. യൂണിയന് അംഗീകാരം നല്‍കുക എന്ന സുപ്രധാന ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് സിഐടിയുവിന്റെ നിലപാട്.

കസ്റ്റഡിയിലെടുത്ത നേതാക്കളെ സിപിഐ, സിപിഐഎം നേതാക്കള്‍ സന്ദർശിച്ചിരുന്നു. ഡിഎംകെയുടെ ഇടപെടല്‍ വേഗത്തിലുണ്ടാകണമെന്ന് പാർട്ടിക്കുള്ളില്‍നിന്നുതന്നെ ആവശ്യമുയരുന്നുണ്ട്. തൊഴിലാളികളോടല്ല, സർക്കാർ സാംസങ്ങിനോടാണ് സംസാരിക്കുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇതോടെ, സമരം കൂടുതല്‍ ശക്തമാക്കാൻ ഒരുങ്ങുകയാണ് സിഐടിയു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം