ശങ്കർ മിശ്ര 
INDIA

'മൂത്രമൊഴിച്ചത് ഞാനല്ല, പരാതിക്കാരി തന്നെ'; എയര്‍ ഇന്ത്യ വിവാദത്തില്‍ പ്രതിയുടെ വിചിത്ര വാദം

വെബ് ഡെസ്ക്

എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന കേസില്‍ താൻ നിരപരാധിയാണെന്ന് പ്രതി ശങ്കർ മിശ്ര. പരാതിക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ചത് താനല്ലെന്നും, അവര്‍ സ്വയം മൂത്രം ഒഴിച്ചെന്നുമാണ് ഡല്‍ഹി കോടതിയില്‍ ശങ്കര്‍ മിശ്രയുടെ വാദം. പ്രതിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് ഡൽഹി പോലീസ് സമർപ്പിച്ച അപേക്ഷ പരിഗണിക്കവെയായിരുന്നു ഈ വിചിത്ര വാദം. പോലീസിന്റെ കസ്റ്റഡി അപേക്ഷ നിരസിച്ച കോടതി, ശങ്കര്‍ മിശ്രയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബുധനാഴ്ച ശങ്കര്‍ മിശ്രയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ വെറുപ്പുളവാക്കുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സഹയാത്രികയുടെ അഭിമാനത്തെ മുറിവേല്‍പ്പിക്കാനോ ലൈംഗിക ഉദ്ദേശ്യത്തോടെയോയുണ്ടായ പ്രവര്‍ത്തിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതായിരുന്നു ശങ്കര്‍ മിശ്രയുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിച്ചു. പൗരബോധത്തെ ഹനിക്കുന്ന പ്രവര്‍ത്തികള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിയുമായി അടുപ്പമുള്ളവർ തനിക്ക് നിരന്തരം സന്ദേശങ്ങള്‍ അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.

ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് നവംബർ 26ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ശങ്കര്‍ മിശ്ര സഹയാത്രികയുടെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. വിമാനത്തിലെ ക്രൂവിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നതാണ് വിഷയം കൂടുതൽ ഗൗരവതരമാക്കിയത്. പ്രതിയെ പോകാൻ അനുവദിക്കുകയും ചെയ്തു. യാത്രക്കാരി ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് കത്തയച്ചതിന് ശേഷമാണ് എയർ ഇന്ത്യ പോലീസിൽ പരാതി പോലും നല്‍കിയത്.

ജനുവരി 7നാണ് ഡൽഹി പോലീസ് ബെംഗളൂരുവിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. യുഎസ് ആസ്ഥാനമായുള്ള കമ്പനി വെൽസ് ഫാർഗോയിലെ ജീവനക്കാരനായിരുന്ന മിശ്രയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

വിമാനത്തിലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ തന്നെ രംഗത്തെത്തി. എയർ ഇന്ത്യക്ക് വീഴ്ചപറ്റിയെന്ന് മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാൻ എൻ ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാന്‍ വിമാനത്തിൽ മദ്യം വിതരണം ചെയ്യുന്ന രീതിയെ കുറിച്ച് അവലോകനം ചെയ്യുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്