അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ വീണ്ടും ഖലിസ്ഥാനികളുടെ ആക്രമണം. എംബസി കെട്ടിടത്തിൽ ഖലിസ്ഥാനികൾ തീവച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു തീവയ്പ്പും ആക്രമണവും. പ്രാദേശിക സമയം പുലർച്ചെ 1.30നും 2.30നുമിടയിൽ കോൺസുലേറ്റിന് നേരെ ആക്രമണം നടക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അഗ്നിശമന സേന ഉടൻതന്നെ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. ഖലിസ്ഥാനികൾ തന്നെയാണ് കോൺസുലേറ്റിന് തീവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അക്രമികൾ ആരെന്ന് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ആക്രമണത്തെ അമേരിക്ക അപലപിച്ചു. നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെയുള്ള ഇത്തരം നടപടികൾ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാകില്ലെന്നും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. മാർച്ചിൽ ഖലിസ്ഥാൻ അനുകൂലികൾ കോൺസുലേറ്റ് ആക്രമിച്ചിരുന്നു. ഖലിസ്ഥാൻ പതാകയേന്തിയ ഒരുസംഘം അക്രമികൾ വാതിലുകൾ തകർത്ത് അകത്ത് കയറി ആക്രമണം നടത്തിയിരുന്നു. ഖലിസ്ഥാൻ പതാകകൾ കോൺസുലേറ്റിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം മറികടന്നായിരുന്നു അന്നത്തെ ആക്രമണം. ബ്രിട്ടനിലും ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണമുണ്ടായിരുന്നു. കാനഡയിലും ഖലിസ്ഥാനികൾ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
കാനഡ, അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളോട് ഖലിസ്ഥാനികൾക്ക് ഇടം നൽകരുതെന്ന് ആവശ്യപ്പെട്ടതായി കഴിഞ്ഞദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു. ഇത് നയതന്ത്ര ബന്ധത്തെ മോശമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.